ഒരുമലരിതളാലേ….. തഴുകാന്‍ വേണുഗാനം

Archives
മുപ്പതാണ്ടായി മലയാളികള്‍ വേണുഗോപാലിന്റെ ശാന്തനൊമ്പരഗാനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പ്രണയത്തിലും വിഷാദത്തിലുമൊക്കെ വേണുഗാനത്തെയാണ് ഇക്കാലമത്രയും നമ്മള്‍ കൂട്ടുപിടിച്ചത്. തനിച്ചിരുന്ന് കേള്‍ക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ കാതില്‍ മന്ത്രിക്കുന്ന അനുഭവം പകരുന്നതുകൊണ്ടാകണം ജി വേണുഗോപാലിന്റെ ഗാനങ്ങള്‍ നമ്മള്‍ ആവര്‍ത്തിച്ച് കേള്‍ക്കാന്‍ കൊതിച്ചത്. അത്ര ഹൃദയാര്‍ദ്രമാണ് ആ ഭാവഗാനങ്ങള്‍. ചലച്ചിത്ര പാട്ടുജീവിതത്തില്‍ 30 വര്‍ഷം പിന്നിടുന്ന വേണുഗോപാല്‍ സിനിമയില്‍ സംഗീത സംവിധായകന്റെ പുതിയ വേഷമണിയാനുള്ള ഒരുക്കത്തിലാണ്.“സായാഹ്നം” ഉള്‍പ്പെടെയുള്ള പ്രശസ്ത ചിത്രങ്ങളുടെ സംവിധായകന്‍ ശരത്തിന്റെ “ബുദ്ധന്‍ ചിരിക്കുന്നു” എന്ന ചിത്രത്തില്‍ പ്രഭാവര്‍മ രചിച്ച ഗാനത്തിന് ഈണം പകര്‍ന്നാണ് വേണുഗോപാല്‍ ചലച്ചിത്ര സംഗീതസംവിധായകനായി ആദ്യ ചുവടുവയ്ക്കുന്നത് “”ഒരുമലരിതളാലേ-ഹിമ ജലകണമണിയാലേ പ്രിയമെഴുമഴകേ നിന്‍-തളി രുടലിനിതഴുകാം ഞാന്‍””- എന്നു തുടങ്ങുന്ന വരികള്‍ ഖരഹരപ്രിയ രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. പ്രണയത്തിന്റെ ഋതുഭാവങ്ങളെ വരികളിലെന്നപോലെ സംഗീതത്തിലും അലിയിച്ച് ആസ്വാദക മനസ്സിലേക്ക് ചൊരിഞ്ഞുതരികയാണ് വേണുഗോപാല്‍. മെലഡിയുടെ സാന്ദ്രാനുഭൂതി ആഴത്തില്‍ ഈ ഗാനം പകര്‍ന്നുതരുന്നു. പ്രഭാവര്‍മയുടെ പ്രണയംപെയ്യുന്ന വരികളെ നോവിക്കാതെ സംഗീതംകൊണ്ട് വാക്കുകള്‍ക്കുമേല്‍ നൃത്തംചെയ്യിക്കുന്നു വേണുഗോപാല്‍. ഇതേ രാഗത്തില്‍ പ്രഭാവര്‍മ “നഗരവധു” എന്ന ചിത്രത്തിനുവേണ്ടി എഴുതിയ “പൂന്തേന്‍ നേര്‍മൊഴി, മതിമുഖി, മധുമൊഴി, പാടുക പാടുക നീ” എന്ന ഗാനം വേണുഗോപാല്‍ ആലപിച്ചിട്ടുണ്ട്. എം ജയചന്ദ്രനായിരുന്നു സംഗീതം.30 വര്‍ഷത്തെ വേണുഗോപാലിന്റെ സംഗീത ജീവിതം അത്ര ലളിതമായിരുന്നില്ല. കഠിനപ്രയത്നത്തിന്റെയും അടങ്ങാത്ത ആഗ്രഹത്തിന്റേയും ചൂടുംചൂരുമുണ്ട് ആ യാത്രയ്ക്കു പിന്നില്‍. ലളിതഗാനരംഗത്തും ചലച്ചിത്ര, കാവ്യലോകത്തും വേണുഗോപാലിന്റെ സംഭാവന നിറഞ്ഞുനില്‍ക്കുന്നു. 1984ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്റെ “ഓടരുതമ്മാവാ ആളറിയാം” എന്ന ചിത്രത്തില്‍ “മേരി ഘടി സിന്ദഹീ നഹീ നഹീ….” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് ഗേവണുഗോപാല്‍ ചലച്ചിത്രരംഗത്തെത്തിയത്. ഇതിനകം 300ല്‍ അധികം ചിത്രങ്ങളില്‍ പാടി. ആയിരക്കണക്കിനു ലളിതഗാനങ്ങള്‍ ആകാശവാണിക്കും മറ്റുമായി ആലപിച്ചു. നിരവധി ആല്‍ബങ്ങള്‍ വേറെയും.സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് വേണുഗോപാല്‍ ജനിച്ചത്. അമ്മ സംഗീത അധ്യാപിക കെ സരോജിനിയമ്മ. അമ്മയുടെ സഹോദരിമാരാണ് പ്രശസ്ത സംഗീതജ്ഞരായ പറവൂര്‍ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന പറവൂര്‍ കെ ശാരദാമണിയും കെ രാധാമണിയും. കൂട്ടുകുടുംബത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷമാണ് വേണുഗോപാലിലെ കലാകാരനെ വിളക്കിയെടുത്തത്. ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം കെ അര്‍ജുനന്‍, കെ രാഘവന്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം കുറഞ്ഞകാലത്തിനിടയില്‍ പ്രവര്‍ത്തിക്കാന്‍ ഈ അനുഗൃഹീത കലാകാരന് കഴിഞ്ഞു. 1988, 1990, 2004 വര്‍ഷങ്ങളില്‍ മികച്ച പിന്നണിഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 1999ല്‍ മികച്ച നാടക പിന്നണിഗായകനുള്ള സംസ്ഥാന അവാര്‍ഡും രണ്ടുതവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.കാവ്യഗീതികള്‍, കാവ്യരാഗം തുടങ്ങിയ സിഡികള്‍ പുതിയ തലമുറയെ കവിതയോട് അടുപ്പിക്കുന്നതിന് വലിയ പങ്കുവഹിച്ചു. എന്‍ എന്‍ കക്കാടിന്റെ “സഫലമീയാത്ര”പോലുള്ള കവിതകള്‍ സ്കൂളുകളിലും കോളേജുകളിലും വീണ്ടും ചര്‍ച്ചയാകുന്നതിന് കാവ്യസിഡികള്‍ കാരണമായി. ഈ കാവ്യസമാഹാരങ്ങളിലെ പല കവിതകളും ചലച്ചിത്രഗാനങ്ങളേക്കാള്‍ ഹിറ്റാണ്. ഒ എന്‍ വി, സുഗതകുമാരി, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്… തുടങ്ങിയ കവികളുടെ രചനകളാണ് കാവ്യ ആല്‍ബങ്ങളില്‍ ഉള്‍പ്പെടുത്തിയത്. വേണുഗോപാല്‍തന്നെയാണ് സംഗീതംപകര്‍ന്ന് കവിതകള്‍ ആലപിച്ചത്. 1988 മുതല്‍ 2003 വരെ ആകാശവാണിയുടെ തൃശൂര്‍, തിരുവനന്തപുരം, മദ്രാസ് നിലയങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായി ജോലിചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും സംഗീതത്തില്‍ ശ്രദ്ധചെലുത്തി.രാരീരാരീരം രാരോ, ഉണരുമീഗാനം, ചന്ദനമണിവാതില്‍, മൈനാകപൊന്മുടിയില്‍, പള്ളിത്തേരുണ്ടോ, ഒന്നാംരാഗം പാടീ, ആകാശഗോപുരം, പൂത്താലം വലംകൈയിലേന്തീ, ഏതോ വാര്‍മുകിലിന്‍, താമരനൂലിനാല്‍, കനകമുന്തിരികള്‍, കൈനിറയേ വെണ്ണതരാം… തുടങ്ങി കാലത്തെ അതിജീവിച്ച് ജനഹൃദയങ്ങളില്‍ കൂടുകൂട്ടിയ എത്രയെത്ര വേണുഗാനങ്ങള്‍…ഫ്ളാറ്റ് നമ്പര്‍ 4ബി, സ്നേഹമുള്ളയാള്‍ കൂടെയുള്ളപ്പോള്‍ തുടങ്ങിയവയാണ് വേണുഗോപാല്‍ പാടിയ പുതിയ ചിത്രങ്ങള്‍. സംഗീതയാത്രയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന “ഓര്‍മച്ചെരാതുകള്‍” എന്ന പുസ്തകം ഈയിടെ പുറത്തിറങ്ങി.

 

RELATED NEWS

Leave a Reply