കണ്ണീര്‍ച്ചിരിയുടെ നൂറുവര്‍ഷങ്ങള്‍

Archives

അയഞ്ഞുതൂങ്ങിയ പാകമല്ലാത്ത പാന്റ്‌സ്, ഇറുകിയ കോട്ട്, കാലിനേക്കാള്‍ വലിയ പഴഞ്ചന്‍ ഷൂ, കുടുസ്സുതൊപ്പി, മുറിമീശ, കൈയിലൊരു വടിയും. പാകമല്ലാത്ത വേഷം കാരണം അസ്വസ്ഥമായ നടപ്പ്, കുട്ടിത്തംവിടാത്ത കുസൃതിച്ചിരി, മനസ്സില്‍ ആര്‍ദ്രത: ലോകസിനിമയിലെ എക്കാലത്തെയും പ്രശസ്തമായ ആ കഥാപാത്രത്തെ ഇങ്ങനെ എളുപ്പം വിവരിക്കാം. എന്നാല്‍, തെരുവുതെണ്ടിയുടെ ഈ കോമാളിവേഷത്തിലൂടെ, ആ മഹാനടന്‍ കാട്ടിത്തന്നത് ചിരിയും കരച്ചിലും ഒന്നാവുന്ന നടനവിദ്യയാണ്. തികച്ചും ശൈലീകൃതമായ അഭിനയത്തിന്റെ രാസവിദ്യ. പ്രതിരോധത്തിന്റെ ചലച്ചിത്രപാഠമാണത്. നിശ്ശബ്ദസിനിമയുടെ പ്രതിരൂപമെന്നതിനപ്പുറം പില്‍ക്കാലത്ത് ഈ ‘ട്രാംപ്’ വളര്‍ന്നു.ചാര്‍ളി ചാപ്ലിന്‍ (1889-1977) തിരശ്ശീലയിലെത്തിയിട്ട് ഈ ഫിബ്രവരി രണ്ടിന് ഒരു നൂറ്റാണ്ട് തികയുന്നു. 1914-ലെ ഈ ദിവസമാണ് ചാപ്ലിന്റെ ജീവിതം അക്ഷരാര്‍ഥത്തില്‍ കരുപ്പിടിപ്പിച്ച ‘മേക്കിങ് എ ലിവിങ് ‘ എന്ന ഒറ്ററീല്‍ ചിത്രം റിലീസ് ചെയ്തത്. മാക്ക് സെന്നറ്റിന്റെ ഈ സിനിമയില്‍ ചാപ്ലിന് കിട്ടിയത് ആളെപ്പറ്റിക്കുന്ന ഒരു പൂവാലന്റെ വേഷമാണ്. ആദ്യചിത്രമിറങ്ങി ഒരാഴ്ചയ്ക്കകം ചാപ്ലിന്റെ രണ്ട് സിനിമകള്‍കൂടി പുറത്തുവന്നു. ഒപ്പം വിഖ്യാതമായ ആ തെണ്ടിയുടെ വേഷവും. ലോകംകണ്ട എക്കാലത്തെയും പ്രശസ്തമായ കോസ്റ്റ്യൂം! ഫിബ്രവരി ഏഴിന് പുറത്തുവന്ന ‘കിഡ്‌സ് ഓട്ടോ റേസ് അറ്റ് വെനീസ്’ എന്ന സിനിമയിലാണ് ആ വേഷം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കുട്ടികളുടെ കാര്‍റേസില്‍ കാണിയായ ചാപ്ലിന്‍ ട്രാക്കിലിറങ്ങി സകലര്‍ക്കും ശല്യമാകുന്ന ചെറു നര്‍മചിത്രമാണിത്. എന്നാല്‍, ക്യാമറയ്ക്കുമുന്നില്‍ ആദ്യമായി ആ വേഷം ധരിച്ച ചിത്രം ‘മെയ്ബല്‍സ് സ്‌ട്രേഞ്ച് പ്രഡിക്കമെന്റ്’ പക്ഷേ, രണ്ടുദിവസം കഴിഞ്ഞാണ് റിലീസ് ചെയ്യുന്നത്. ആദ്യവര്‍ഷം മുപ്പത്തിയഞ്ച് ചിത്രങ്ങളിലാണ് ഈ വേഷം പ്രത്യക്ഷപ്പെട്ടത്. അടുത്തവര്‍ഷം ‘ദ ട്രാംപ്’ എന്ന സിനിമകൂടി പുറത്തുവന്നതോടെ ആ തെണ്ടി ലോകപ്രശസ്തനായി. നരകയാതനയുടെ ബാല്യമായിരുന്നു ചാപ്ലിന്റേത്. കൊടുംദാരിദ്ര്യത്തില്‍നിന്ന് അതിസമ്പന്നതയിലേക്കുള്ള വളര്‍ച്ചയുടെ കഥകളില്‍ ഏറ്റവും നാടകീയമായത് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്റേതായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ആശ്ചര്യത്തോടെ പറഞ്ഞിട്ടുണ്ട്. ‘എനിക്ക് മഴയത്ത് നടക്കാനിഷ്ടമാണ്. കാരണം, ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ’ എന്ന ചാപ്ലിന്റെ വാക്യം പ്രശസ്തമാണ്. പട്ടിണികിടന്ന് ഭ്രാന്തുപിടിച്ച ഒരു നടിയായിരുന്നു ചാപ്ലിന്റെ അമ്മ. മുഴുക്കുടിയനായ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോകുമ്പോള്‍ ചാപ്ലിന് രണ്ടുവയസ്സായിട്ടില്ല. ഒന്‍പത് വയസ്സിനുമുമ്പുതന്നെ രണ്ടുതവണ അവന്‍ വര്‍ക്ക്ഹൗസെന്ന അനാഥമന്ദിരത്തില്‍ അന്തേവാസിയായിരുന്നിട്ടുണ്ട്. എല്ലുമുറിയെ ജോലി, കൂലിയില്ല. തിന്നാന്‍ കിട്ടും. സുഖതാമസം! അനാഥര്‍ക്കായുള്ള സ്‌കൂളിലാണ് പഠിച്ചത്. ചെയ്യാത്ത ജോലിയില്ല, പട്ടിണികിടക്കാത്ത ദിവസങ്ങളില്ല. അഞ്ചാംവയസ്സില്‍ ചാപ്ലിന്‍ സ്റ്റേജില്‍ക്കയറി. ചാപ്ലിന് ഒന്‍പത് വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് മനോനില തെറ്റുന്നത്. പിന്നെ അമ്മയെ സംരക്ഷിക്കേണ്ട ബാധ്യതകൂടി അവന്റെയും ചേട്ടന്റെയും തലയിലായി. ജോലിതേടി ചേട്ടന്‍ നാടുവിട്ടു, അമ്മ ഭ്രാന്താസ്പത്രിയിലും. ഒറ്റയ്ക്ക് തെണ്ടിയിട്ടുണ്ട് കുഞ്ഞുചാപ്ലിന്‍, ഏറെനാള്‍. അല്പം മുതിര്‍ന്നപ്പോള്‍ സംഗീതവും നൃത്തവും അഭിനയവുമായി ഊരുചുറ്റാനും തുടങ്ങി. നാടകങ്ങളിലൂടെയും ഹാസ്യകലാപ്രകടനങ്ങളിലൂടെയും പേരെടുത്ത ചാപ്ലിന്‍ പത്തൊമ്പതാം വയസ്സില്‍, അന്നത്തെ പ്രശസ്തമായ ഫ്രെഡ്കാര്‍ണോ കമ്പനിയില്‍ ചേര്‍ന്ന് അമേരിക്കയിലെത്തി.ഒരു കള്ളുകുടിയന്റെ വേഷമാണ് ആ യുവാവിന് ‘ബ്രേക്ക്’ നല്‍കിയത്. ഇരുപത്തിനാലാം വയസ്സില്‍, കാഴ്ചയില്‍ അത്രയും വയസ്സുമതിക്കാത്ത ആ ചെറുപയ്യന്‍ കീസ്റ്റോണ്‍ സ്റ്റുഡിയോവുമായി സിനിമാക്കരാറിലൊപ്പിട്ടു. അഭിനയത്തൊഴില്‍. ആഴ്ചയില്‍ 150 ഡോളര്‍ പ്രതിഫലം. ആദ്യസിനിമയിലെ കോസ്റ്റ്യൂമും അഭിനയവും ചാപ്ലിന് തീരേ തൃപ്തിനല്‍കിയില്ല. അടുത്ത ചിത്രത്തിനായി മേക്കപ്പുമുറിയില്‍ ഇരുന്ന് ചായമിടുമ്പോള്‍ യാദൃച്ഛികമായാണ് ആ വേഷം – തെണ്ടിയുടെ വേഷം – അദ്ദേഹത്തിന്റെ മനസ്സില്‍ കടന്നുവന്നത്. ആ സ്റ്റുഡിയോമുറിയില്‍ ചരിത്രം പിറക്കുകയായിരുന്നു. സിനിമ അതിന്റെ ശൈശവദശയിലാണ് അന്ന്. ഒച്ചവെച്ചുതുടങ്ങിയിട്ടില്ല. പ്രാകൃതമായ വലിയ ക്യാമറകള്‍. എഡിറ്റിങ് വിദ്യകള്‍ വന്നുതുടങ്ങിയതേയുള്ളൂ. പറയാവുന്ന, പറയേണ്ട കാര്യങ്ങളെന്തെന്നും നിശ്ചയം പോരാ. മായക്കാഴ്ചയായി കാണികളെ അമ്പരപ്പിക്കുന്നതില്‍മാത്രം സിനിമ ശ്രദ്ധവെച്ചിരുന്ന കാലം. ചാപ്ലിന്‍ അരങ്ങത്തുവരുന്നത് അക്കാലത്താണ്. പട്ടിണിയും പരിവട്ടവും ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് ചാപ്ലിന്റെ തെണ്ടി വേഷത്തിലൂടെയാണ്. തന്റെതന്നെ കറുത്തബാല്യമാണ് ആ വേഷംകെട്ടാന്‍ ചാപ്ലിന് പ്രേരണയായത്.

 

RELATED NEWS

Leave a Reply