ഗവീ മനോഹരീ

Archives

പത്തനംതിട്ട: നൂറ് കിലോമീറ്ററോളം ദൂരെയുള്ള പ്രദേശത്തേക്ക്, ഉള്‍വനത്തിലെ ഇടുങ്ങിയ റോഡിലൂടെ അറുപത് കിലോമീറ്ററോളം കെ. എസ്. ആര്‍. ടി. സി ബസ് യാത്ര. സംസ്ഥാനത്ത് ഒരു ജില്ലാ ആസ്ഥാനത്തുനിന്ന് ജില്ലയിലെ തന്നെ ഒരു പ്രദേശത്തേക്ക് യാത്രക്കാരുമായി വനത്തിലൂടെ ഇത്രത്തോളം ദീര്‍ഘയാത്ര വേറെയുണ്ടാവില്ല. മരത്തലപ്പുകളെ തൊട്ടുരുമ്മി വനഭംഗി നുകര്‍ന്ന്, നീല ജലാശയം പോലെ നീണ്ടു പരന്നൊഴുകുന്ന ആറുകളില്‍ നിന്ന് കണ്ണെടുക്കാതെ, വന്യമായ സൗന്ദര്യമാസ്വദിച്ചുള്ള ഗവി യാത്ര. വിനോദ സഞ്ചാരികള്‍ക്കായി കാലം പണിഞ്ഞുവച്ച വിരുന്ന് ഓര്‍ഡിനറി എന്നൊരു സിനിമയിലൂടെ ലോകം കണ്ടു. സിനിമ കലര്‍പ്പില്ലാതെ കാണിച്ചു കൊടുത്ത ഗവിയുടെ സൗന്ദര്യം നേരില്‍ കാണാന്‍ മറ്റു വിനോദ കേന്ദ്രങ്ങളെപ്പോലെ സഞ്ചാരികള്‍ക്ക് എപ്പോഴും കഴിയുമോ?.സിനിമ കണ്ടവരില്‍ പലരും അവധിക്കാല വിനോദയാത്ര ഗവിയിലേക്കാക്കിയാല്‍ സംഗതി അത്ര എളുപ്പമല്ല. ഇടയ്ക്കിടെ വിനോദ സഞ്ചാരികളും വനംവകുപ്പുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും അതുകൊണ്ടാണ്. കാര്യമറിയാതെ ഗവിയിലേക്കു വാഹനത്തില്‍ വച്ചുപിടിക്കുന്നവരെ, പത്തനംതിട്ട വഴിയാണെങ്കില്‍ ആങ്ങമൂഴി കഴിഞ്ഞ് വനത്തിലേക്കു കയറുന്നതിനു മുമ്പുള്ള കൊച്ചാണ്ടി (കിളിയറഞ്ഞാംകല്ല്) ചെക്‌പോസ്റ്റില്‍ തടയും.കടുവ മതി കിടുവ വേണ്ടഗവി ഉള്‍പ്പെടുന്ന 148 ചതുരശ്ര കിലോമീറ്റര്‍ വനം സീതത്തോടു പഞ്ചായത്തിലെ കടുവാ സംരക്ഷിത വനപ്രദേശമാണ്. അവിടേക്കു കയറുന്നതിന് വനംവകുപ്പിന്റെ അനുമതി വേണം. പരിശോധനയുമുണ്ട്. സംരക്ഷിത വന പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നതിനും ഭക്ഷണവും പ്ലാസ്റ്റിക് പോലുള്ള സാധനങ്ങളും കൊണ്ടുപോകുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. ഗവി യാത്ര പശ്ചാത്തലമാക്കി ‘ഓര്‍ഡിനറി’ സിനിമ പുറത്തിറങ്ങിയ ശേഷം അന്യ ജില്ലകളില്‍ നിന്ന് ദീര്‍ഘദൂരം യാത്രചെയ്ത് വനമുഖത്ത് എത്തി കയറിപ്പോകാമെന്നു കരുതി ധാരാളം പേര്‍ കഴിഞ്ഞ ആഴ്ചകളില്‍ എത്തിയിരുന്നു. കൊച്ചാണ്ടി ചെക്‌പോസ്റ്റില്‍ വനംവകുപ്പു ഗാര്‍ഡുമാര്‍ സഞ്ചാരികളെ തടഞ്ഞത് സംഘര്‍ഷത്തിനുമിടയാക്കി. സിനിമയിറങ്ങുന്നതിനുമുന്‍പ് ഇങ്ങനെയാരു തിരക്ക് ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാട്ടുമൃഗങ്ങള്‍ സൈ്വരസഞ്ചാരം നടത്തുന്ന കാനന പാതയിലൂടെ വൈകുന്നേരങ്ങളില്‍ വാഹനയാത്ര അനുവദിക്കാറുമില്ല. ഏതായാലും സഞ്ചാരികളുടെ എണ്ണക്കൂടുതല്‍ കണ്ട് ഗവിയിലേക്ക് ഒരു ദിവസം നൂറ് പേര്‍ക്ക് പ്രവേശനം എന്ന രീതിയില്‍ വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 12മണിക്ക് മുന്‍പ് ആദ്യം എത്തുന്ന നൂറ് പേര്‍ക്ക് എന്ന രീതിയിലായിരുന്നു പിന്നീടുള്ള പ്രവേശനം. എന്നിട്ടും കൊച്ചാണ്ടി ചെക്‌പോസ്റ്റില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് വനം വികസന കോര്‍പ്പറേഷന്‍ പുതിയ ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു രീതിയിലുള്ള പാക്കേജില്‍ പകല്‍ മാത്രമുള്ള സന്ദര്‍ശനം, രാത്രി താമസം എന്നിങ്ങനെയാണ്. പത്തനംതിട്ട വഴി പോകുന്നവര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ ആനത്തോടുവരെ മാത്രമേ പ്രവേശനമുളളൂ. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കുമളി വഴിയാണ് സ്വകാര്യവാഹനങ്ങളില്‍ പോകേണ്ടത്.

വശ്യമോഹനം
നിത്യഹരിതയായ ഗവി ആ രണ്ടക്ഷരം പോലെ സുന്ദരിയാണ്. പത്തനംതിട്ടയിലെ മൂഴിയാര്‍ ജല വൈദ്യുതി പദ്ധതിക്കായി കൊടുംകാട്ടിലൂടെ തെളിച്ച പാതയാണ് വശ്യ മോഹനമായ ആ പ്രകൃതി ദൃശ്യത്തെ കാട്ടിത്തന്നത്. ശ്രീലങ്കയില്‍ വംശീയകലാപം രൂക്ഷമായ സമയത്ത് തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്തവരില്‍ ചിലരെ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗവിയില്‍ പുനരവസിപ്പിച്ചു. അവരും തലമുറകളുമാണ് ഇന്നും ഗവിയിലുള്ള താമസക്കാര്‍. അവര്‍ പിന്നീട് ഗവിയിലെ അഭയാര്‍ത്ഥികളായി മാറി. ഇന്നും തമിഴ് സംസാരിക്കുന്ന ശ്രീലങ്കന്‍ സ്വദേശികള്‍ ഗവിയില്‍ താമസിക്കുന്നുണ്ട്.

ഗവി യാത്ര
വണ്ടിപ്പെരിയാര്‍, കുമളി വഴി സ്വകാര്യവാഹനങ്ങള്‍ കടത്തിവിടും. എന്നാല്‍, പത്തനംതിട്ടയില്‍ നിന്നുള്ള കെ. എസ്. ആര്‍. ടി. സി ഓര്‍ഡിനറി ബസ് ആനത്തോട് കഴിഞ്ഞ് എക്കോപോയിന്റ് വഴി നേരെ ഗവിയിലേക്കു പോകും. ആനത്തോട് കഴിഞ്ഞാല്‍ വീതികുറഞ്ഞ ദുര്‍ഘടപാത. മുനയന്‍ പാറകളും കയറ്റിറക്കങ്ങളും വളവുകളും നിറഞ്ഞ റോഡ്. സാഹസികമായ ഈ വനയാത്രയ്ക്കിടെ കാട്ടുമൃഗങ്ങളെ ഭാഗ്യമുണ്ടെങ്കില്‍ വേണ്ടുവോളം കാണാം. മൊബൈല്‍ ഫോണില്‍ ആരെയെങ്കിലും വിളിക്കണമെന്നു വിചാരിച്ചാല്‍ പരിധിക്കു പുറത്താവും. പത്തനംതിട്ടയില്‍ നിന്ന് ആനത്തോട്, എക്കോ പോയിന്റ് വഴി രാവിലെ ആറരയ്ക്കും ഉച്ചയ്ക്കു 12.30നും ഗവിയിലേക്ക് കെ. എസ്. ആര്‍. ടി. സി ഓര്‍ഡിനറി ബസ്സുണ്ട്. 78രൂപയാണ് ടിക്കറ്റ് ചാര്‍ജ്. രാവിലെ പോകുന്ന ബസ് വൈകിട്ട് ആറുമണിയോടെ പത്തനംതിട്ടയില്‍ തിരിച്ചെത്തും. ഓര്‍ഡിനറി സിനിമയില്‍ കണ്ട മനോഹര കഴ്ചകളിലൂടെ ഒരു യാത്ര.

ഗവി ടൂര്‍ പാക്കേജ്
കേരള വനം വകസന കോര്‍പ്പറേഷന്റെ ടൂര്‍ പാക്കേജ് പ്രകാരം തേക്കടിയും ഗവിയും സന്ദര്‍ശിക്കാം. ഒരാള്‍ക്ക് ഭക്ഷണവും താമസവും ഉള്‍പ്പെടെ 2500രൂപയുടേതാണ് പാക്കേജ്. ഒരു സംഘത്തില്‍ കുറഞ്ഞത് രണ്ട് പേര്‍ ഉണ്ടായിരിക്കണം. തേക്കടിയില്‍ വനംവകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിളിച്ച് ബുക്കു ചെയ്യാം. നമ്പര്‍: 04869 224571. അവിടെയെത്തി പണമടച്ചാല്‍ സന്ദര്‍ശന ടിക്കറ്റ് ലഭിക്കും. അതുമായി ഉച്ചയ്ക്ക് മൂന്നുമണിക്ക് മുന്‍പ് വനംവകുപ്പിന്റെ വള്ളക്കടവ് ചെക്‌പോസ്റ്റിലെത്തണം.

ചായയും ഡിന്നറും അവിടെ
രണ്ടുപേര്‍ക്ക് ഒരു ടെന്റ് എന്ന രീതിയിലാണ് താമസ സൗകര്യം. രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വനം വികസന കോര്‍പ്പറേഷന്റെ വാഹനത്തില്‍ ഗവിയിലേക്ക്. സൗന്ദര്യക്കാഴ്ചകള്‍ കണ്ടാല്‍ വനംവകുപ്പിന്റെ വാഹനത്തില്‍ തന്നെ ഉള്‍ക്കാടിലൂടെ പ്രകൃതിയേയും മൃഗങ്ങളെയും കണ്ടൊരു യാത്ര. ഉച്ചയോടെ തിരിച്ച് വള്ളക്കടവില്‍. പിന്നെ തേക്കടിയിലൊരു ബോട്ടിംഗ്. മനസ്സിനെ സ്വച്ഛവും ശാന്തവുമാക്കിയ ഗവിയുടെ പ്രകൃതിഭംഗിക്ക് നന്ദിപറഞ്ഞ് മടക്കയാത്ര.

RELATED NEWS

Leave a Reply