മുടിയഴകു തരും ഹെയര്‍ സ്‌പാ

Beauty

സുന്ദരമായ തലമുടി സ്വപ്‌നം കാണാത്തവരുണ്ടോ? ഹെയര്‍ സ്‌പാ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ നിങ്ങളെ സഹായിക്കും. അതിനിനി ബ്യൂട്ടിപാര്‍ലറിലേക്ക്‌ ഓടണ്ടേ എന്നു വിഷമിക്കേണ്ട. ഇതാ അഴകും ആരോഗ്യവുമുള്ള തലമുടി സ്വന്തമാക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ഹെയര്‍ സ്‌പാ. സ്‌ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വരെ യോജിച്ചതാണ്‌ തികച്ചും പ്രകൃതിദത്തമായ രീതിയിലുള്ള ഹെയര്‍ സ്‌പാ.

ഹെയര്‍ സ്‌പാ പലവിധം

അന്തരീക്ഷത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന്‌ മുക്‌തി നല്‍കി മുടിക്ക്‌ പുതുജീവന്‍നല്‍കാനാണ്‌ ഹെയര്‍ സ്‌പാ ഉപയോഗിക്കുന്നത്‌. പലതരത്തില്‍ ഹെയര്‍സ്‌പാ ഉണ്ട്‌. നിങ്ങള്‍കെമിക്കല്‍ ട്രീറ്റ്‌മെന്റിലൂടെ മുടിയുടെ ഘടന മാറ്റിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഫോര്‍ട്ടിതെറപ്പി ചെയ്യുന്നതാണ്‌ നല്ലത്‌.

വല്ലാതെ വരണ്ട മുടിക്ക്‌ ഹൈഡ്രാതെറപ്പിയോ ഓയില്‍ തെറപ്പിയോ ചെയ്യാം. മുടിക്ക്‌ വേണ്ട പോഷകങ്ങള്‍ നല്‍കുകയും ഡീപ്‌ക്ലെന്‍സ്‌ ചെയ്യുകയും ചെയ്യുന്നതിനാല്‍ മാസത്തിലൊരിക്കല്‍ഹെയര്‍സ്‌പാ ചെയ്യുന്നത്‌ നല്ലതാണ്‌.

ചെയ്യേണ്ട വിധം

1. ഏതെങ്കിലും ആയുര്‍വേദ എണ്ണയോ സ്‌പാ ക്രീമോ കൊണ്ട്‌ പത്തുമിനിറ്റ്‌ ശിരോചര്‍മം നന്നായി മസാജ്‌ ചെയ്യുക. വിരലുകളുടെ അറ്റമുപയോഗിച്ച്‌ വൃത്താകൃതിയില്‍ വേണം മസാജ്‌ ചെയ്യാന്‍.
2. ഷവര്‍ക്യാപ്‌ കൊണ്ട്‌ തലമുടി മൂടിയ ശേഷം രണ്ടു മിനിറ്റ്‌ ഹോട്ട്‌ ഡ്രയര്‍ ചെയ്യുക. ഡാമേജ്‌ സംഭവിച്ച മുടിയാണെങ്കില്‍ മീഡിയം ഹോട്ട്‌ ഡ്രയര്‍ നല്‍കിയാല്‍ മതി. ഒരു കാരണവശാലും തലയോട്ടിയില്‍ നേരിട്ട്‌ ആവി കൊള്ളിക്കരുത്‌. കാരണം, അത്‌ ജലദോഷമുണ്ടാകാനും ശിരോചര്‍മത്തിന്‌ കേടുപാടുണ്ടാകാനും ഇടയാക്കിയേക്കാം.
3. പത്തുമിനിറ്റിനു ശേഷം ഷവര്‍ ക്യാപ്‌ മാറ്റി ഹെയര്‍ പായ്‌ക്ക് ഇടുക. പായ്‌ക്ക് തയാറാക്കാന്‍ ഓരോരുത്തരുടെയും മുടിക്കനുസരിച്ച്‌ ആവശ്യമുള്ള അളവ്‌ മുട്ടവെള്ള, നെല്ലിക്കാപ്പൊടി ഏതെങ്കിലും ഒരു ആയുര്‍വേദ എണ്ണ ഇവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം പായ്‌ക്ക് ആയി ഇട്ടാല്‍ മതി.
4. അരമണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ തലകഴുകുക. ആവശ്യമെങ്കില്‍ മുടി കഴുകാന്‍ ഷാംപൂ ഉപയോഗിക്കാവുന്നതാണ്‌.

ഹെയര്‍സ്‌പാ മുടി കൊഴിച്ചില്‍ തടയുകയും താരന്റെ ശല്യം അകറ്റുകയും ചെയ്യും. മാത്രമല്ല, മുടിക്ക്‌ ബലവും തിളക്കവും കിട്ടുന്നതുമാണ്‌. മുടിയില്‍ ഇടയ്‌ക്കിടെ കളര്‍ ചെയ്യുമ്പോള്‍ തലമുടി വട്ടത്തില്‍ കൊഴിയാനും ശിരോചര്‍മത്തില്‍ ഫംഗസ്‌ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്‌. ഈ സ്‌പാ ട്രീറ്റ്‌മെന്റ്‌ അവയ്‌ക്കെല്ലാം പ്രതിവിധിയാണ്‌.

ഫലം നീണ്ടു നില്‍ക്കാന്‍

സ്‌പായുടെ ഫലം ഏറെനാള്‍ നിലനില്‍ക്കാന്‍ സ്‌കാല്‍പ്‌ ബാം, ഹെയര്‍ ടോണിക്‌, ഹെയര്‍ സീറം ഇവ ഉപയോഗിക്കാവുന്നതാണ്‌. സ്‌കാല്‍പ്‌ ബാം വരണ്ടതും സെന്‍സിറ്റീവുമായ ശിരോചര്‍മമുള്ളവര്‍ക്ക്‌ നല്ലതാണ്‌. ഇത്‌ മുടി കൊഴിച്ചില്‍ തടയുകയും മുടി മൃദുത്വവും ആരോഗ്യവും ഉള്ളതാക്കി മാറ്റുകയും ചെയ്യും. തലമുടി ഒട്ടിപ്പിടിക്കില്ല എന്ന ഗുണവുമുണ്ട്‌. മുടിക്ക്‌ ബലവും കട്ടിയും ഉണ്ടാകാന്‍ ഹെയര്‍ ടോണിക്‌ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

ഹെയര്‍ സീറം മുടിയെ കൂടുതല്‍ മൃദുവും തിളക്കമുള്ളതുമാക്കി മാറ്റുന്നു. മുടികള്‍ തമ്മില്‍ കെട്ടു വീഴുകയില്ല. മുടി കാറ്റില്‍ പാറിപ്പറക്കാതിരിക്കാനും മുടിക്ക്‌ കൂടുതല്‍ ഉള്ളുതോന്നിക്കാനും അറ്റം പിളരാതെയിരിക്കാനും ഹെയര്‍ സീറം സഹായിക്കുന്നു. കൂടാതെ ഇത്‌ മുടിക്ക്‌ സുഗന്ധവും നല്‍കുന്നു.

ശിരോചര്‍മത്തിന്റെ ആരോഗ്യം

ശിരോചര്‍മം വൃത്തിയാക്കുന്നതിന്‌ സ്‌ക്രബ്‌ ഉള്ള സ്‌പാ ക്രീം ലഭ്യമാണ്‌. തലയോട്ടിയില്‍ സ്‌ക്രബ്‌ സ്‌പാ ക്രീം ഇട്ടശേഷം വിരല്‍ത്തുമ്പുകൊണ്ടു മൃദുവായി അമര്‍ത്തി മസാജ്‌ ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ ശിരോചര്‍മത്തിലെ മൃതകോശങ്ങള്‍ നീങ്ങി തലയോട്ടി വൃത്തിയാകുന്നു. മാത്രമല്ല, രക്‌തചംക്രമണം വര്‍ധിച്ച്‌ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. താരന്റെ ശല്യം അകറ്റുന്നതുമാണ്‌.

 

RELATED NEWS

Leave a Reply