കരകവിഞ്ഞ് വിജയം

Cover Story

ഭരണവിരുദ്ധവികാരം പ്രതിഫലിച്ചില്ല. ബാര്‍കോഴയോ സരിതയോ മറ്റ് വിവാദങ്ങളോ അരുവിക്കരയുടെ മനസ്സിനെ കീഴടക്കിയുമില്ല. ജി. കാര്‍ത്തികേയനെ അഞ്ചുവട്ടം നിയമസഭയിലേക്കയച്ച മണ്ഡലം അദ്ദേഹത്തിന്റെ മകനേയും പൊന്നുപോലെ കാത്തു.  അച്ഛന്‍ കുറിച്ച ഭൂരിപക്ഷത്തിനൊപ്പം എത്തിയില്ലെങ്കിലും കെ.എസ്. ശബരീനാഥന്റെ വിജയത്തിന് പതിനായിരം കടന്ന ഭൂരിപക്ഷത്തിന്റെ മാറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ അഞ്ചിരട്ടി വോട്ട് നേടിയ ഒ.രാജഗോപാലിന്റെ മിന്നുന്ന പ്രകടനം വിജയത്തോളം പോന്നതുമായി.എല്‍.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളും തകിടംമറിച്ച് ശബരീനാഥന് 10,128 വോട്ടിന്റെ വന്‍ഭൂരിപക്ഷമാണ് അരുവിക്കര നല്‍കിയത്. ശബരീനാഥന് 56,448 വോട്ട് ലഭിച്ചപ്പോള്‍ ഇടതുസ്ഥാനാര്‍ഥി എം.വിജയകുമാറിന് ലഭിച്ചത് 46,320 വോട്ട്. ഒ.രാജഗോപാല്‍ 34,145 വോട്ടുകള്‍ നേടി. 2011ല്‍ യു.ഡി.എഫ്, സ്ഥാനാര്‍ഥി ജി.കാര്‍ത്തികേയന്‍ നേടിയ 56,797 വോട്ടുകള്‍ക്ക് തൊട്ടടുത്ത് ശബരിയെത്തി. ഇടതുമുന്നണി 2011ല്‍ നേടിയ 46,123 വോട്ടുകളേക്കാള്‍ 197 വോട്ടുകള്‍ അധികം നേടി. ബി.ജെ.പി. വോട്ട് അഞ്ചിരട്ടി വര്‍ധിച്ചതില്‍നിന്ന് 26,000 വരുന്ന പുതിയ വോട്ടര്‍മാരുടെയും മുന്നണിവോട്ടുകളുടെയും നല്ലൊരുപങ്ക് ബി.ജെ.പി.ക്ക് ലഭിച്ചുവെന്നുവേണം കരുതാന്‍.
മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളില്‍ ഏഴിലും മുന്നിലെത്താന്‍ ശബരീനാഥനായി. അരുവിക്കര പഞ്ചായത്തില്‍ മാത്രമാണ് നേരിയ വോട്ടിന് പിന്നില്‍ പോയത്. ആര്യനാട്, വിതുര തുടങ്ങിയ ഇടതുകോട്ടകളിലെല്ലാം ശബരി മുന്നിലെത്തി. യു.ഡി.എഫ്. സ്വാധീനകേന്ദ്രങ്ങളായ വെള്ളനാടും പൂവച്ചലും കാര്യമായി നേട്ടമുണ്ടാക്കുകയും ചെയ്തു. പി.സി. ജോര്‍ജിന്റെ അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ഥി കെ.ദാസും (1197) പി.ഡി.പി.യുടെ പൂന്തുറ സിറാജും (703) കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. നോട്ട 1430 വോട്ടോടെ നാലാമതെത്തി. അരുവിക്കരയിലെ യഥാര്‍ത്ഥവിജയി ഉമ്മന്‍ചാണ്ടിയാണെന്നുപറയാം. സംസ്ഥാന രാഷ്ട്രീയത്തിലെ സര്‍വശക്തനായി ഉമ്മന്‍ചാണ്ടി മാറുന്നതിന്റെ ലക്ഷണങ്ങള്‍ അരുവിക്കരയിലെ ജനവിധിക്കുണ്ട്. പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്.?ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ‘പിണറായി വിജയം’ പ്രതീക്ഷിച്ച അണികള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് ഈ തോല്‍വി.

RELATED NEWS

Leave a Reply