കൃഷ്ണഭക്തിയിലലിഞ്ഞ് പുത്തൂര്‍ നൃത്തസംഗീതോത്സവത്തിന്റെ അഞ്ചാംദിനം;ജ്ഞാനപ്പാന നൃത്തനാടകവുമായിവിനീത്

Cover Story

പാലക്കാട്: കൃഷ്ണഭക്തിയിലലിഞ്ഞ് പുത്തൂര്‍ നൃത്തസംഗീതോത്സവത്തിന്റെ അഞ്ചാംദിനം. മഹാകവി പൂന്താനത്തിന്റെ ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള ഭക്തിയാണ് വ്യാഴാഴ്ച പുത്തൂര്‍ നൃത്തസംഗീതോത്സവവേദിയില്‍ നിറഞ്ഞുനിന്നത്. മലയാളികളുടെ മനസ്സിലെന്നും നടനത്തിന്റെ പുരുഷഭാവമായ വിനീതാണ് ജ്ഞാനപ്പാന നൃത്തനാടകവുമായി വേദിയിലെത്തിയത്. പുത്തൂരമ്മയുടെ ഭക്തര്‍ പ്രിയകലാകാരന് മനംനിറഞ്ഞ സ്വീകരണമേകി.

ഭഗവതിക്കുള്ള സമര്‍പ്പണമായി ഭക്തിയും ആരാധനയും നിറഞ്ഞ നൃത്തനാടകമാണ് വിനീത് ഒരുക്കിയത്. പൂന്താനത്തിന്റെ ജീവചരിതം മുഴുവന്‍ വിനീതും സംഘവും വേദിയിലവതരിപ്പിച്ചു.
തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള പവിത്രമായ പൂന്താനത്തിന്റെ ഈശ്വരഭക്തിക്ക് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്‍കുന്ന അനുഗ്രഹവും ഭഗവാനുമുന്നില്‍ കണ്ണീരണിയുന്ന പൂന്താനവുമെല്ലാം സദസ്യര്‍ക്കുമുന്നിലെത്തി.

പാരമ്ബര്യരീതികളില്‍നിന്ന് വ്യത്യസ്തമായി നൃത്തരംഗത്തുള്ള വിനീതിന്റെ പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു പുത്തൂരിലെയും വേദി. ചടുലവും താളാത്മകവുമായ നൃത്തച്ചുവടകളും വിനീതിന്റെ അഭിനയപാടവവുമെല്ലാം നൃത്തനാടകത്തെ മികവുറ്റതാക്കി. ഉത്തര അന്തര്‍ജനവും ഒപ്പമുള്ള മറ്റ് കലാകാരന്മാരും മികച്ച പിന്തുണയേകി.

വിനീത് സ്വയം സംവിധാനംചെയ്ത നൃത്തനാടകത്തിന് ശരത്താണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ.എസ്. ചിത്ര, ഗായത്രി, വിധുപ്രതാപ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിനീതിന്റെ നൃത്തവിരുന്നിനുശേഷം നന്ദിനി വിഷ്ണുവിന്റെയും സംഘത്തിന്റെയും ഭരതനാട്യവും അരങ്ങിലെത്തി.

RELATED NEWS

Leave a Reply