പനിക്കാലം: പ്രവർത്തനത്തിൽ ‘ലൈസൻസ്’ ഇല്ലാതെ ലാബുകൾ ; നിയന്ത്രിക്കാൻ മുന്നിട്ടിറിങ്ങാതെ ആരോഗ്യ വകുപ്പ്

Cover Story

തിരുവനന്തപുരം: പനിക്കാലം ആശപത്രികളെയും ഫാർമസികളെയും പോലെ ലാബുകളുടെയും സുവർണ കാലമാണ്. മിക്ക കേസുകളിലും രക്തം അല്ലങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പരിശോധനകൾ നടത്തേണ്ടതിനാൽ ജനം വലിയ തോതിലാണ് ലാബുകളെ സമീപിക്കുന്നത്.എന്നാൽ ഈ സാഹചര്യത്തിലും ലാബുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് സന്നദ്ധമായിട്ടില്ല. ഒട്ടുമിക്ക ക്ലിനിക്കൽ ലാബുകളിലും പരിശോധന നടത്തുന്നതും സർട്ടിഫൈ ചെയ്യുന്നതും നിശ്ചിത യോഗ്യതയില്ലാത്തവരാണ്. ടെസ്റ്റ് റിപ്പോർട്ടുകളുടെ കൃത്യത ഉറപ്പുവരുത്താൻ ലാബുകളിൽ രജിസ്‌ട്രേഡ് പ്രാക്ടീഷണർമാർ വേണമെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എം.സി.ഐ) ചട്ടം കാറ്റിൽ പറത്തപ്പെടുന്നു.

ഇത്തരത്തിൽ ആരോഗ്യവകുപ്പിന്റെ അലംഭാവമാണ് അനധികൃത ലാബുകൾ തഴച്ചുവളരാൻ കാരണം. ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള വസ്തുത വിരുദ്ധമായ റിപ്പോർട്ടുകൾ തെറ്റായ ചികിത്സയിലേക്കും വൻ അപകടങ്ങളിലേക്കുമാണ് രോഗികളെ കൊണ്ടെത്തിക്കുന്നത്. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി(ഡി.എം.എൽ.ടി)യോ തത്തുല്യമായ യോഗ്യതയോ ഉള്ളവരാണ് നിലവിൽ ലാബുകളിൽ പരിശോധനക്ക് നേതൃത്വം നൽകുന്നത്. ഇവരാണ് സാമ്പിൾ ശേകരിക്കുന്നതും ടെസ്റ്റ് നടത്തുന്നതും സർട്ടിഫൈ ചെയ്യുന്നതും. മിക്ക ലാബുകളും നടത്തുന്നതുതന്നെ ഡിപ്ലോമക്കാരണ്.

എന്നാൽ എം.സി.ഐ ചട്ടപ്രകാരം പാത്തോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയുള്ള രജിസ്‌ട്രേഡ് പ്രാക്ടീഷണർക്ക് മാത്രമേ റിപ്പോർട്ടുകൾ സർട്ടിഫൈ ചെയ്യാൻ അനുവാദമുള്ളൂ. സംസ്ഥാനത്തെ ഒട്ടുമിക്ക ലാബുകളിലും എം.സി.ഐ മാനദണ്ഡം പാലിക്കപ്പെടുന്നില്ല. നിലവിലുള്ള ചട്ടങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് താത്പര്യമില്ലെന്ന പരാതിയുണ്ട്. റിപ്പോർട്ടുകളിലെ നിഗമനങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിട്ടും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ വ്യക്തമായ നിയമസംവിധാനമില്ല. പലപ്പോഴും ലാബ് പരിശോധനകൾ നടത്തി നിയമലംഘനം കണ്ടെത്തിയാൽ കേവലം ശാസിനയിൽ മാത്രം നടപടി ചുരുങ്ങുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വിമുഖതക്കു പുറമേ ലാബുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കേന്ദ്ര സർക്കാർ പ്രതേക ചട്ടം രൂപവൽക്കരിക്കാത്തതും നിലവിലുള്ള കുത്തഴിഞ്ഞ സ്ഥിതിക്ക് കാരണമായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

RELATED NEWS

Leave a Reply