മലയാളം ഭരണഭാഷ: എല്ലാ ഓഫീസുകളില്‍ കര്‍മ പദ്ധതി തയ്യാറാക്കും

Cover Story

ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര (ഔദ്യോഗിക ഭാഷാ) വകുപ്പിന്റെ ഉത്തരവ് പ്രകാരം പുതുതായി രൂപവത്കരിച്ച ഔദ്യോഗിക ഭാഷാ ജില്ലാതല ഏകോപന സമിതി യോഗം സമിതി കണ്‍വീനര്‍ കൂടിയായ എ.ഡി.എം എസ് .വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ ഭരണഭാഷാ പുര്‍ണ്ണമായും മലയാളമാക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ വകുപ്പും കര്‍മ പദ്ധതി തയ്യാറാക്കി ഇതിനായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഓരോ വകുപ്പിന്റേയും ജില്ലാതല മേധാവി അധ്യക്ഷനായ ജില്ലാജല ഔദ്യോഗിക ഭാഷാസമിതി രണ്ട് മാസം കൂടുമ്പോള്‍ അതത് ഓഫീസില്‍ യോഗം ചേരണമെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ യോഗങ്ങള്‍ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനുമാണ് ജില്ലാ കലക്ടര്‍ അധ്യക്ഷയായി ജില്ലാതല ഏകോപന സമിതി രൂപവത്കരിച്ച് 2017 ജനുവരി 23-ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മൂന്ന് മാസം കൂടുമ്പോള്‍ ചേരുന്ന ഈ യോഗത്തില്‍ വകുപ്പ് മേധാവികള്‍ തന്നെ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഭാഷാപുരോഗതിയുമായി ബന്ധപ്പെട്ട ത്രൈമാസ റിപ്പോര്‍ട്ട് ഓഫീസ് മേധാവികള്‍ ജില്ലാതല ഏകോപന സമിതിക്ക് കൈമാറണം. ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യമെന്ന് കണ്ടാല്‍ അടിയന്തരമായി പരിശോധിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടാനും ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ട്. അതിനാല്‍ ഓഫീസ് മേധാവികള്‍ കൃത്യസമയത്ത് യോഗം ചേരുന്നതിനും റിപ്പോര്‍ട്ട് നല്‍കുന്നതിനും ശ്രദ്ധിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു. കര്‍മപരിപാടി തയാറാക്കുന്നതിലും തുടര്‍ന്ന് ജീവനക്കാര്‍ക്ക് മലയാളം കംപൂട്ടിങ്ങിലും ഭരണഭാഷാ പ്രയോഗത്തിലും പരിശീലനം നല്‍കുന്നതിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഏകോപനസമിതി കണ്‍വീനറെ അറിയിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു. കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply