ആയുര്‍വ്വേദ ഡോക്ടര്‍ എന്ന വ്യാജ പേരില്‍ പ്രാക്ടീസ് നടത്തിവന്ന ചാവക്കാട് സ്വദേശിയെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു

Crime

ചെര്‍പ്പുളശ്ശേരി: ആയുര്‍വ്വേദ ഡോക്ടര്‍ എന്ന വ്യാജ പേരില്‍ പ്രാക്ടീസ് നടത്തിവന്ന ചാവക്കാട് സ്വദേശിയെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവാത്ര വലിയ പുരയ്ക്കല്‍ കോട്ടപ്പുറത്ത് വീട്ടില്‍ വി കെ അബ്ദുള്‍ ഗഫൂര്‍ (53) ആണ് പിടിയിലായത്. മപ്പാട്ടുകരിയില്‍ ദൈഷജ്യ ഭവനം എന്ന പേരില്‍ ക്ലിനിക് നടത്തിയിരുന്ന ഇയാളില്‍നിന്ന് അലര്‍ജിക്ക് മരുന്നു വാങ്ങി കഴിച്ച ഒരാള്‍ക്ക് അസുഖം കൂടിയതോടെ ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്.ഐ: പി എം ലിബിയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജഡോക്ടറാണെന്ന് കണ്ടെത്തിയത്. ഡോ. കെ. വി. അബ്ദുള്‍ ഗഫൂര്‍ (ബി.എ.എം.എസ്) എന്ന പേരില്‍ ഇയാള്‍ പ്രാക്ടീസ് നടത്തുകയായിരുന്നു. മപ്പാട്ടുകരയില്‍ ഭൈഷജ്യ ഭവനം എന്ന സ്ഥാപനത്തിന്റെ പേരില്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് മൂന്നു മുതല്‍ അഞ്ച് വരെയാണ് പ്രാക്ടീസ് നടത്തിയത്. അല്‍ ശിഫാ എന്ന പേരിലാണ് ഇയാളുടെ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കുന്നുംകുളം, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി എന്നിവിടങ്ങളിലും പ്രാക്ടീസ് നടത്തിയതായി പൊലീസ് കണ്ടെത്തി. ബോര്‍ഡില്‍ മറ്റൊരാളുടെ പേരുകൂടിയുണ്ടെങ്കിലും ഇയാള്‍ ഇപ്പോള്‍ കുവൈത്തിലാണെന്ന് അറിവായി.
പാരമ്പര്യ വൈദ്യനാണെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനുള്ള രേഖകളൊന്നും കൈവശമില്ലായിരുന്നു. വാത രോഗം മുതല്‍ ലൈംഗിക രോഗങ്ങള്‍ക്കു വരെ ചികിത്സ നടത്തുന്നുന്നുണ്ട്. ഇയാള്‍ നടത്തുന്ന സ്ഥാപനത്തില്‍നിന്നു കുറെ മരുന്നുകളും ചികിത്സാ സംബന്ധമായ നോട്ടീസ് എന്നിവയും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED NEWS

Leave a Reply