കുടുംബത്തിന്റെ ആത്മഹത്യ: മൂന്നു പേര്‍ അറസ്റ്റില്‍

Crime
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കുടുംബത്തിലെ അഞ്ചുപേര്‍ വിഷം കഴിച്ച് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാത്തലവന്‍ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഗുണ്ടാത്തലവനായ ബേംബ് കണ്ണന്‍ , പണം കടം കൊടുത്ത കല്ലയം ശ്രീകുമാര്‍ , ഭാര്യ ഷിജില എന്നിവരെയാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണനും ശ്രീകുമാറും ശനിയാഴ്ച രാത്രിയും ഷിജില ഞായറാഴ്ച കാലത്തുമാണ് അറസ്റ്റിലായത്. മൃതദേഹത്തില്‍ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പേരൂര്‍ക്കട കിഴക്കേ മുക്കോലയ്ക്കല്‍ ഈഴക്കോട് ശിവജിനഗര്‍ ‘ശ്രീസായി’യില്‍ മനോഹരന്‍ ആശാരി (61), ഭാര്യ മഹേശ്വരി (56), മക്കളായ ബിജു (36), സജു (34) ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു(24) എന്നിവരെയാണ് വിഷം കഴിച്ച് മരിച്ചനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കിയത്. പണം കടമായി നല്‍കിയ ബ്ലേഡ് പലിശക്കാരുടെ ഭീഷണിയും കുടുംബത്തിനുണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു.ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ മനോഹരന്‍ ആശാരിയുടെ സഹോദരി ശാന്തയുടെ മകള്‍ വിചിത്രയുടെ ഫോണിലേക്ക് ‘ഞങ്ങള്‍ പോവുകയാണ്’ എന്നൊരു എസ്.എം.എസ് സന്ദേശം ലഭിച്ചിരുന്നു. ഈ സമയം കണിയാപുരത്തെ പഠന ക്ലാസ്സിലായിരുന്ന ഇവര്‍ പിന്നീടാണ് സന്ദേശം കണ്ടത്. അവര്‍ ഇക്കാര്യം അമ്മ ശാന്തയെ ഫോണ്‍ ചെയ്ത് അറിയിച്ചു. തുടര്‍ന്ന് കഴക്കൂട്ടത്തെ വീട്ടില്‍ നിന്ന് ശാന്ത മുക്കോലയ്ക്കലിലെ മനോഹരന്റെ വീട്ടിലെത്തി നോക്കിയെങ്കിലും പുറത്ത് ആരെയും കണ്ടില്ല. ഇതേത്തുടര്‍ന്ന് മണ്ണന്തല പോലീസില്‍ അറിയിച്ചു. പോലീസെത്തി വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴായിരുന്നു അഞ്ചുപേരെയും അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അഞ്ചുപേരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിഷം മദ്യത്തിലും ജ്യൂസിലും കലര്‍ത്തിയാണ് ഇവര്‍ കഴിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് എഴുതിയ ഒരു കുറിപ്പും ബന്ധുക്കള്‍ക്ക് എഴുതിയ ഒരു ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളെ ഭീഷണിപ്പെടുത്തിയ ഗുണ്ടയെക്കുറിച്ച് കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.മനോഹരന്‍ ആശാരിക്കും കുടുംബത്തിനും വന്‍ കടബാധ്യതയുണ്ടായിരുന്നതായി നാട്ടുകാരും സമീപവാസികളും പറഞ്ഞു. മനോഹരന്‍ ആശാരിയുടെ വീട് കരമന സ്വദേശിയായ ഒരാള്‍ക്ക് ഈട് നല്‍കി നാല്‍പത് ലക്ഷം രൂപ ഇവര്‍ കടം വാങ്ങിയിരുന്നു. ഇതുപോലെ മറ്റു പലരില്‍ നിന്നും വന്‍തുക കടം വാങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.പലപ്പോഴും ഗുണ്ടകള്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി മനോഹരന്‍ ആശാരിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച രാവിലെയും ചിലര്‍ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി സമീപവാസികള്‍ ആരോപിച്ചു. വീട് ഈട് നല്‍കി വാങ്ങിയ തുക നല്‍കിയില്ലെങ്കില്‍ ഡിസംബറിന് വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന പലിശക്കാരന്റെ ഭീഷണിയുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മണ്ണന്തല പോലീസ് സ്‌റ്റേഷനില്‍ ഉള്ള പരാതിയില്‍ വാര്‍ഡ് അംഗം വേണു ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ മനോഹരന്റെ സഹോദരന്‍ വേണുവിന്റെ മകളും ഭര്‍ത്താവും പലരില്‍ നിന്നായി വന്‍തുക കടം വാങ്ങി ഇവര്‍ക്ക് നല്‍കിയിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.മനോഹരന്‍ആശാരിയുടെ മൂത്ത മകനായ ബിജുവിന് ഓഹരി വിപണിയില്‍ നിന്ന് വന്‍ നഷ്ടം നേരിട്ടതാണ് വലിയ ബാധ്യതകള്‍ക്ക് കാരണമായതെന്നാണ് സൂചന. ആദ്യം ഒരു ഓഹരിയിടപാട് സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന ഇയാള്‍ പിന്നീട് വീട്ടില്‍ തന്നെ ഓണ്‍ലൈന്‍ വഴി ഓഹരി കച്ചവടം നടത്തിവരികയായിരുന്നു. ഇതുവഴിയാണ് വന്‍തുക നഷ്ടമായതെന്നാണ് സൂചന. സമീപകാലത്തായി ഈ കുടുംബം വലിയ സാമ്പത്തിക ബാധ്യതകള്‍ അനുഭവിച്ചിരുന്നതായും സമീപവാസികള്‍ പറഞ്ഞു.ഗള്‍ഫില്‍ ഏറെക്കാലം ജോലി ചെയ്തിരുന്ന മനോഹരന്‍ ആശാരി സമീപകാലത്തായിരുന്നു നാട്ടിലെത്തിയത്. ഇളയമകന്‍ സജുവും മുന്‍പ് ഗള്‍ഫിലായിരുന്നു. മനോഹരന്‍ആശാരി ആശാരിപ്പണിക്ക് പോകുന്നുമുണ്ടായിരുന്നു. കഴിഞ്ഞ സപ്തംബറിലാണ് ബിജുവും കൃഷ്‌ണേന്ദുവും തമ്മിലുള്ള വിവാഹം നടന്നത്. വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം വി.ടി. നഗര്‍ ബി 17ല്‍ കൃഷ്ണന്‍കുട്ടിയുടെയും ഗിരിജയുടെയും മകളാണ് മരിച്ച കൃഷ്‌ണേന്ദു. കൃഷ്ണപ്രിയ സഹോദരിയാണ്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

RELATED NEWS

Leave a Reply