ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Crime

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോലഞ്ചേരി സ്വദേശി രഞ്ജിത് ആണ് ജയിലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് രഞ്ജിത്ത് വിഷം കഴിച്ചത്. വിധി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. രഞ്ജിത്തും കുട്ടിയുടെ അമ്മയും ഉള്‍പ്പെടെ കേസില്‍ മൂന്ന് പ്രതികളാണുള്ളത്.

ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഇവര്‍ മൂവരും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ പറയുന്നത്.

2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും അമ്മയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്നയാളുമായി അമ്മ അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.

മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതിയും നല്‍കി. സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം  ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊല്ലുന്നതിനു മുന്‍പ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍  വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത്.

 

RELATED NEWS

Leave a Reply