പച്ചക്കറി കടകളില്‍ മോഷണം നടത്തുന്ന മൂന്ന് ചുണ്ടമ്പറ്റ സ്വദേശികള്‍ അറസ്റ്റില്‍

Crime

  ചെര്‍പ്പുളശ്ശേരി: പാലക്കാട്, മലപ്പുറം ജില്ലകളിലെ പച്ചക്കറി കടകളില്‍നിന്ന് വില കൂടിയ പച്ചക്കറി മോഷ്ടിക്കുന്ന കേസിലെ മൂന്നു പ്രതികള്‍ ചെര്‍പ്പുളശ്ശേരി പൊലീസ് പിടിയില്‍. ചുണ്ടമ്പറ്റ സ്വദേശികളായ പാലക്കാട്ടുതൊടി വര്‍മപുരം മെഹറൂഫ് (25), കുന്നുംപുറം രമേശ് എന്ന കണ്ണന്‍ (19), പറമ്പയില്‍വീട്ടില്‍ അർജ്ജുൻ  (21) എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി എസ്‌ഐ രമേഷ്, സിപിഒ മാരായ പ്രശാന്ത്, രാജന്‍ എന്നിവര്‍ ഇന്നലെ രാത്രി 9.30-ഓടെ എഴുവന്തല ഇടുതറയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇവരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി.
  ചെര്‍പ്പുളശ്ശേരി പെരിന്തല്‍മണ്ണ റോഡ്, ഒറ്റപ്പാലം റോഡ് എന്നിവിടങ്ങളിലെ പച്ചക്കറി കടകളില്‍ കഴിഞ്ഞ ദിവസം രാത്രി മോഷണം നടത്തിയിരുന്നു. ഇതില്‍ പെരിന്തല്‍മണ്ണ റോഡിലെ കടയില്‍ മോഷണം നടത്തുന്നത് അവിടെ സ്ഥാപിച്ച സിസിടിവിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. സിഐ എ ദീപകുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിനു തുമ്പുണ്ടായത്. ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഒറ്റപ്പാലം-2, ചെര്‍പ്പുളശ്ശേരി-2, പട്ടാമ്പി-2, തൃത്താല-1, പെരിന്തല്‍മണ്ണ-2, മഞ്ചേരി-1 എന്നീ ക്രമത്തില്‍ കേസ് നിലവിലുണ്ട്. മോഷ്ടിക്കുന്ന സാധനങ്ങള്‍ റോഡുകളില്‍ വില്‍പന നടത്തുന്നതായും സംശയിക്കുന്നു. പച്ചക്കറികടയുടെ മുമ്പില്‍ ഇറക്കിയിടുന്ന സാധനങ്ങള്‍ ഗൂഡ്‌സ് ഓട്ടോയില്‍ കടത്തിക്കൊണ്ടു പോകുയാണ് ഇവരുടെ പതിവ്. ഇത്തരത്തില്‍ ചെര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ റോഡിലെ കടയില്‍ 6 ചാക്ക് സവോള കടത്തുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. പലയിടത്തുനിന്നും മുഴുവന്‍ പച്ചക്കറികളും ത്രാസും മോഷ്ടിച്ച സംഭവമുണ്ട്.

RELATED NEWS

Leave a Reply