സ്വര്‍ണവെള്ളരി തട്ടിപ്പ്

Crime

പെരിന്തല്‍മണ്ണ: ചെമ്പില്‍ നിര്‍മിച്ച വെള്ളരി, സ്വര്‍ണവെള്ളരിയാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍.
തിരൂരങ്ങാടി ചെമ്മാട് ആസ്​പത്രി റോഡില്‍ ചപ്പത്തിങ്ങല്‍ അബ്ദുള്‍ ഷുക്കൂര്‍ (50) ആണ് അറസ്റ്റിലായത്. അഞ്ചുലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയതായ വളാഞ്ചേരി പേരശ്ശന്നൂര്‍ കാട്ടാക്കട സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഈ മാസം രണ്ടിന് വളാഞ്ചേരി കാട്ടാച്ചിറയില്‍ ചികിത്സ നടത്തുന്ന യുവതിയെ സംഘം സമീപിച്ചു. നാട്ടില്‍ കക്കൂസിന് കുഴിയെടുക്കുമ്പോള്‍ ‘നിധി’ കിട്ടിയതാണ് വെള്ളരിയെന്നും ഇതിന് കോടികള്‍ വിലവരുമെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. സ്വര്‍ണക്കട്ടി (വെള്ളരി) കാണിച്ച് വളരെക്കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിച്ച് അഞ്ചുലക്ഷം രൂപ വാങ്ങി വെള്ളരി കൈമാറി.
സംഘം നല്‍കിയ വെള്ളരി യുവതി ജൂവലറിയില്‍ കൊണ്ടുപോയി പരിശോധിപ്പിച്ചു. പരിശോധനയില്‍ വെള്ളരി മുഴുവന്‍ ചെമ്പില്‍ നിര്‍മിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഷാഡോ പോലീസും പ്രത്യേക അന്വേഷണസംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യംചെയ്തതില്‍നിന്ന് പാലക്കാട് സ്വദേശിയുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും തുക പ്രതികള്‍ തുല്യമായി വീതിച്ചെടുത്തതായും ഷുക്കൂര്‍ പറഞ്ഞിട്ടുണ്ട്. എസ്.ഐ. സി.കെ.നാസര്‍, പ്രത്യേക അന്വേഷണസംഘത്തിലെയും ടൗണ്‍ ഷാഡോ പോലീസിലെയും ഉദ്യോഗസ്ഥരായ പി.മോഹന്‍ദാസ്, പി.എന്‍.മോഹനകൃഷ്ണന്‍, ടി.ശ്രീകുമാര്‍, സി.പി.മുരളി, എന്‍.വി.ഷെബീര്‍, പ്രവീണ്‍, എന്‍.ടി.കൃഷ്ണകുമാര്‍, അഭിലാഷ് കൈപ്പിനി, എ.എസ്.ഐ. മനോഹരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

RELATED NEWS

Leave a Reply