ഇനി പുണ്യങ്ങളുടെ ദിനരാത്രങ്ങൾ ; റമദാനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി

Devotional

പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി. വീടുകളും പള്ളികളും മോടിപിടിപ്പിക്കുന്നതിനു പുറമെ റമദാനോടനുബന്ധിച്ച് അങ്ങാടികളും സജീവമായി. പുറംമോടികൾക്കപ്പുറം ഹൃദയ വിശുദ്ധി നേടിയെടുക്കുകയാണ് റമദാനിലൂടെ ലക്ഷ്യംവെക്കുന്നത്. നോമ്പിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുത്ത് ഭയഭക്തിയുള്ളവരാകണമെന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസി സമൂഹം ഒരുമാസക്കാലം പ്രാർത്ഥനയുടെയും സഹനത്തിന്റെയും ദിനരാത്രങ്ങളിലാവും. ദാനധർമമടക്കമുള്ള പുണ്യ പ്രവർത്തികളും ധാരാളമായി ചെയ്യും. സാമ്പത്തിക സുസ്ഥിരതയുള്ളവർക്ക് നിർബന്ധമാക്കിയ ‘സകാത്’ റമദാനിലാണ് പാവങ്ങൾക്ക് നൽകുക.

വെള്ളിയാഴ്ച മാസം കണ്ടാൽ മെയ് 27 ശനിയാഴ്ചയോ അല്ലെങ്കിൽ ഞായറാഴ്ചയോ ആണ് ഈ വർഷത്തെ റമദാൻ ആരംഭിക്കുക. റമദാനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് മിക്ക മഹല്ലുകളിലും പ്രഭാഷണങ്ങൾ നടന്നുവരികയാണ്. നോമ്പുതുറ വിഭവങ്ങളിൽ ഏറ്റവും പ്രധാനം ഈത്തപ്പഴമാണ്. വിഭിന്ന തരത്തിലുള്ള ഈത്തപ്പഴമാണ് ദിവസേനയെന്നോണം മാർക്കറ്റിൽ എത്തുന്നത്. തരിക്കഞ്ഞി , ചീരക്കഞ്ഞി, ഖൈമക്കഞ്ഞി, നെയ്പത്തിരി, സമൂസ, ഇറച്ചിയും പത്തിരിയും ഇവയെല്ലാം നോമ്പുതുറ സമയങ്ങളിലെ പ്രധാന വിഭവങ്ങളാണ്. എന്നാൽ മാർക്കറ്റിലെ തീവില പലതിനും നിയന്ത്രണമേർപ്പെടുത്തും . പള്ളികളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് നോമ്പുതുറക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാവും. ഇതിനു പുറമെ റിലീഫ് കമ്മിറ്റികളും സകാത് കമ്മിറ്റികളും പിന്നോക്ക പ്രദേശങ്ങളിൽ / നിർധനർക്കായി പ്രത്യേകം നോമ്പുതുറകൾ സംഘടിപ്പിക്കും. ബീഹാർ, ആസാം, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ പട്ടിണിപ്പാവങ്ങൾക്കും സഹായവും നോമ്പുതുറ വിഭവങ്ങളും എത്തിച്ചു കൊടുക്കും.

അടുത്ത പതിനൊന്ന് മാസം വിശുദ്ധനായി നടക്കാനുള്ള പരിശീലന കളരിയായാണ് ഇസ്‌ലാം റമദാനെ വിശ്വാസികൾക്ക് പരിചയപ്പെടുത്തുന്നത്.

RELATED NEWS

Leave a Reply