എരുമേലി പേട്ടതുള്ളല്‍ ഇന്ന്‌

Devotional
എരുമേലി: അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളല്‍ ശനിയാഴ്ച നടക്കും. രൗദ്രഭാവത്തോടെ അമ്പലപ്പുഴ സംഘവും താളാത്മകമായി ആലങ്ങാട് സംഘവും ചുവടുകള്‍ വയ്ക്കുമ്പോള്‍ ഭക്തിയും സൗഹൃദവും സംഗമിക്കുന്ന കാഴ്ചയിലേക്ക് നാട് കണ്‍തുറക്കും. ശനിയാഴ്ച രാവിലെ അയ്യപ്പന്റെ സ്വര്‍ണത്തിടമ്പിനുമുമ്പില്‍ പേട്ടപ്പണം സമര്‍പ്പിച്ചാണ് അമ്പലപ്പുഴസംഘം പേട്ടതുള്ളാന്‍ തയ്യാറെടുക്കുന്നത്. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ കാണാന്‍ ശ്രീകൃഷ്ണഭഗവാന്‍ എത്തുന്നതായാണ് വിശ്വാസം. ഭഗവത്‌സാന്നിധ്യമായി ആകാശത്ത് കൃഷ്ണപ്പരുന്ത് എത്തുമ്പോള്‍ പേട്ട ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് ഉച്ചയോടെ പേട്ടതുള്ളല്‍ തുടങ്ങും.നൈനാര്‍ മസ്ജിദില്‍ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴസംഘത്തെ ജുമാഅത്ത് ഭാരവാഹികളായ പി.എച്ച്.അബ്ദുള്‍സലാം, സെക്രട്ടറി പി.എ.ഇര്‍ഷാദ് തുടങ്ങിയവര്‍ പച്ചഷാളണിയിച്ച് പുഷ്പവൃഷ്ടിയോടെ സ്വീകരിക്കും. പള്ളിയില്‍നിന്ന് വാവരുസ്വാമിയുടെ പ്രതിനിധിയുമായാണ് അമ്പലപ്പുഴ സംഘം ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് ചുവടുകള്‍ വയ്ക്കുന്നത്.ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആലങ്ങാട് സംഘം പേട്ടതുള്ളും. പകല്‍ ദൃശ്യമാകുന്ന നക്ഷത്രത്തെ സാക്ഷിയാക്കിയാണിത്. വെള്ളമുണ്ടും ഉത്തരീയവുമണിഞ്ഞ് ഭസ്മവും ചന്ദനവും പൂശി താളാത്മകമായാണ് ആലങ്ങാട് പേട്ട.പേട്ടതുള്ളലിന് ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം, അയ്യപ്പസേവാസംഘം പ്രതിനിധികള്‍ ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരണം നല്‍കും

RELATED NEWS

Leave a Reply