ഭക്തലക്ഷങ്ങളൊഴുകിയെത്തുന്നു; നാളെ അമ്മയ്ക്ക് പൊങ്കാല

Devotional
തിരുവനന്തപുരം: കുംഭച്ചൂടിന്റെ തിളയ്ക്കുന്ന വെയില്‍നാളങ്ങളെക്കാള്‍ ഭക്തിതീവ്രത ഉള്ളിലേറ്റി ലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് ഞായറാഴ്ച പൊങ്കാലയര്‍പ്പിക്കും. തലസ്ഥാനനഗര വീഥികളെല്ലാം ചടങ്ങിന്റെ ഭക്തിലഹരിയിലാണ്. ആറ്റുകാല്‍ദേവീ സന്നിധിയിലേക്കുള്ള ഭക്തജനപ്രവാഹം തുടരുകയാണ്. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ രണ്ടുദിവസം മുമ്പുതന്നെ പൊങ്കാലയര്‍പ്പണത്തിനായുള്ള അടുപ്പുകള്‍ നിരന്നുകഴിഞ്ഞു.ദേവീദര്‍ശനത്തിനായി ശനിയാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുവരെ നട തുറന്നിരിക്കും. പൊങ്കാലയ്ക്ക് രണ്ടുദിനം മുമ്പ് സാധാരണയായി ആറ്റുകാലില്‍ വന്‍തിരക്കാണനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇക്കുറി ഉത്സവാരംഭദിനം മുതല്‍ക്കേ തിരക്ക് നിയന്ത്രണാതീതമായിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വിപുലമായ സൗകര്യങ്ങളാണൊരുക്കിയിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം പൊങ്കാലത്തലേന്ന് തലസ്ഥാനനഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ അരുവിക്കരയില്‍ നിന്നുള്ള പൈപ്പ്‌ലൈനുകള്‍ പൊട്ടിയത് ദേവിഭക്തരെ ഏറെ വലച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ജലഅതോറിറ്റിയുടെ നേതൃത്വത്തില്‍ ബദല്‍ സംവിധാനമൊരുക്കിക്കൊണ്ടാണ് ഇക്കുറി പൊങ്കാല ഒരുങ്ങുന്നത്.പൊങ്കാലയര്‍പ്പണദിനമായ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരവരെ ഭക്തര്‍ക്ക് ദര്‍ശനമരുളുന്ന ദേവിയെ നാലരയോടെ പള്ളിയുണര്‍ത്തും. ഇതോടെ പൊങ്കാലച്ചടങ്ങുകള്‍ തുടങ്ങുകയായി. 5 മണിക്ക് പതിവുപോലെ ഭക്തര്‍ക്കായി നിര്‍മാല്യദര്‍ശനം. 5.30ന് അഭിഷേകം. 6.05ന് ദീപാരാധനയ്ക്കും പിന്നീട് പന്തീരടി പൂജയ്ക്കും ശേഷം 9.45ന് ശുദ്ധപുണ്യാഹം.
തുടര്‍ന്ന് ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശന്‍നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് അഗ്‌നിപകര്‍ന്ന് മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിക്ക് കൈമാറും. നീലകണ്ഠന്‍ നമ്പൂതിരി ക്ഷേത്രത്തിനുള്ളിലെ ചെറിയതിടപ്പള്ളിയിലേക്കും പിന്നീട് പ്രദക്ഷിണവീഥിയില്‍ കിഴക്കുഭാഗത്തുള്ള വലിയതിടപ്പള്ളിയിലേക്കും തീപകരും. തുടര്‍ന്ന് ക്ഷേത്രത്തിന് മുന്നില്‍വെച്ച് ഈ അഗ്‌നി മേല്‍ശാന്തി സഹമേല്‍ശാന്തിക്ക് കൈമാറും.തോറ്റംപന്തലിന് മുന്നിലൊരുക്കിയ പണ്ടാരയടുപ്പില്‍ 10.30 ന് അഗ്‌നിജ്വലിക്കുന്നതോടെ ചരിത്രപ്രസിദ്ധമായ പൊങ്കാല തുടങ്ങും. ദൂരദേശങ്ങളില്‍ നിന്നുപോലും നഗരത്തിലെത്തി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് ക്ഷണനേരത്തിനുള്ളില്‍ പണ്ടാരയടുപ്പില്‍ നിന്നുള്ള തീപകര്‍ന്നെത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നിവേദ്യം. ആയിരം ശാന്തിമാരെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഒരേസമയം പുണ്യാഹം തളിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങിയെത്താന്‍ നിയോഗിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ശനിയാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കി.

RELATED NEWS

Leave a Reply