എ വിജയരാഘവന്റെ ആര്‍.എസ്.എസ് പ്രീണനം മലപ്പുറം ജനത തള്ളിക്കളയും; എസ്.ഡി.പി.ഐ

Editorial
 
മലപ്പുറം: ജനജീവിതത്തിന് ഭീതിയുയര്‍ത്തുന്ന ഗയില്‍ പൈപ്പ്‌ലൈന്‍ ജനവാസ മേഖയില്‍ നിന്നുമാറ്റണമെന്നാവശ്യപ്പെട്ടു നടക്കുന്ന ജനകീയ പ്രതിഷേധത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന സി.പി.എം നേതാവ് എ വിജയരാഘവന്റെ ആര്‍.എസ്.എസ് പ്രീണന തന്ത്രം മലപ്പുറം ജനത തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്. 
ഗയില്‍ പദ്ധതിയില്‍ ഇരകളാക്കപ്പെടുന്നവര്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തുന്ന പ്രക്ഷോഭത്തെ മുസ്ലിം തീവ്രവാദമെന്നാക്ഷേപിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നത് കോര്‍പറേറ്റ് ഭീമന്‍മാരെ സഹായിക്കാനാണ്. ഭൂമിക്കും ജീവനും വേണ്ടിയുള്ള ഇരകളുടെ ഗയില്‍ വിരുദ്ധ സമരത്തിനിടെ കൂറ്റനാട് നടന്ന പോലിസ് അതിക്രമത്തിനിരയായ സ്വന്തം പാര്‍ട്ടി അണികള്‍ക്കും വിജയരാഘവന്‍ തീവ്രവാദ പട്ടം നല്‍കിയിരിക്കുകയാണ്. സി.പി.എം അടക്കമുള്ള പാര്‍ട്ടികളുടെ ജനപ്രതിനിധികളും മത,സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികളും നേതൃത്വം നല്‍കുന്ന ഗയില്‍വിരുദ്ധ സമരത്തിനെതിരെ വര്‍ഗീയാക്ഷേപം നടത്തി കുത്തകകളെ സഹായിക്കാനുള്ള വിജയരാഘവന്റെ നടപടിയെക്കുറിച്ച് സി.പി.എം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണം. 
 
മലപ്പുറം ജില്ലയുടെ വികസന പ്രതിസന്ധിക്ക് പരിഹാരം പുതിയ ജില്ലാ രൂപീകരണമാണെന്ന് വ്യക്തമായിട്ടും ജില്ലാ വിഭജനമെന്ന ആവശ്യം ആപല്‍ക്കരമാണെന്ന വിജയരാഘവന്റെ വാദം അന്തമായ മലപ്പുറം വിരോധത്തിന്റെ തെളിവാണ്. ജനപ്രതിനിധിയായിരിക്കെ മലപ്പുറത്തിന്റെ വികസനം ലക്ഷ്യമാക്കി ക്രിയാത്മകമായ ഒരു പദ്ധതിയും നടപ്പാക്കാതിരുന്നത് മലപ്പുറം ജനതയോടുള്ള വിരോധമായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറത്തെ വര്‍ഗീയാക്ഷേപം നടത്തി ആര്‍.എസ്.എസും സംഘപരിവാരവും നടത്തുന്ന ജല്‍പനങ്ങള്‍ക്കു പിന്തുണ നല്‍കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ കാപട്യം പൊതുസമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. 
 
ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര അധ്യക്ഷത വഹിച്ചു. എ കെ അബ്ദുല്‍മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവിഹാജി, എം പി മുസ്തഫ മാസ്റ്റര്‍, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, എ എം സുബൈര്‍, എ ബീരാന്‍കുട്ടി, പി ഉസ്മാന്‍, വി എം ഹംസ, പി ഹംസ, പി പി ഷൗക്കത്തലി സംസാരിച്ചു.

RELATED NEWS

Leave a Reply