കഞ്ചിക്കോട് ജനവാസമേഖലയിലെ ഇരുമ്പുരുക്ക് കമ്പനിയില്‍ പൊട്ടിത്തെറി.

Editorial

കഞ്ചിക്കോട്: കഞ്ചിക്കോട് ജനവാസമേഖലയിലെ ഇരുമ്പുരുക്ക് കമ്പനിയില്‍ ചെറിയതോതില്‍ പൊട്ടിത്തെറി. പാരഗണ്‍ സ്റ്റീല്‍സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഇരുമ്പുരുക്കുന്ന ഫര്‍ണസിലെ തകരാറാണ് കാരണം. മൂന്ന് തവണ പൊട്ടിത്തെറിശബ്ദം കേട്ടെന്നും ഇരുമ്പുചീളുകള്‍ കമ്പനിക്ക് പുറത്തേക്കും തെറിച്ചെന്നും പരിസരവാസികള്‍ പറയുന്നു.

പത്തുമണിയോടെ നാട്ടുകാര്‍ കമ്പനിക്കുമുമ്പില്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു.
2000 ഡിഗ്രി ചൂടുള്ള ഫര്‍ണസിലേക്ക് ഫാക്ടറിയിലെ തകരാര്‍മൂലം വെള്ളം വീണതാണ് പ്രശ്നമായതെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് അധികൃതര്‍ പറഞ്ഞു. വെള്ളം വീണപ്പോഴാണ് വലിയ ശബ്ദമുണ്ടായതെന്നും ഇരുമ്പുചീളുകള്‍ പുറത്തേക്ക് തെറിക്കുകയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.
അപകടമുണ്ടായിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

ലീഡിങ് ഫയര്‍മാന്‍ ബെന്നി കെ. ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന പരിശോധന നടത്തി. കാര്യമായ അപകടമില്ലെന്ന് അവര്‍ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, എ.എസ്.പി. ജി. പൂങ്കുഴലി, കസബ സി.ഐ. ആര്‍. ഹരിപ്രസാദ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ജോയന്റ് ഡയറക്ടര്‍ എസ്. മണി, ഇന്‍സ്പെക്ടര്‍ എന്‍.ജെ. മുനീര്‍ എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തി.
കമ്പനിക്കുചുറ്റിലും പരിസരത്തുമായി രണ്ടായിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്.
കസബ എസ്.ഐ. റിന്‍സണ്‍ എം. തോമസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് സുരക്ഷയൊരുക്കി.

RELATED NEWS

Leave a Reply