കുതിരാന്‍ രണ്ടാം തുരങ്കം ഈ മാസം പൂര്‍ത്തിയാകും

Editorial

വടക്കഞ്ചേരി: കുതിരാനില്‍ രണ്ടാമത്തെ തുരങ്കം ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന പ്രഗതി എന്‍ജിനീയറിങ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. 60 മീറ്ററാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

ഓഗസ്റ്റില്‍ ഗതാഗതത്തിനായി തുരങ്കം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ആദ്യ റോഡ് തുരങ്കമാണിത്. വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതാവികസനത്തിന്റെ ഭാഗമായാണ് ഇരുദിശകളിലേക്കുമായി കുതിരാന്‍മല തുരന്ന് രണ്ട് സമാന്തര തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്.
ഒന്നാം തുരങ്കം ഫെബ്രുവരി 20ന് പൂര്‍ത്തിയായി. 10 മീറ്റര്‍ ഉയരമുള്ള തുരങ്കം ആദ്യഘട്ടത്തില്‍ ഏഴ് മീറ്റര്‍ ഉയരത്തിലാണ് തുരക്കുന്നത്. ഇതേ ഉയരത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിയശേഷം നിരപ്പില്‍നിന്ന് മൂന്ന് മീറ്റര്‍ കൂടി താഴേക്ക് പൊട്ടിച്ചുനീക്കും. ആദ്യഘട്ടം പൂര്‍ത്തിയായ ഒന്നാം തുരങ്കത്തില്‍ നിരപ്പില്‍നിന്ന് മൂന്ന് മീറ്റര്‍ താഴ്ത്തുന്ന ജോലികള്‍ 500 മീറ്റര്‍ ദൂരം പൂര്‍ത്തിയായിട്ടുണ്ട്. 962 മീറ്ററാണ് തുരങ്കത്തിന്റെ നീളം. 14 മീറ്ററാണ് വീതി.

300 മീറ്റര്‍ ദൂരം ഇടവിട്ട് തുരങ്കങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വാഹനം തിരിച്ചുവിടാനാണ് ഇത്.

സുരക്ഷ ഉറപ്പാക്കുന്നതിനായി തുരങ്കത്തിനുള്ളില്‍ വശങ്ങളിലും മേല്‍ഭാഗത്തും ഉരുക്കുപാളികള്‍ ഘടിപ്പിക്കുന്നുണ്ട്. ദേശീയപാതയില്‍ ഇരുമ്ബുപാലത്തിന് സമീപത്തുനിന്നും വഴുക്കുപാറയ്ക്ക് സമീപവുമാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത്.

ഇരുമ്ബുപാലം ഭാഗത്ത് പീച്ചി ജലസംഭരണിക്ക് കുറുകെ അരക്കിലോമീറ്ററോളം ദൂരത്തില്‍ രണ്ട് പാലം നിര്‍മിച്ചാണ് റോഡിനെ തുരങ്കവുമായി ബന്ധിപ്പിക്കുന്നത്. പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്.

RELATED NEWS

Leave a Reply