ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും പിടിവാശിയും കുടുംബ ബന്ധം തകര്‍ക്കുന്നു .

Editorial

ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും പിടിവാശിയും കുടുംബ ജീവിതം തകരാന്‍ കാരണമാകുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. താര എം.എസ് പറഞ്ഞു. കലക്‌ട്രേറ്റില്‍ മെഗാ വനിതാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. നിസാര കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് വലിയ പ്രശ്‌നങ്ങളാക്കി മാറ്റുന്നത് ദമ്പതിമാരുടെ ബന്ധുക്കളാണ്. ആദ്യഘട്ടത്തില്‍തന്നെ പരസ്പരം പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് ജീവിക്കാന്‍ തയ്യാറാണെങ്കിലും ബന്ധുക്കളുടെ പിടിവാശി കാരണം ഇത് സാധ്യമാകാതെ വരുന്ന കേസുകള്‍ കൂടുതായി കമ്മീഷന്‍ പറഞ്ഞു.
സ്വത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങളും കുടുബ ബന്ധങ്ങള്‍ക്കും മനുഷ്യത്വത്തിനും വിലകല്‍പ്പിക്കാത്തതും സ്വത്തിനോടും പണത്തോടും ആര്‍ത്തികൂടുതുമാണ് ഇത്തരം കേസുകള്‍ കൂടാന്‍ കാരണം.
ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതിന് 10 ഉം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും ആഭ്യന്തര സമിതികള്‍ രൂപീകരിക്കണമെന്ന് ലൈംഗികാതിക്രമം തടയുന്ന നിയമം അനുശാസിക്കുന്നുണ്ട്. കൂടാതെ വൈശാഖ കേസിലെ സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശത്തിലും ഇത് പറയുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ ഇത്തരം പരാതി പരിഹാര സമിതികളുടെ രൂപീകരണം ഇതുവരെ കാര്യക്ഷമമായിട്ടില്ല. ഈ സാഹചര്യത്തില്‍ എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര സമിതികളുടെ രൂപീകരണം കര്‍ശനമാക്കാന്‍ വനിതാ കമ്മീഷന്‍ നടപടിയെടുക്കും.
മകളുടെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെത്തിരെ നടപടി സ്വീകരിക്കണമെന്നും പേരകുട്ടികളെ (മരിച്ച മകളുടെ) കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതി കമ്മീഷന്‍ തീര്‍പ്പാക്കി. വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ എത്തി കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാണാനുള്ള അനുമതി കമ്മീഷന്‍ നല്‍കി. വിശേഷ ദിവസങ്ങളിലും മറ്റും കുട്ടികളെ അമ്മ വീകാട്ടുരോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു . മരണം സംബന്ധിച്ച കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കണം.
എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് സ്ത്രീകളുടെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതി കമ്മീഷന്‍ തീര്‍പ്പാക്കി . മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്ന കുറ്റാരോപിതരുടെ ഉറപ്പും മാപ്പപേക്ഷയും പരിഗണിച്ചാണ് കമ്മീഷന്‍ നടപടി.
ഒരു സ്വാകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അതേ സ്‌കൂളിലെ ടീച്ചറോട് മോശമായി പെരുമാറിയെ പരാതി അടുത്ത സിറ്റിങില്‍ പരിഗണിക്കും.
90 പരാതികള്‍ പരിഗണിച്ചതില്‍ 46 എണ്ണം തീര്‍പ്പാക്കി. 18 എണ്ണം അടുത്ത സിറ്റിങില്‍ പരിഗണിക്കും. എട്ട് കേസുകള്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു . അഡ്വ. സുജാത വര്‍മ്മ, ബീന കരുവാത്ത്, ദീപ എബ്രഹാം, വനിതാ സെല്‍ എ.എസ്.ഐ കെ. സഫിയ, സി.പി.ഒ ഷീബ. എസ്, ഐ.സി.ഡി.എസ് സൂപ്രവൈസര്‍ ആസ്യ വാക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply