രമൺശ്രീ വാസ്തവയുടെ ഉപദേഷ്ടാവ് സ്ഥാനം: അതൃപ്തി വർധിക്കുന്നു

Editorial

തിരുവനന്തപുരം: മുൻ ഡി.ജി.പി രമൺ ശ്രീ വാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങളും അതൃപ്തിയും വർധിക്കുന്നു. 1991ൽ വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പാലക്കാട് പുതുപ്പള്ളി തെരുവിലെ പതിനൊന്നു വയസുകാരി സിറാജുന്നീസയെ വെടിവെക്കാൻ ഉത്തരവിടുകയും “ഐ വാണ്ട് മുസ് ലിം ബാസ്‌റ്റേഡ്സ് ഡെഡ് ബോഡി” എന്ന് കീഴുദ്യോഗസ്ഥരോട് ഉറക്കെ ആക്രോശിക്കുകയും ചെയ്ത് കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനാണ് രമൺ ശ്രീ വാസ്തവ. ഇത്തരത്തിൽ ട്രാക് റെക്കോർഡുള്ള ഒരാളെ ഉപദേശകനാക്കുന്നതിനെതിരെ പൊതു സമൂഹത്തിൽ നിന്നും ഉയർന്നു വരുന്ന പ്രതിഷേധങ്ങൾക്കിടെ സി.പി.ഐയും അതൃപ്തിയുമായി രംഗത്തു വരുന്നത് സർക്കാറിന് തലവേദനയാണ്. രമൺ ശ്രീ വാസ്തവയെന്ന് കേൾക്കുമ്പോൾ സിറാജുന്നീസയെ ആണ് ഓർമ വരുന്നതെന്ന സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്റെ പ്രസ്താവനക്കു പിന്നാലെ സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയിലും വിമർശനം ഉയർന്നിട്ടുണ്ട്. ആർ.എസ്.എസുകാർക്ക് പരിശീലനം നൽകിയെന്ന ആക്ഷേപമുള്ള ആളെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത് ശരിയല്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
പോലീസ് സേനയിലും ഇദ്ദേഹത്തെ നിയമിക്കുന്നതിനെതിരെ പ്രതിഷേധമുണ്ട്. വിരമിച്ചതിനു ശേഷം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉപദേഷ്ടാവായി ലക്ഷങ്ങൾ പ്രതിഫലം പറ്റി ജോലി ചെയ്ത ഇദ്ദേഹത്തെ ചീഫ് സെക്രട്ടറി റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കുന്നത് ശരിയല്ലെന്ന അടക്കം പറച്ചിൽ സേനയിലുണ്ട്. മാത്രമല്ല സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് അവർക്കായി സേനയിൽ അനാവശ്യ ഇടപെടൽ നടത്തിയ ആളാണ് വാസ്തവയെന്നും പലരും പറയുന്നു. ഉപദേഷ്ടകനെന്ന നിലയിൽ ഇദ്ദേഹത്തിനുള്ള അധികാര പരിധി എന്തെല്ലാമായിരിക്കുമെന്ന ആശങ്കയും പോലീസ് സേനയിലെ ഉന്നതർക്കുണ്ട്. ജില്ലാ പോലീസ് മേധാവികളിലും റേഞ്ച് ഐ.ജിമാരിലും പലരും ഡി.ജി.പിയോട് ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്തായാലും പോലീസിന്റെ ചെയ്തികൾ മൂലം നിരന്തരം വിമർശനം കേട്ടുകൊണ്ടിരിക്കുന്ന സർക്കാറിന് ഇത് പുതിയ തലവേദന ആയിരിക്കുകയാണ്. ഗുജറാത്തിലെ ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടലിലെ പ്രതികളെ രക്ഷപ്പെടുത്തിയെന്ന ആക്ഷേപമുള്ള ലോക്നാഥ് ബെഹ്റയെ ഡി.ജി.പി ആക്കിയതിനെതിരെ തന്നെ മുഖ്യമന്ത്രിക്കെതിരെ ധാരാളം വിമർശമുണ്ട്. സി.പി.എം- സി.പി.ഐ പോരിന് ഉപദേഷ്ടാവ് നിയമനം ആക്കം കൂട്ടുമെന്ന വിലയിരുത്തലുമുണ്ട്.

RELATED NEWS

Leave a Reply