കലാമണ്ഡലം വാസുപിഷാരടിയുടെ സപ്തതി ആഘോഷം കാറല്‍മണ്ണയില്‍

Festival, Local News

കാറല്‍മണ്ണ: കളിയരങ്ങിന്റെ കുലീനസാന്നിധ്യവും കളരിയുടെ കരുത്തുമായ കലാമണ്ഡലം വാസുപിഷാരടിയുടെ സപ്തതിയാഘോഷം ജനവരി 3, 4 തീയതികളില്‍ കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍സ്മാരക മന്ദിരത്തില്‍ നടക്കും.കേരള കലാമണ്ഡലവും വാഴേങ്കട കുഞ്ചുനായര്‍സ്മാരക ട്രസ്റ്റും കഥകളി ആസ്വാദകരും ശിഷ്യരുമുള്‍പ്പെട്ട കൂട്ടായ്മയാണ് ‘നാഥസൂയം’ എന്ന സപ്തതിയാഘോഷമൊരുക്കുന്നത്. സമഗ്രമായ സെമിനാറുകളും കലാപരിപാടികളും കളിയരങ്ങും രണ്ടുദിവസത്തെ ആഘോഷപരിപാടികള്‍ക്ക് വൈവിധ്യമേകും.മൂന്നിന് രാവിലെ 9.30ന് കലാമണ്ഡലത്തിന്റെ നിളാവാദ്യവൃന്ദത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം. 10.30ന് വാഴേങ്കട കുഞ്ചുനായര്‍സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ചിത്രന്‍നമ്പൂതിരിപ്പാട് തിരിതെളിയിക്കും. 10.45ന് കഥകളിയുടെ വഴിവിളക്കായ അഞ്ച് മഹാരഥന്മാരെ (കലാമണ്ഡലം കൃഷ്ണന്‍നായര്‍, വെള്ളിനേഴി നാണുനായര്‍, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കീഴ്പ്പാടം കുമാരന്‍നായര്‍) അനുസ്മരിക്കുന്ന സിമ്പോസിയത്തില്‍ പ്രഗല്ഭര്‍ പങ്കെടുക്കും. വി. കലാധരന്‍ ആമുഖപ്രഭാഷണം നടത്തും. ഡോ. എന്‍.പി. വിജയകൃഷ്ണന്‍ മോഡറേറ്ററാകും. ഉച്ചകഴിഞ്ഞ് 2.30ന് ഓട്ടന്‍തുള്ളല്‍, 3.30ന് നങ്ങ്യാര്‍കൂത്ത് എന്നിവ അവതരിപ്പിക്കും.വൈകീട്ട് 5.30ന് നാഥസൂയം സപ്തതിസമ്മേളനം കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനംചെയ്യും. കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍ അധ്യക്ഷനാവും. മലബാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ.എ. ചന്ദ്രന്‍, സ്വരലയ പ്രസിഡന്റ് എന്‍.എന്‍. കൃഷ്ണദാസ് എന്നിവര്‍ മുഖ്യാതിഥികളാവും. രാത്രി 7ന് ഡോ. സദനം ഹരികുമാര്‍ സംഗീതക്കച്ചേരി നടത്തും. 8.30 മുതല്‍ കല്യാണസൗഗന്ധികം, കീചകവധം, ദക്ഷയാഗം കഥകളി അരങ്ങേറും.നാലിന് രാവിലെ 10ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, മട്ടന്നൂര്‍ ശ്രീരാജ്, ചെര്‍പ്പുളശ്ശേരി ശിവന്‍, സദനം ഭരതരാജ് എന്നിവരുടെ ഇരട്ടക്കേളിയുണ്ടാകും. 11ന് സൗഹൃദസമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനംചെയ്യും. കോട്ടയ്ക്കല്‍ ഗോപിനായര്‍ അധ്യക്ഷനാവും.ഉച്ചകഴിഞ്ഞ് 2ന് ഗുരുവന്ദനം, 3ന് പൈങ്കുളം രാമചാക്യാരുടെ ചാക്യാര്‍കൂത്ത് എന്നിവ നടക്കും. വൈകീട്ട് 5ന് സമാപനസമ്മേളനം ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനംചെയ്യും. ഡോ. ബാലചന്ദ്രവാരിയര്‍ അധ്യക്ഷനാവും. എം.ബി. രാജേഷ് എം.പി. മുഖ്യാതിഥിയാവും. കിള്ളിമംഗലം വാസുദേവന്‍നമ്പൂതിരിപ്പാട് ഉപഹാരം സമര്‍പ്പിക്കും.ഉണ്ണായിവാരിയരുടെ നളചരിതത്തെ അവലംബിച്ച് വാസുപിഷാരടി രചിച്ച ‘രംഗനൈഷധം’ എന്ന ഗ്രന്ഥം ഡോ. കെ.ജി. പൗലോസ് പ്രകാശനംചെയ്യും. നരിപ്പറ്റ നാരായണന്‍നമ്പൂതിരി ഏറ്റുവാങ്ങും. രാത്രി 7ന് പുറപ്പാട്, മേളപ്പദം, സുഭദ്രാഹരണം, കമലദളം, രാജസൂയം, ദുര്യോധനവധം കഥകളിയരങ്ങ് തുടങ്ങും. ഡോ. കെ.കെ. സുന്ദരേശന്‍ ചെയര്‍മാനും കെ.ബി. രാജ്ആനന്ദ് ജനറല്‍കണ്‍വീനറുമായ സംഘാടകസമിതിക്കാണ് സപ്തതിയാഘോഷപരിപാടികളുടെ നേതൃത്വം.

 

RELATED NEWS

Leave a Reply