നിറപറകളുടെ സമൃദ്ധിയില്‍ ഗുരുവായൂര്‍ കാവിലമ്മയ്ക്ക് താലപ്പൊലി

Festival

ഗുരുവായൂര്‍:ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലിക്ക് വാദ്യതരംഗങ്ങളും നിറപറകളുടെ സമൃദ്ധിയും നിറഞ്ഞുതുളുമ്പി.ഭഗവതിയ്ക്ക് താലപ്പൊലിസംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ‘പിള്ളേരു’ താലപ്പൊലിയായിരുന്നു ഞായറാഴ്ച. പുലര്‍ച്ചെ മൂന്നിന് സന്നിധിയില്‍ ദീപക്കാഴ്ചയോടെയായിരുന്നു ആഘോഷത്തുടക്കം. അന്നമനട പരമേശ്വരമാരാരും ചോറ്റാനിക്കര വിജയനും പരയ്ക്കാട് തങ്കപ്പനും തിമിലനിരയ്ക്കും, ചെര്‍പ്പുളശ്ശേരി ശിവന്‍, കുനിശ്ശേരി ചന്ദ്രന്‍, നെല്ലുവായ് ശശി എന്നിവര്‍ മദ്ദളസംഘത്തിനും നേതൃത്വം നല്‍കിയ പഞ്ചവാദ്യമായിരുന്നു മുന്നില്‍. തുടര്‍ന്ന് പാണ്ടിയ്ക്ക് കോലമര്‍ന്നു. വന്‍ മേളസംഘത്തെ പെരുവനം കുട്ടന്‍മാരാര്‍ നയിച്ചു. ഗജരത്‌നം പത്മനാഭന്‍ ഭഗവതിയുടെ കോലമേറ്റി.മേളശേഷം നടയ്ക്കല്‍പ്പറ തുടങ്ങി. കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞുതുള്ളി കുങ്കുമവും മഞ്ഞള്‍പ്പൊടിയും പുഷ്പവും വാരിവിതറി നൃത്തച്ചുവടുകള്‍ വെച്ചു.രാത്രി പഞ്ചവാദ്യം, മേളം എന്നിവയോടെ നടന്ന എഴുന്നള്ളിപ്പിനുശേഷം കളമെഴുത്തുപാട്ടും നടന്നു. ഭദ്രകാളിയുടെ രൂപം പഞ്ചവര്‍ണ്ണപ്പൊടികളാല്‍ ആലേഖനം ചെയ്ത് കൃഷ്ണദാസ്‌കുറുപ്പ് ദേവിയെ സ്തുതിച്ചുപാടി.മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം ഗോപി ആശാന്‍ പങ്കെടുത്ത നളചരിതം കഥകളിയുള്‍പ്പെടെ വിവിധ കലാപരിപാടികളും ഉണ്ടായി

 

RELATED NEWS

Leave a Reply