മുത്തപ്പന്‍ മലയിറങ്ങി; അരിപ്പ ഭൂസമരവേദി ഭക്തിലഹരിയില്‍

Festival

അഞ്ചല്‍ : മുത്തപ്പന്‍ മലയിറങ്ങി അരിപ്പ ഭൂസമരഭൂമിയില്‍ എത്തിയതോടെ ജനം ഭക്തിലഹരിയിലായി. വടക്കന്‍കേരളത്തില്‍ മാത്രം കണ്ടുവരുന്ന അനുഷ്ഠാനകലയായ മുത്തപ്പന്‍ വെള്ളാട്ടം അരിപ്പ ഭൂസമരവേദിയില്‍ അവതരിപ്പിച്ചു. കണ്ണൂരില്‍നിന്നുള്ള ആറംഗ സംഘമാണ് വെള്ളാട്ടം അവതരിപ്പിച്ചത്.വണ്ണാന്‍ സമുദായക്കാര്‍ ആചാരപരമായി പട്ടും വളയും നേടുമ്പോള്‍ ‘പെരുവണ്ണാന്‍’ ആകും. പെരുവണ്ണാന്‍ വ്രതം അനുഷ്ഠിച്ചാണ് വെള്ളാട്ടം നടത്തുന്നത്. അഭീഷ്ടസിദ്ധിക്കായി ക്ഷേത്രങ്ങളിലും വീടുകളിലും ഇത് അവതരിപ്പിക്കാറുണ്ട്. തീയ്യ സമുദായക്കാരാണ് മടയനാ(കര്‍മ്മി)യി വേദിയില്‍ എത്തുന്നത്. ഐയ്യംതോറ്റം പാട്ടാണ് ഇതിന് ആലപിക്കുന്നത്. ‘ഹരിയോ ഗുരുനാഥവേഷം പൂണ്ടു മായയായി വന്നുമേ അറിഞ്ഞതില്ല’ എന്ന പ്രാര്‍ത്ഥനയോടെയാണ് ആരംഭിക്കുന്നത്. തിരുവപ്പന്‍ അഥവാ വലിയ മുത്തപ്പന്‍ വിഷ്ണുവിന്റെയും ചെറിയ മുത്തപ്പന്‍ വെള്ളാട്ടം ശിവന്റെയും പ്രതിരൂപങ്ങളാണ്. മലയിറക്കിക്കൊണ്ടുവരുന്ന മുത്തപ്പനില്‍നിന്ന് അനുഗ്രഹങ്ങള്‍ വാങ്ങിയശേഷം മലകയറി തിരികെ കൊണ്ടുപോകുന്നതോടെയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്.വേഷങ്ങള്‍ക്കുമുണ്ട് പ്രത്യേകത. ശിവന്റെ ജടയുടെ പ്രതീകമായി 21 ഗുരുക്കന്മാരില്‍ തലപ്പാളി, കൊടുമുടി, താടിമീശ, അരയില്‍ക്കെട്ട്, കാണിമുണ്ട്, ചിലമ്പ്, അമ്പുംവില്ലും, കൊമ്പോല കാത്, വാദ്യമേളങ്ങളായി ചെണ്ട, ഇലത്താളം, ഇടന്തല, തകില് എന്നിവയാണ്ഉപയോഗിക്കുന്നത്. അതിജീവനത്തിനുവേണ്ടി പോരാടുന്ന അരിപ്പയിലെ ഭൂസമരവേദിയില്‍ മുത്തപ്പന്‍ വെള്ളാട്ടം അവതരിപ്പിച്ച് തങ്ങളുടെ അഭീഷ്ടം നേടിയെടുക്കുക എന്നതാണ് ഉദ്ദേശ്യം. ഒരുവര്‍ഷം പിന്നിടുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് മുത്തപ്പന്‍ വെള്ളാട്ടം അവതരിപ്പിച്ചത്.

 

RELATED NEWS

Leave a Reply