വാദ്യഘോഷ തിമർപ്പിൽ അലയടിച്ച് നെന്മാറ ;ആവേശ ഉജ്ജലമായി നെന്മാറ -വല്ലങ്ങി വേല

Festival

നെന്മാറ: കമനീയ ദൃശ്യവിരുന്നൊരുക്കി നെന്മാറ-വല്ലങ്ങി വേല ആഘോഷിച്ചു. തലയെടുപ്പുള്ള കരിവീരന്മാരുടെ എഴുന്നള്ളത്ത്, ആവേശമായി കുടമാറ്റം, പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും വാദ്യവിരുന്ന് എന്നിവ ആസ്വദിക്കാന്‍ ഒഴുകിയെത്തിയ ജനാവലി ആഘോഷത്തിന് മാറ്റേകി.

ഇരുദേശത്തും ആഘോഷപരിപാടികള്‍ രാവിലെ തുടങ്ങി. നെന്മാറദേശത്തിന്റെ ആഘോഷപരിപാടികള്‍ വരിയോല വായനയോടെയാണ് തുടങ്ങിയത്. പറയെഴുന്നള്ളത്ത് പുറപ്പാടിനെത്തുടര്‍ന്ന് കോലം കയറ്റി. ഗുരുവായൂര്‍ പദ്മനാഭന്‍ തിടമ്പേന്തി.
10 ആനകള്‍ അകമ്പടിയായി.

ചോറ്റാനിക്കര വിജയന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യത്തിന് തുടക്കമിട്ടതോടെ പകല്‍വേല എഴുന്നള്ളത്ത് ആരംഭിച്ചു. വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം, നെന്മാറമുക്ക്, ബസ്സ്റ്റാന്‍ഡുവഴി എഴുന്നള്ളത്ത് ആനപ്പന്തലിലെത്തി. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ അകമ്ബടിയില്‍ കുടമാറ്റവും നടന്നു.
വല്ലങ്ങിദേശത്ത് പ്രത്യക്ഷ ഗണപതിഹോമത്തോടെ വേലച്ചടങ്ങുകള്‍ തുടങ്ങി. തിടമ്ബുപൂജ, കേളി, കൊമ്ബ് പറ്റ്, കുഴല്‍പ്പറ്റ് എന്നിവയെത്തുടര്‍ന്ന് പാറമേക്കാവ് ശ്രീ പദ്മനാഭന്‍, ഭഗവതിയുടെ കോലമേന്തി.

കുനിശ്ശേരി അനിയന്‍മാരാരുടെ നേതൃത്വത്തില്‍ വല്ലങ്ങി ശിവക്ഷേത്രസന്നിധിയില്‍ പഞ്ചവാദ്യത്തിന് തുടക്കംകുറിച്ചു. 11 ആനകള്‍ അണിനിരന്ന എഴുന്നള്ളത്ത് സ്കൂള്‍മൊക്ക്, തണ്ണീപ്പാംകുളം, ശ്രീകുറുബക്കാവുവഴി ആനപ്പന്തലിലെത്തി. തുടര്‍ന്ന്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം ആരംഭിച്ചു. കുടമാറ്റത്തിനുശേഷം എഴുന്നള്ളത്ത് കാവുകയറി. ക്ഷേത്രപ്രദക്ഷിണത്തിനുശേഷം നെന്മാറദേശം എഴുന്നള്ളത്തും കാവുകയറി. തുടര്‍ന്ന്, ഇരു ദേശത്തിന്റെയും വെടിക്കെട്ട് നടന്നു.

ഇരുദേശത്തും തായമ്പകയോടെ രാത്രിവേലയ്ക്ക് തുടക്കമായി. മീനം ഒന്നിന് ക്ഷേത്രത്തില്‍ തുടങ്ങിയ ദാരികവധം കളംപാട്ട് ചൊവ്വാഴ്ച സമാപിക്കും.

RELATED NEWS

Leave a Reply