ആവേശത്തോടെ അരുവിക്കരയിലെ വോട്ടര്‍മാര്‍

General
അരുവിക്കര: കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എങ്ങനെയെന്ന് നിര്‍ണയിക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പ്രചാരണത്തില്‍ എല്ലാ പാര്‍ട്ടികളും കാഴ്ചവെച്ച ആവേശം വോട്ടെടുപ്പിലും പ്രതിഫലിക്കുന്നതായാണ് ഉയര്‍ന്ന പോളിങ് ശതമാനം തെളിയിക്കുന്നത്. ആദ്യ മൂന്നു മണിക്കൂറില്‍ തന്നെ 23 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 74 ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്നാണ് പോളിങ് തടസ്സപ്പെട്ടത്. പിന്നീട് മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
153 ബൂത്തുകളില്‍ ഏറിയ പങ്കിലും സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിര രാവിലെ തന്നെയുണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളില്‍ അരുവിക്കരയിലാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ആര്യനാട്ടും വിതുരയിലുമാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. പഞ്ചായത്തുകളെ അപേക്ഷിച്ച് പൂവച്ചലിലാണ് ഏറ്റവും കുറവ് പോളിങ്. ഇടയ്ക്ക് തൊളിക്കോട് ഉള്‍പ്പടെ ചില പഞ്ചായത്തുകളില്‍ മഴ പെയ്‌തെങ്കിലും അത് വോട്ടര്‍മാരുടെ ആവേശത്തെ ബാധിച്ചില്ല. പുലര്‍ച്ചെ വരെ മഴയുണ്ടായിരുന്നെങ്കില്‍ പോളിങ് സമയം ആരംഭിച്ചപ്പോള്‍ മഴ മാറി. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും ആരുവിക്കരയില്‍ ചെറിയതോതില്‍ ഇടയ്ക്ക് പെയ്യുന്നുണ്ട്.
എട്ട് പഞ്ചായത്തുകളിലായി 153 ബൂത്തുകളാണ് വോട്ടിങ്ങിനായി ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 11 ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുണ്ട്. തിരഞ്ഞടുപ്പ് ഫലം ആര്‍ക്ക് അനുകൂലമായാലും ഭരണതലത്തിലും മുന്നണിതലത്തിലും കാതലായ മാറ്റങ്ങള്‍ അനിവാര്യമാകും. അതുകൊണ്ടുതന്നെ, തോല്‍വി ആരും സമ്മതിക്കുന്നില്ല. ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും വിജയം സുനിശ്ചിതമെന്ന് ഇരുമുന്നണികളും ബി.ജെ.പി.യും തറപ്പിച്ചുപറയുന്നു.
ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിക്കപ്പെട്ട പ്രചാരണം യുദ്ധലക്ഷണങ്ങള്‍ കാണിച്ചു. യുദ്ധത്തില്‍ രണ്ടാംസ്ഥാനം എന്നൊന്നില്ല; സമനിലയുമില്ല. തോല്‍വി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മരണതുല്യമാണ് മുന്നണികള്‍ക്ക്.

RELATED NEWS

Leave a Reply