ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന് ശിലയിട്ടു ആസൂത്രണ നയത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല- മന്ത്രി കെ.സി. ജോസഫ

General

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ രാജ്യം പിന്തുടര്‍ന്ന് വരുന്ന ആസൂത്രണ നയത്തില്‍ വെള്ളം ചേര്‍ക്കാനോ അട്ടിമറിക്കാനോ ഉള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ആസൂത്രണ- ഗ്രാമവികസന- സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 2017 ല്‍ ആരംഭിക്കേണ്ട 13-ാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് കേന്ദ്രത്തില്‍ ധാരണയായിട്ടില്ലെങ്കിലും പതിവു പോലെ പഞ്ചവത്സര പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടു പോകുമെന്നും ഇതിനുള്ള നടപടികള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തുടങ്ങിയതായും മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിക്ക് സിവില്‍ സ്റ്റേഷനില്‍ നിര്‍മിക്കുന്ന സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സോവിയറ്റ് യൂനിയന്‍ മാതൃകയില്‍ നെഹ്‌റു ആവിഷ്‌ക്കരിച്ച ആസൂത്രണ നയത്തിന്റെ ഫലമാണ് ഇന്ത്യയ്ക്കുണ്ടായ പുരോഗതി. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിമാനകരമായ സ്ഥാനം ഇന്ന് ഇന്ത്യയ്ക്കുണ്ട്. ഒരു പതിറ്റാണ്ടിനകം ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു. വികസന ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും പദ്ധതി നിര്‍വഹണത്തിലും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികവു പുലര്‍ത്തുന്നതായി മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍, വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ജല്‍സീമിയ, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറയ്ക്കല്‍, സലീം കുരുവമ്പലം, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എം.സി. മുഹമ്മദ് ഹാജി, സി.കെ.എ. റസാഖ്, സി.കെ. ജയദേവന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. ശശികുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ഫിലിപ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ റവന്യൂ വകുപ്പില്‍ നിന്ന് ലഭ്യമാക്കിയ 43 സെന്റ് സ്ഥലത്താണ് ഭരണഘടനാ സ്ഥാപനമായ ജില്ലാ ആസൂത്രണ സമിതിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം പണിയുന്നത്. ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസ്, ജില്ലാ സാമ്പത്തിക സ്ഥിതിവിവര കണക്ക് ഓഫീസ്, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കും. 10.31 കോടി ചെലവില്‍ നിര്‍മിക്കുന്ന നാലുനില കെട്ടിടത്തിന് 3435.95 ച. മീറ്റര്‍ വിസ്തീര്‍ണമുണ്ടാകും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സമാഹരിച്ച 3.35കോടി, സര്‍ക്കാര്‍ വിഹിതമായ മൂന്ന് കോടി ഉള്‍പ്പെടെ 6.35 കോടി ജോലി തുടങ്ങാന്‍ ലഭ്യമാണ്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ചുമതലയില്‍ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സാണ് പ്രവൃത്തി നിര്‍വഹിക്കുന്നത്. കോഴിക്കോട് ആര്‍.കെ. രമേശ് ആര്‍ക്കിട്ടെക്റ്റ്‌സാണ് പ്ലാന്‍- ഡിസൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

 

RELATED NEWS

Leave a Reply