മലപ്പുറം ജില്ലയിലെ 12 ബൂത്തുകകളില്‍ റീ പോളിങ് നടക്കാനിട..

General

വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയ മലപ്പുറം ജില്ലയിലെ 12 ബൂത്തുകകളിലാണ് റീ പോളിങ് നടക്കാനിടയുള്ളത്. മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയ സംഭവം അട്ടിമറിയാണോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബാഹ്യ ഇടപെടല്‍ ഉണ്ടായതായി സംശയിക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പല വോട്ടിംഗ് യന്ത്രങ്ങളിലും കടലാസ് തിരുകിയ നിലയിലും ചിലതില്‍ സ്റ്റിക്കര്‍ പതിച്ച നിലയിലും മറ്റു ചിലതില്‍ സെലോ ടേപ്പ് ഒട്ടിച്ച നിലയിലുമായിരുന്നു. എന്നാല്‍ യഥാര്‍ഥ പോളിങ്ങിന് അര മണിക്കൂര്‍ മുന്‍പ് നടന്ന മോക്ക് പോളിങ്ങില്‍ ഇത്തരത്തില്‍ ഒരു പരാതിയും ഉയര്‍ന്നിരുന്നില്ല.മലപ്പുറം ജില്ലയിലെ മൂന്ന് നഗരസഭകളിലും 42 ഗ്രാമപഞ്ചായത്തുകളിലുമായി 237 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയത്. ഇതില്‍ 227 ബൂത്തുകളില്‍ ഉച്ചക്ക് 12 മണിയോടെ പ്രശ്‌നം പരിഹരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ദ്ധര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കമ്മീഷന്‍ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറോടും എസ്.പിയോടും വിശദീകരണം തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് പ്രശ്‌നകാരണമെന്നാണ് മലപ്പുറം ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ വിശദീകരണം. അവസാന നിമിഷം വരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാനായിരുന്നു  പല ഉദ്യോഗസ്ഥരുടെയും ശ്രമമെന്നും കലക്ടര്‍ പറഞ്ഞു. കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ സൗഹൃദ മത്സരം നടക്കുന്ന വാര്‍ഡുകളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കേടായത് എന്നതാണ് ശ്രദ്ധേയം. വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.

 

RELATED NEWS

Leave a Reply