ഹോൺ രഹിത ദിനാചരണം: ജില്ലയിൽ 116 വാഹനങ്ങൾ പിടിയിൽ

General

മലപ്പുറം: ഹോൺ രഹിത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ അമിത ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്ന 116 വാഹനങ്ങൾ പിടികൂടി.ഇതിൽ നല്ലൊരു ശതമാനവും സ്വകാര്യ ബസുകളാണ്.പൊന്നാനി ,തിരൂരങ്ങാടി ,തിരൂർ ,പെരിന്തൽമണ്ണ ,മലപ്പുറം ,നിലമ്പൂർ ആർ.ടി.ഓഫീസുകൾക്കു കീഴിലായിരുന്നു പരിശോധന.. അതാതു പ്രദേശങ്ങളിലെ .ആർ .ടി.ഒമാർ നേതൃത്വം നൽകി.
ഏപ്രിൽ 26ലെ അന്തർദേശീയ ശബ്ദ അവബോധ ദിനത്തിന്റെ ഭാഗമായാണ് വിവിധ സംരംഭങ്ങളുമായി ചേർന്ന് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഹോൺ രഹിത ദിനം ആചരിച്ചത്.ശബ്ദ മലിനീകരണത്തിന്റെ അപകടങ്ങൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. വാഹനങ്ങൾ പരമാവധി ഹോൺ മുഴക്കാതെ ഓടിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
പൊതുയോഗം ,സൈക്കിൾ റാലി എന്നിവ നടന്നു. ശബ്ദ മലിനീകരണത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ബോധവത്ക്കരണം നൽകുന്ന പോസ്റ്ററുകൾ, സീഡികൾ എന്നിവ പുറത്തിറക്കി.
പെരിന്തൽമണ്ണ മൗലാന കോളേജ് ഓഫ് നഴ്സിങ്, എം.ഇ.എസ് മെഡിക്കൽ കോളേജ്, കോട്ടക്കൽ അൽമാസ് ആശുപത്രി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച റോഡ് ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടു.ജില്ലയിലെ അനവധി സർക്കാർ വകുപ്പുകൾ മറ്റു പല സംരംഭങ്ങളുമായി ഏകോപിപ്പിച്ച് സംഘടിപ്പിച്ച ഹോൺ രഹിത ദിനം ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കായി ഏറെ ഫലപ്രദമായെന്നാണ് വിലയിരുത്തൽ.

RELATED NEWS

Leave a Reply