പ്ലാച്ചിമട സമരത്തിന് ഒന്നര പതിറ്റാണ്ട്; സമരം പുതിയ തലത്തിലേക്ക്

General

പാലക്കാട്: ജീവജലത്തിനായുള്ള ഐതിഹാസിക ചെറുത്തുനിൽപ്പിൽ ആഗോള കുത്തക ഭീമൻ കൊക്കക്കോളയെ നാടുകടത്തിയ പ്ലാച്ചിമട സമരത്തിന് 15 വർഷം തികയുന്നു.2002ലാണ് അന്തരിച്ച സമര നായിക മയിലമ്മയുടെ നേതൃത്വത്തിൽ സാധാരണക്കാർ തെരുവിലിറങ്ങിയത്. ഉത്പാദനത്തിനായി പ്രദേശത്തെ ജലസോതസുകളിൽ നിന്നും കുടിവെള്ളമുൾപ്പെടെ കൊക്കക്കോള കമ്പനി ഊറ്റാൻ തുടങ്ങിയതോടെയാണ് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
എന്നാൽ ,കൊക്കക്കോള കമ്പനി അടച്ചു പൂട്ടി വർഷങ്ങളായിട്ടും അവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി ദുരിതമനുഭവിച്ചവർക്കു നൽകാൻ അധികൃതർ ഇതുവരെ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ വീണ്ടും സമര കാഹളം മുഴങ്ങുന്നത്. നിലവിൽ പ്ലാച്ചിമടയിലെ സമരപന്തലിൽ തുടരുന്ന സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കലക്ടറേറ്റിനു മുന്നിൽ സമര പന്തൽ ഒരുക്കി കൊക്കക്കോള വിരുദ്ധ അനിശ്ചിതകാല സത്യഗ്രഹമായി അങ്ങോട്ട് മാറ്റുന്നത്. ശനിയാഴ്ച ആരംഭിച്ച സമരം പ്രമുഖ ജല സംരക്ഷണ പ്രവർത്തകൻ മഗ്സസെ അവാർഡ് ജേതാവായ ഡോ. രാജേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു.പൊതു പ്രവർത്തന രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ദിവസേനയെന്നോണം സമരത്തിൽ പങ്കെടുക്കാനും അഭിവാദ്യമർപ്പിക്കാനുമായി നൂറു കണക്കിന് ആളുകളാണ് സമരപന്തലിലേക്ക് ഒഴുകുന്നത്.നിരവധി സംഘടനകളും എത്തുന്നുണ്ട്.കന്നിയമ്മ ,ശാന്തി തുടങ്ങിയ പ്ലാച്ചിമട സമരസമിയിലെ നേതാക്കളെല്ലാം പുതിയ സമരത്തിന് ചുക്കാൻ പിടിച്ചു മുൻപന്തിയിലുണ്ട്.
കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു സംബന്ധിച്ച് പഠിക്കാൻ വി.എസ്.അച്യുതാനന്ദൻ സർക്കാർ കമീഷനെ നിയോഗിക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നെങ്കിലും സമരത്തിന് ഒന്നര പതിറ്റാണ്ട് തികയുന്ന ഈ സമയത്തും അതു യാഥാർത്ഥ്യമാവാതെ വന്നതോടെയാണ് പുതിയ ആവിഷ്ക്കാരവുമായി സമരം വീണ്ടും സജീവമാകുന്നത്.

RELATED NEWS

Leave a Reply