ക്ഷീണത്തിന്റെ കാരണങ്ങളും പ്രസരിപ്പ്‌ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളും.

Health Tips

അമിതക്ഷീണം സ്‌ത്രീകളെ തളര്‍ത്തിയേക്കാം. ക്ഷീണത്തിന്റെ കാരണങ്ങളും പ്രസരിപ്പ്‌ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളും.

‘എന്തൊരു ക്ഷീണം’ എന്ന്‌ ആത്മഗതം നടത്തുമെങ്കിലും സ്വന്തം ആരോഗ്യത്തെക്കുറിച്ച്‌ ശ്രദ്ധിക്കാന്‍ വീട്ടമ്മമാര്‍ക്കു നേരമില്ല. മക്കള്‍ക്കും ഭര്‍ത്താവിനും ബുദ്ധിമുട്ടാകുമെന്നു കരുതി മിണ്ടാതിരിക്കും.

ഇത്‌ നിസാരമെന്നു കരുതുന്ന രോഗങ്ങളെപ്പോലും സങ്കീര്‍ണമായ അവസ്‌ഥയില്‍ കൊണ്ടെത്തിക്കും. അമിത ക്ഷീണം അലട്ടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത്‌ ഗുരുതരമായ ഏതെങ്കിലും രോഗത്തിന്റെ മുന്നറിയിപ്പാണെങ്കിലോ.

ക്ഷീണം എന്തുകൊണ്ട്‌

പ്രായഭേദമന്യേ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്ഷീണം അനുഭവപ്പെടാം. ഇതിന്‌ പല കാരണങ്ങളുണ്ട്‌. വിശ്രമമില്ലാതെയുള്ള ജോലി, സാധാരണ യാത്ര ചെയ്യുന്നതിലും കൂടുതല്‍ യാത്ര ചെയ്യുക, കഠിനാധ്വാനം എന്നിവയെല്ലാം ക്ഷീണമുണ്ടാക്കാം. അങ്ങനെയുള്ള ക്ഷീണം രണ്ടാഴ്‌ചയില്‍ കൂടുതല്‍ നില്‍ക്കില്ല.

ആര്‍ത്തവകാലത്ത്‌ അമിത രക്‌തസ്രാവം ഉണ്ടാകുന്നതുമൂലം സ്‌ത്രീകളില്‍ വിളര്‍ച്ചയും തുടര്‍ന്ന്‌ ക്ഷീണവും ഉണ്ടാകാറുണ്ട്‌. വൈറല്‍ ഫീവര്‍ പോലുള്ള ചില പ്രത്യേകതരം അണുബാധകളുടെ ഭാഗമായി രണ്ടാഴ്‌ചവരെ ക്ഷീണം വരാം.

ചിലരില്‍ ഇതു കഴിഞ്ഞും ക്ഷീണം നിലനില്‍ക്കുന്ന ക്രോണിക്‌ അവസ്‌ഥ ഉണ്ടാകാറുണ്ട്‌. ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം ലവണങ്ങളുടെ അസന്തുലിതാവസ്‌ഥയും മസില്‍, ഞരമ്പ്‌ രോഗങ്ങളുടെ ലക്ഷണമായും ക്ഷീണം ഉണ്ടാകും.

ക്ഷീണം രോഗലക്ഷണം ?

രണ്ടാഴ്‌ചയില്‍ കൂടുതല്‍ നില്‍ക്കുന്ന ക്ഷീണം, പ്രത്യേകിച്ച്‌ കാരണങ്ങളൊന്നുമില്ലാതെയുള്ള ക്ഷീണം എന്നിവ സൂക്ഷിക്കണം. ക്ഷീണത്തിനൊപ്പം ശ്വാസംമുട്ടല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിലും ശ്രദ്ധിക്കുക. സ്‌ത്രീകളില്‍ കൂടുതലായി ക്ഷീണം ഉണ്ടാകുന്നത്‌ അനീമിയ മൂലമാണ്‌. രക്‌തക്കുറവാണ്‌ ഇതിനു കാരണം.

ഇത്‌ രണ്ട്‌ രീതിയില്‍ ഉണ്ടാകാം. കഴിക്കുന്ന ആഹാരത്തിന്റെ അളവ്‌ കുറയുന്നതും വിരശല്യവും രക്‌തക്കുറവിന്‌ കാരണമാണ്‌. ഭക്ഷണത്തിന്റെ അളവ്‌ കുറയുന്നതുകൊണ്ട്‌ ഗര്‍ഭിണികളിലും അനീമിയ പ്രത്യക്ഷപ്പെടാറുണ്ട്‌. പല ഗുരുതര രോഗങ്ങളുടെയും ലക്ഷണമാണ്‌ ക്ഷീണം.

ടി.ബി പോലുള്ള അണുബാധകള്‍, തൈറോയിഡ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, കാന്‍സര്‍, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ ഇവയുടെ ലക്ഷണമായി ക്ഷീണം ഉണ്ടാകാം.

ഭക്ഷണക്കുറവ്‌

പോഷകാഹാരത്തിന്റെ കുറവും സമയാസമയങ്ങളില്‍ ഭക്ഷണം കഴിക്കാത്തതും സ്‌ത്രീകളില്‍ ക്ഷീണമുണ്ടാക്കും. സ്‌കൂള്‍ കുട്ടികളും, ജോലി ചെയ്യുന്ന സ്‌ത്രീകളും തിരക്കിനിടയില്‍ രാവിലത്തെ ഭക്ഷണം ഒഴിവാക്കുക പതിവാണ്‌.

ഇതുമൂലം ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കുറഞ്ഞ്‌ ക്ഷീണം അനുഭവപ്പെടുന്നു. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതാണ്‌. സ്‌ഥിരമായി മദ്യപാനവും ക്ഷീണത്തിന്‌ കാരണമാകാറുണ്ട്‌.

ശാരീരിക മാനസിക പ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല മാനസിക പ്രശ്‌നങ്ങളും ക്ഷീണത്തിനു വഴിവയ്‌ക്കും. വിഷാദംപോലെയുള്ള മാനസിക രോഗങ്ങളുടെ ലക്ഷണമായി ക്ഷീണം പ്രത്യക്ഷപ്പെടാം.

ഉത്സാഹക്കുറവ്‌, കാര്യങ്ങള്‍ ചെയ്യാനുള്ള മടുപ്പ്‌ എന്നിവയാണ്‌ ഇതിന്റെ ലക്ഷണം. അതായത്‌ നേരത്തെ ചെയ്യാന്‍ ഇഷ്‌ടമുണ്ടായിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാനുള്ള മടി. പാചകം ഉത്സാഹത്തോടെ ചെയ്‌തിരുന്നയാള്‍ക്ക്‌ അത്‌ ഇഷ്‌ടമല്ലാതെയാവുക, പതിവായി നടന്നിരുന്ന വ്യക്‌തി നടക്കാനിഷ്‌ടപ്പെടാതെ വരുക എന്നിങ്ങനെ നിത്യ ജീവിതത്തില്‍ സ്‌ഥിരം ചെയ്‌തുവരുന്ന കാര്യങ്ങളിലുള്ള അനിഷ്‌ടം.

മദ്യപിക്കുന്ന ഭര്‍ത്താക്കന്മാരുള്ള സ്‌ത്രീകളിലാണ്‌ ഇത്‌ കൂടുതലായി കണ്ടുവരുന്നത്‌. അമിത ഉത്‌കണ്‌ഠ, മാനസികസമ്മര്‍ദം ഇവയും ക്ഷീണത്തിന്‌ കാരണമാണ്‌.

RELATED NEWS

Leave a Reply