ഗുണമറിഞ്ഞ്‌ കഴിക്കാം പ്രകൃതി വിഭവങ്ങള്‍

Health Tips

നാം കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും ഏതെല്ലാം തരത്തിലാണ്‌ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതെന്ന്‌ പലര്‍ക്കും അറിഞ്ഞു കൂടാ. ആരോഗ്യരക്ഷയ്‌ക്ക് പ്രകൃതി നല്‍കുന്ന വിഭവങ്ങളെ അടുത്തറിയാം.ആരോഗ്യ സംരക്ഷത്തിനായി പ്രകൃതി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍ നിരവധിയാണ്‌. പഴങ്ങളും പച്ചക്കറികളും നിത്യേന ആഹാരത്തില്‍ ഉല്‍പ്പെടുത്തണം എന്ന്‌ നമുക്ക്‌ അറിയാം.എന്നാല്‍ നാം കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും ഏതെല്ലാം തരത്തിലാണ്‌ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതെന്ന്‌ പലര്‍ക്കും അറിഞ്ഞു കൂടാ. ആരോഗ്യരക്ഷയ്‌ക്ക് പ്രകൃതി നല്‍കുന്ന വിഭവങ്ങളെ അടുത്തറിയാം.

തക്കാളി

പഴുത്ത തക്കാളി കഴിക്കുന്നത്‌ രക്‌തം ശുദ്ധീകരിക്കുന്നതിനും ഞരമ്പുകള്‍ക്ക്‌ ശക്‌തിയും പുഷ്‌ടിയും നല്‍കുന്നതിനും സഹായിക്കുന്നു. തക്കാളി നീരില്‍ തേന്‍ ചേര്‍ത്ത്‌ ഉപയോഗിച്ചാല്‍ മൂത്രത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയും. ഇരുപത്‌ ഗ്രാം തക്കാളി നീര്‌ ദിവസം നാലു പ്രാവശ്യം ഉപയോഗിച്ചാല്‍ ത്വക്ക്‌ രോഗങ്ങളും മോണയില്‍ നിന്ന്‌ രക്‌തം വരുന്നതും തടയാം

ഏത്തപ്പഴം

ദിവസം ഒരു ഏത്തപ്പഴവും നാഴി പാലും ഒരു കരണ്ടി മുന്തിരിങ്ങാ സത്തും വീതം ചേര്‍ത്തത്‌ ഒരു മാസം ഉപയോഗിച്ചാല്‍ സ്‌ത്രീകളിലെ വെള്ളപോക്കിന്‌ ശമനമുണ്ടാകും.ഏത്തപ്പഴം നല്ല തീക്കനലില്‍ ഇട്ട്‌ ചുട്ട്‌ തൊലി കളഞ്ഞ്‌ കുരുമുളക്‌ പൊടി വിതറി ചെറുചൂടോടെ കഴിച്ചാല്‍ ആസ്‌ത്മയ്‌ക്ക് കുറവുണ്ടാകും.ദഹനക്കുറവിന്‌ ഏത്തപ്പഴം അത്യൂത്തമമാണ്‌.

കാരറ്റ്‌

ഒരു ഗ്ലാസ്‌ കാരറ്റ്‌ ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത്‌ രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാല്‍ വെള്ളപോക്ക്‌ മാറും. സ്‌തനവളര്‍ച്ച, ദൃഢത, മഞ്ഞപ്പിത്തം ഇവയ്‌ക്ക് കാരറ്റ്‌ നീര്‌ ഫലപ്രദമാണ്‌. ക്ഷയരോഗത്തിന്‌ കാരറ്റു സൂപ്പ്‌ വച്ച്‌ കുടിക്കുന്നത്‌ നല്ലതാണ്‌.

മുന്തിരി

രക്‌തക്കുറവ്‌ മൂലമുണ്ടാകുന്ന വിളര്‍ച്ചയ്‌ക്ക് കറുത്ത മുന്തിരി തുടരെ കഴിച്ചാല്‍ മതി. മുന്തിരിച്ചാറ്‌ ദിവസവും കഴിക്കുന്നത്‌ ആസ്‌ത്മയ്‌ക്ക് നല്ലതാണ്‌. മുന്തിരി കഴിക്കുന്നത്‌ നേത്രരോഗങ്ങളകറ്റുകയും കണ്ണിന്‌ ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

മാമ്പഴം

വിശപ്പില്ലാഴ്‌മയ്‌ക്ക് മാമ്പഴം ഉപയോഗിക്കുന്നത്‌ ഗുണം ചെയ്യും. അരഗ്ലാസ്‌ മാമ്പഴച്ചാറും അര ഔണ്‍സ്‌ തേനും ചേര്‍ത്ത്‌ ദിവസേന കഴിക്കുന്നത്‌ മൂത്രത്തില്‍ കല്ല്‌ അകറ്റാന്‍ നല്ലതാണ്‌.

ഓറഞ്ച്‌

ഓറഞ്ചു നീരും നാരങ്ങാ നീരും ദിവസവും രണ്ടുപ്രാവശ്യം വീതം കഴിച്ചാല്‍ വിളര്‍ച്ച മാറും. ഇടയ്‌ക്കിടയ്‌ക്ക് പനിവരുന്നവര്‍ക്ക്‌ ഓറഞ്ച്‌ ഉപയോഗിച്ച്‌ രോഗത്തെ പ്രതിരോധിക്കാം.

മധുരനാരങ്ങ

പഴുത്തമധുരനാരങ്ങയുടെ തൊലി ഉണങ്ങി പൊടിച്ച്‌ തേനില്‍ കുഴച്ച്‌ സേവിച്ചാല്‍ ഛര്‍ദിമാറും. മധുരനാരങ്ങയുടെ നീര്‌ കുട്ടികള്‍ക്ക്‌ ദിവസവും കൊടുത്താല്‍ പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷനേടാം.വിശപ്പുണ്ടാകാന്‍ മധുരനാരങ്ങ കഴിക്കുന്നത്‌ നല്ലതാണ്‌.

പേരയ്‌ക്കാ

വയറിളക്കത്തിന്‌ പേരയ്‌ക്കാപ്പഴം കഴിക്കുന്നത്‌ നല്ലതാണ്‌് മലബന്ധമുള്ളവര്‍ ദിവസവും ഒരു പേരയ്‌ക്കാ വീതം കഴിച്ചാല്‍ മതി.

കൈതച്ചക്ക

മൂത്രാശയത്തില്‍ കല്ലുള്ളവര്‍ കൈതച്ചക്ക നീര്‌ പതിവായി കഴിക്കുന്നത്‌ നല്ലതാണ്‌. കൈതച്ചക്കയുടെ നീര്‌ ധാരാളമായി കഴിച്ചാല്‍ ദേഹത്തുണ്ടാകുന്ന വരട്ടുചൊറി മാറും. വിരയുടെ ശല്യമുള്ള കുട്ടികള്‍ക്ക്‌ ഇതിന്റെ ചാറില്‍ വെളുത്തുള്ളി നീര്‌ ചേര്‍ത്തു കൊടുത്താല്‍ മതി.

ആപ്പിള്‍

അപസ്‌മാര രോഗികള്‍ ആപ്പിള്‍ കഴിച്ചാല്‍ ക്രമേണ രോഗശാന്തി കിട്ടും.പനിയുള്ളപ്പോള്‍ ആപ്പിള്‍ കഴിച്ചാല്‍ ചൂടുകുറയും അത്‌ വഴി പനി എളുപ്പം മാറുകയും ചെയ്യുന്നു. കരള്‍ രോഗമുള്ളവരും വയറു വേദന ഉള്ളവരും പുളിയുള്ള ആപ്പിള്‍ കഴിക്കുന്നതാണ്‌ നല്ലത്‌.

നെല്ലിക്ക

ഒരൗണ്‍സ്‌ നെല്ലിക്കാ നീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച്‌ ഒരു നുള്ളു മഞ്ഞള്‍ പൊടിയും ചേര്‍ത്ത്‌ ദിവസവും അതിരാവിലെ കഴിക്കുന്നത്‌ പ്രമേഹരോഗത്തിന്‌ നല്ലതാണ്‌.

നെല്ലിക്കാ നീരില്‍ തേന്‍ ചേര്‍ത്ത്‌ സേവിച്ചാല്‍ വിളര്‍ച്ച മാറും.നെല്ലിക്കാ നീരും സമം കരിമ്പിന്‍ നീരും അതിരാവിലെ കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറിക്കിട്ടും.

കുമ്പളങ്ങ

കുമ്പളങ്ങ നുറുക്കി വെയിലത്ത്‌ ഉണക്കി ഉപ്പിട്ടു വച്ചത്‌ ഉപയോഗിച്ചാല്‍ മൂലക്കുരു അടക്കമുള്ള ഉദരരോഗങ്ങള്‍ ശമിക്കും.

വെള്ളരിക്ക

വെള്ളരിക്ക നീര്‌ അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്ര തടസം മാറും.വെള്ളരിയിലച്ചാറും തേനും ചേര്‍ത്ത്‌ കണ്ണിലൊഴിച്ചാല്‍ ചുവപ്പ്‌, ചൊറിച്ചില്‍ ഇവ ശമിക്കും. വെള്ളരിക്കാ നീര്‌ ഗര്‍ഭകാലത്ത്‌ സേവിച്ചാല്‍ സുഖപ്രസവമുണ്ടാകും.

RELATED NEWS

Leave a Reply