ജോര്‍ജ് : അനുരഞ്ജനശ്രമം തുടരുന്നു; മാണി വിട്ടുവീഴ്ചയ്ക്കില്ല

Kerala News

ചീഫ് വിപ്പ് സ്ഥാനത്ത് തുടരും

തിരുവനന്തപുരം: പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍, യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കുംവരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജോര്‍ജിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി മന്ത്രി കെ എം മാണിയുടെ വസതിയിലെത്തി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് മാണി എന്നാണ് സൂചുന.ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കി രാജിക്കത്തുമായാണ് വെള്ളിയാഴ്ച രാവിലെ ജോര്‍ജ് ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം ക്ലിഫ് ഹൗസിന് പുറത്തെത്തിയ ജോര്‍ജ് യു ഡി എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ എടുക്കുന്ന തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.താന്‍ ഇപ്പോഴും യു ഡി എഫിന്റെ ഭാഗം തന്നെയാണെന്ന് ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു ഡി എഫ് ചെയര്‍മാനും കണ്‍വീനറും ഘടകകക്ഷി നേതാക്കളും തന്നോട് മാന്യമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പി ജെ ജോസഫ് വിഭാഗവും തന്നോട് മോശമായി പെരുമാറിയിട്ടില്ല. തീരുമാനം വരുംവരെ കാത്തിരിക്കും. എടുത്തുചാടി ഒന്നും ചെയ്യുന്നത് ശരിയല്ല. അഴിമതിക്കെതിരായ പോരാട്ടം തുടരും. ജനവികാരവും മാന്യതയും മാത്രമാണ് തനിക്ക് പ്രശ്‌നം. മന്ത്രി മാണിയുടെ നിലപാടിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും അതിലേക്കൊന്നും കടക്കുന്നില്ലെന്ന് ജോര്‍ജ് പ്രതികരിച്ചു.

RELATED NEWS

Leave a Reply