മലപ്പുറത്തെ വസ്തു നികുതി ഓണ്‍ലൈനായി അടക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി പ്രഖ്യാപിച്ചു.

Kerala News

മലപ്പുറം ജില്ലയെ സംസ്ഥാനത്ത് വസ്തു നികുതി ഓണ്‍ലൈനായി അടക്കുന്ന ആദ്യ ജില്ലയായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലെയും കെട്ടിട നികുതി വീട്ടിലിരുന്ന് വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി പൊതുജനങ്ങള്‍ക്ക് അടക്കാന്‍ കഴിയും. ഇതിനു പുറമെ പഞ്ചായത്തുകളുടെ ബോര്‍ഡ് തീരുമാനങ്ങള്‍ വെബസൈറ്റില്‍ നിന്നും പൊതുജനങ്ങള്‍ക്ക് അറിയാവുന്ന സകര്‍മ്മകയുടെ ജില്ലാ തല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ ജനങ്ങളും പഞ്ചായത്തുമുള്ള ജില്ല കൈവരിച്ച നേട്ടത്തില്‍ ഉദ്യോഗസ്ഥരേയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരേയും മന്ത്രി അഭിനന്ദിച്ചു. 1054639 കെട്ടിടങ്ങളാണ് ജില്ലയിലുള്ളത്. 38 കോടിയോളം രൂപയാണ് നികുതിയിനത്തില്‍ പിരിക്കേണ്ടത്.
കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ മാസത്തെ പദ്ധതി ചിലവില്‍ ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ. നാസര്‍, എ.ഡി.എം പി. സെയ്യിദലി, ഡി.ഡി.പി കെ. മുരളീധരന്‍, എസ്.ബി.ടി. അസിസ്റ്റന്റ് മാനേജര്‍ തമ്പിപോള്‍, ഐ.കെ.എം ജില്ലാ കോഡിനേറ്റര്‍ രാജന്‍. എം.പി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി സത്യന്‍ തിരുമംഗലത്ത്, വി. നൗഷാദ് അലി, നവാസ്. പി, സി.പി. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply