അങ്ങാടിപ്പുറത്ത് കുടിവെള്ളപദ്ധതികള്‍ പ്രയോജനരഹിതമാകുന്നു

Local News

അങ്ങാടിപ്പുറം: കുടിവെള്ളപദ്ധതികള്‍ ഒട്ടേറെയുണ്ടെങ്കിലും വേനല്‍ക്കാലത്ത് പ്രയോജനരഹിതമാകുന്ന അവസ്ഥയാണ് അങ്ങാടിപ്പുറം പഞ്ചായത്തില്‍. പലയിടത്തും ഭൂഗര്‍ഭ ജലവിതാനം ഏറെ താഴ്ചയിലാണ്. കിണറുകളടക്കം ജലസ്രോതസ്സുകള്‍ വറ്റി കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെയും ജല അതോറിറ്റിയുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെയാണ് കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്.

പരിയാപുരം, വൈലോങ്ങര കിഴക്കേമുക്ക്, പുത്തനങ്ങാടി, ചോലക്കുളം, അരിപ്ര മണ്ണാറമ്പ് നങ്ങാണിയംപറമ്പ് , തോണിക്കര, തടത്തില്‍വളവ്, പടിഞ്ഞാറേപ്പാടം, ഏറാന്തോട്, അമ്ബാടി നഗര്‍, പൂപ്പലം, ചാത്തോലിക്കുണ്ട്, കുന്നത്തുംപടി, ചാത്തനല്ലൂര്‍, കമല നഗര്‍, കുന്നുംപുറം എന്നിവിടങ്ങളില്‍ വേനല്‍ക്കാലത്ത് ശുദ്ധജലക്ഷാമമുണ്ട്.

വൈലോങ്ങര കിഴക്കേമുക്കിലും അരിപ്രയിലും ജലദൗര്‍ലഭ്യം ഏറെയുണ്ട്. കിഴക്കേമുക്കില്‍ കിണറുകളെല്ലാം വറ്റി. ഒന്നിടവിട്ടദിവസങ്ങളില്‍ പഞ്ചായത്ത് വിതരണംചെയ്യുന്ന കുടിവെള്ളമാണ് ഇവര്‍ക്ക് ഏക ആശ്രയം. പാറപ്പറമ്പിലും ഓരാടംപാലത്തുനിന്ന് ചെരക്കാപ്പറമ്പിലേക്കു പോകുന്ന ഭാഗത്തും ഇതുതന്നെയാണ് സ്ഥിതി. കിഴക്കേമുക്കിലും അരിപ്രയിലും ജല അതോറിറ്റിയുടെ ജലവിതരണസംവിധാനമില്ല. അങ്ങാടിപ്പുറം പഞ്ചായത്തില്‍ പച്ചക്കറിക്കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്ന പ്രദേശമാണ് അരിപ്ര. വിഷുവിനായി ഇവിടെ വിളവെടുക്കുന്ന വെള്ളരി പ്രസിദ്ധമാണ്. ജലക്ഷാമംകാരണം ഇപ്രാവശ്യം വേണ്ടത്ര വിളവെടുപ്പ് നടത്താനായില്ല. പച്ചക്കറികള്‍ വേനലില്‍ കരിഞ്ഞു. ചെറുതോടിന്റെ ഭാഗമായ കൂറ്റാംചിറ തോട്ടിലെ കൈയേറ്റമാണ് കടുത്ത ജലക്ഷാമത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ക്ക് അഭിപ്രായമുണ്ട്.

24 വാര്‍ഡുകളിലും പഞ്ചായത്ത് ടാങ്കര്‍ലോറിയില്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്. ത്വരിത ഗ്രാമീണ ശുദ്ധജലപദ്ധതി വഴി ജലഅതോറിറ്റിയുടെ വിതരണം വേനലിലും മുടക്കമില്ലാതെ പ്രാവര്‍ത്തികമാക്കുന്നതുകൊണ്ട് മിക്ക പ്രദേശങ്ങളിലും ജലക്ഷാമം കാര്യമായി അനുഭവപ്പെടുന്നില്ല. പുളിങ്കാവ് ശുദ്ധീകരണപ്ലാന്റില്‍നിന്ന് ചീരട്ടാമലയിലെ ജലസംഭരണിയിലേക്ക് പമ്പുചെയ്യുന്ന വെള്ളം ചെരക്കാപ്പറമ്പില്‍ എത്തിച്ചാണ് അങ്ങാടിപ്പുറത്ത് വിതരണംചെയ്യുന്നത്. പുത്തനങ്ങാടി, മാലാപ്പറമ്പ് എന്നിവിടങ്ങളിലേക്ക് ചീരട്ടാമലയില്‍നിന്ന് നേരിട്ടും പമ്പ് ചെയുന്നു . 250 എച്ച്‌.പി. മോട്ടോര്‍ ഉപയോഗിച്ചാണ് ചെരക്കാപ്പറമ്പിലെ സംഭരണിയിലേക്ക് വെള്ളം പമ്പു ചെയ്യുന്നത്. ഇതിന് ഉയര്‍ന്ന വോള്‍ട്ടേജ് ആവശ്യമാണ്. അങ്ങാടിപ്പുറത്ത് കൂടെക്കൂടെ അനുഭവപ്പെടുന്ന വോള്‍ട്ടേജ് പ്രശ്നം കാരണം പംമ്പിങ് തടസ്സപ്പെടും. അപ്പോള്‍ മാത്രമാണ് ജലവിതരണം തടസ്സപ്പെടാറുള്ളതെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബിന്ദു പറഞ്ഞു.

RELATED NEWS

Leave a Reply