ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് പണി തീരാത്ത കെട്ടിടം

Local News

ഒറ്റപ്പാലത്തുകാര്‍ക്ക് അറിയേണ്ട കാര്യമിതാണ്, എന്തിനാണ് കൊട്ടിഘോഷിച്ച് മിനി സിവില്‍ സ്‌റ്റേഷന്റെ ഉദ്ഘാടനം നടത്തിയതെന്ന്. കാരണം കേരളത്തിലെ ഏറ്റവും മികച്ച ഹൈടെക് സംവിധാനങ്ങളുള്ള മിനി സിവില്‍ സ്‌റ്റേഷന്‍ എന്നൊക്കെ പറഞ്ഞായിരുന്നു കഴിഞ്ഞ മെയ് പത്തിന് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു ഉദ്ഘാടകന്‍. റവന്യൂ മന്ത്രി അടൂര്‍ പ്രകാശും മറ്റും പങ്കെടുത്ത ഉദ്ഘാടന പരിപാടിക്ക് ശേഷം ഗാനമേളയും മിമിക്‌സ് പരിപാടിയുമെല്ലാം നടന്നു. ഉദ്ഘാടന ചടങ്ങ് തന്നെ വിവിധ സെമിനാറുകളും മറ്റുമായി ഒരാഴ്ച്ചയോളം നീണ്ടു നിന്നിരുന്നു. ഉദ്ഘാടന പരിപാടിക്കും മറ്റുമായി ലക്ഷങ്ങളാണ് ഒഴുകിയത്. വിവിധ സ്‌പോണ്‍സര്‍മാരെ പങ്കെടുപ്പിച്ചാണ് ലക്ഷങ്ങള്‍ ചെലവു വരുന്ന പരിപാടി നടത്തിയതെന്നു പറഞ്ഞിരുന്നതെങ്കിലും അതിന്റെ കണക്കുകളൊന്നും പുറത്തു വന്നിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും സ്ഥലം കണ്ടെത്താനുള്ള പ്രശ്‌നങ്ങള്‍ക്കു ശേഷമാണ് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം നടത്തിയത് തന്നെ. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഓഫീസും പുതിയ ഫര്‍ണിച്ചറുമൊക്കെ എത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അതു കൊണ്ടു തന്നെ ഉദ്ഘാടനത്തിന് ശേഷം ഒരാഴ്ച്ചക്കകം സിവില്‍ സ്റ്റേഷന്‍ തുറക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം മാസം ആറായിട്ടും എന്നിതു പ്രവര്‍ത്തിച്ചു തുടങ്ങുമെന്നത് ആര്‍ക്കുമറിയില്ല. രണ്ട് മാസം മുമ്പ് ജില്ലാ കലക്ടറുടെ ചേമ്പറില്‍ മിനി സിവില്‍ സ്റ്റേഷന്‍ തുറക്കുന്നത് സംബന്ധിച്ച് എം.എല്‍.എയും കലക്ടറും മറ്റു ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നിരുന്നു. ആ യോഗത്തിലെ തീരുമാന പ്രകാരം നവംബറിലാണ് തുറക്കേണ്ടിയിരുന്നത്. എന്നാല്‍ നഗരസഭയില്‍ നിന്ന് കെട്ടിട നമ്പര്‍ പോലും കിട്ടാത്ത മിനി സിവില്‍ സ്‌റ്റേഷന്‍ തുറക്കല്‍ ഈ വര്‍ഷത്തില്‍ നടക്കില്ലെന്ന് ഉറപ്പായി. കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതി ലഭിച്ചിരുന്നില്ല. എന്നാല്‍ വൈദ്യുതി പ്രശ്‌നം ഉടനെ തീരുമെന്നും കെട്ടിടം തുറക്കുമെന്നുമാണ് എം.എല്‍.എ പറഞ്ഞിരുന്നത്. എന്നാല്‍ അഗ്നി സുരക്ഷ ക്രമീകരണങ്ങളൊരുക്കാത്തതിനാലാണ് നഗരസഭ കെട്ടിട നമ്പര്‍ നല്‍കാത്തത്. കെട്ടിട നമ്പര്‍ നമ്പര്‍ കിട്ടിയാലെ വൈദ്യുതി ലഭിക്കു പിന്നെ സിവില്‍ സ്റ്റേഷനിലേക്ക് വരുന്ന 13 ഓഫീസുകള്‍ക്ക് പുതിയ ഫര്‍ണിച്ചറും കിട്ടണം. പക്ഷെ അഗ്നി സുരക്ഷ ക്രമീകരണങ്ങളൊരുക്കാന്‍ ഇനിയും ഒരു മാസം കൂടി വേണമെന്നാണ് കരാറുകാരന്‍ പറയുന്നത്. അതായത് പണി തീരാത്ത കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. ഒറ്റപ്പാലത്തും പരിസരത്തുമുള്ള സ്വന്തമായി കെട്ടിടമില്ലാത്ത ഓഫീസുകളാണ് ഇതിലേക്ക് മാറ്റുന്നത്.

 

RELATED NEWS

Leave a Reply