കായിക കേരളത്തിന് പുത്തൻ ഉണർവേകി സ്പോർട്സ് ഇഞ്ചുറി സെമിനാർ

Local News

പെരിന്തൽമണ്ണ: ജില്ലാ ഫുട്ബോൾ അസോസിയേഷനും കിംസ് അൽശിഫയും ചേർന്ന് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സ്പോർട്സ് ഇഞ്ചുറി സെമിനാർ ശ്രദ്ധേയമായി. മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനും എം.എസ്.പി കമാൻററുമായ യു.ഷറഫലി ഉദ്ഘാടനം നിർവഹിച്ചു. കളിക്കളത്തിലെ പരിക്കുകൾക്കുള്ള ആധുനിക ചികിത്സാ രീതികളെക്കുറിച്ച് ഇന്നും വേണ്ടത്ര ധാരണയില്ലാത്ത കായിക കേരളത്തിന് സെമിനാർ പുത്തനുണർവ് പകർന്നു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നിസാരമായ പരിക്കുകൾ മാത്രം സംഭവിക്കുന്ന കളിക്കാർക്കു പോലും വേണ്ട ചികിത്സ ലഭ്യമാവാത്തതിനാൽ കരിയർ അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ സ്പോർട്സ് ഇഞ്ചുറി സെമിനാറിനു വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിംസ് അൽശിഫ വൈസ് ചെയർമാൻ പി.ഉണ്ണീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.അബ്ദുൽ കരീം മുഖ്യ പ്രഭാഷണം നിർവഹിച്ചു.വി. അബ്ദുൽ കരീം, കെ.എഫ്.എ ട്രഷറർ പ്രൊഫ. പി.അഷറഫ് ,ഡി.എഫ്.എ സെക്രടറി കെ.സുരേന്ദ്രൻ ,എം.മുഹമ്മദ് സലീം ,ഡോ. ഇ.ജി. മോഹൻ കുമാർ എന്നിവർ സംസാരിച്ചു. “സ്പോർട്സ് ഇഞ്ചുറി; ബോധവത്ക്കരണവും ചികിത്സയും ” എന്ന വിഷയത്തിൽ ഡോ. അബ്ദുൽ ഖലീലും “സ്പോർട്സ് എമർജൻസി ” എന്ന വിഷയത്തിൽ ഡോ. അബീറും ക്ലാസുകൾ നയിച്ചു. പരിപാടിയിൽ കെ.എഫ്.എ അംഗീകാരമുള്ള ജില്ലയിലെ 64 ക്ലബുകളിൽ നിന്നായി നൂറ്റിയമ്പതിലധികം കളിക്കാർ പങ്കെടുത്തു. പഴയ കളിക്കാർ,കോച്ചുമാർ, റഫറിമാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. കിംസ് അൽ ഷിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. റിയാസ് ഖാൻ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply