ചെര്‍പ്പുളശ്ശേരി ശാസ്താസന്നിധിയില്‍ ശരണാരവത്തോടെ തീര്‍ഥാടകപ്രവാഹം

Local News

വൃശ്ചികപ്പുലരിയില്‍ ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് മിനിശബരിമലയായി. പുലര്‍ച്ചെ നാലരയ്ക്ക് നട തുറന്നതോടെ ശരണഘോഷവുമായെത്തിയ തീര്‍ഥാടകപ്രവാഹം നട അടയ്ക്കുന്നതുവരെ തുടര്‍ന്നു. ജില്ലയില്‍നിന്നും അയല്‍ജില്ലകളില്‍നിന്നുമായി ആയിരങ്ങള്‍ ദര്‍ശനത്തിനെത്തി. മണ്ഡലാരംഭ ദിനത്തില്‍ ശാസ്താസന്നിധിയില്‍ ശബരിമലയ്ക്ക് വ്രതമാല ധരിച്ചവര്‍ രണ്ടായിരത്തിലേറെ. കെട്ടുനിറകളുമുണ്ടായി. 12 ദിവസത്തെ നവകം, പഞ്ചഗവ്യാഭിഷേകം, നവഗ്രഹപൂജ എന്നിവയ്ക്ക് തന്ത്രി അഴകത്ത് ശാസ്തൃശര്‍മന്‍നമ്പൂതിരിപ്പാട് കാര്‍മികത്വമേകി. മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണിക്കൃഷ്ണന്‍നമ്പൂതിരി സഹകാര്‍മികനായി. തിയ്യാടി ടി.പി. ജയചന്ദ്രന്‍നമ്പ്യാരുടെ കാര്‍മികത്വത്തില്‍ നിത്യവും തീയാട്ടുണ്ടാകും. ശനിയാഴ്ചകളില്‍ അഗ്രശാലയില്‍ പ്രസാദഊട്ടും ബുധന്‍, ശനി ദിവസങ്ങളില്‍ അയ്യപ്പന്‍വിളക്കുകളുമുണ്ടാകും. വൃശ്ചികത്തിലെ ആദ്യ ബുധന്‍, ശനി ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകപ്രവാഹമുണ്ടാകും.

 

RELATED NEWS

Leave a Reply