ചെർപ്പുളശേരി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി

Local News

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി, തൂത എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മാംസക്കറി, ബിരിയാണി, ചോറ്, പൊറോട്ട, ന്യൂഡില്‍സ് എന്നിവ പിടിച്ചെടുത്തു. രാവിലെ ഏഴു മണി മുതല്‍ തൂത, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലെ റെയിഡില്‍ പത്തോളം ഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഭരതന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ വിനോദ്കുമാര്‍, റഫീഖ്, രംഞ്ജിനി, ഷമീംമ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇപ്പോള്‍ പിടികൂടിയ ഹോട്ടലുകാരില്‍നിന്നും പിഴ ചുമത്തും. ഇനിയും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് കട്ട് ചെയ്യുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
  പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലുകളുടെ പേര്‍ എഴുതി മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. ഇതു ഏറെ നേരം വിവാദത്തിനിടയാക്കി. വ്യാപാരികളും വ്യാപാരി സംഘടന പ്രവര്‍ത്തകരും എത്തി ഇതു തടഞ്ഞു.
  നഗരസഭ ഭക്ഷ്യാവശിഷ്ടങ്ങള്‍ എടുക്കാത്തതിനാല്‍ ഇവ പന്നി ഫാമുകളിലേക്ക് കൊടുക്കുകയാണ് പതിവെന്നും ഇത്തരത്തില്‍ പന്നി ഫാമുകളിലേക്ക് കൊടുക്കാന്‍ തയ്യാറാക്കി വെച്ച ഭക്ഷ്യാവശിഷ്ടങ്ങളാണ് പഴകിയതെന്ന പേരില്‍ നഗരസഭ പിടികൂടിയതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടല്‍ നടത്തുന്നവര്‍ക്കെതിരെ അനാവശ്യമായി നടപടി എടുക്കുമ്പോള്‍ യാതൊരു മാനദണ്ഡവും ലൈസന്‍സുമില്ലാതെ ഹോട്ടലുകളും തട്ടുകടകളും നടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. വൈകുന്നേരങ്ങളില്‍ റോഡുകളില്‍ പരസ്യമായി മത്സ്യം വില്‍ക്കുന്നവര്‍ അവശിഷ്ടങ്ങള്‍ റോഡരുകുകളിലും ഡ്രൈനേജുകളിലും തള്ളുകയാണ്. ഇതിനെതിരെയും നടപടിയില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹമീദ്, യൂണിറ്റ് പ്രസിഡണ്ട് കെ എം ഹമീദ് എന്നിവര്‍ സ്ഥലത്തെത്തി. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കെ എ ഹമീദ് അറിയിച്ചു.
 

RELATED NEWS

Leave a Reply