ജില്ലാ സ്കൂള്‍ ശാസ്ത്രമേള ആരംഭിച്ചു

Local News
ജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- ഐടി- സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയമേളക്ക് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള പാലക്കാട് ബിഇഎം ഹയര്‍സെക്കന്‍ഡറി, മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി, എല്‍പി, പിഎംജി എച്ച്എസ്എസ്, ഐടി അറ്റ് സ്കൂള്‍ എന്നിവിടങ്ങളിലായാണ് തുടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍നിന്ന് 6500 ലധികം ശാസ്ത്ര പ്രതിഭകള്‍ മാറ്റുരയ്ക്കും. ചൊവ്വാഴ്ച ബിഇഎം സ്കൂളില്‍ പ്രവൃത്തിപരിചയ മേളയും പിഎംജി സ്കൂളില്‍ സാമൂഹ്യ ശാസ്ത്രമേളയിലെ പ്രാദേശിക ചിത്രരചന, അറ്റ്ലസ് നിര്‍മാണം, എന്നിവ നടന്നു. ബുധനാഴ്ച പിഎംജി സ്കൂളില്‍ സാമൂഹ്യശാസ്ത്ര മേളയും മോയന്‍സ് സ്കൂളില്‍ ഗണിതശാസ്ത്ര മേളയും ഐടി അറ്റ് സ്കൂളില്‍ ഐടി മേളയിലെ മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, വെബ് പേജ് ഡിസൈനിങ് എന്നിവയും നടക്കും. വ്യാഴാഴ്ച മേള സമാപിക്കും. മേളയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ഷാഫി പറമ്പില്‍ എംഎല്‍എ നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ ശിവന്‍ അധ്യക്ഷനായി. കലക്ടര്‍ പി മേരിക്കുട്ടി മുഖ്യാതിഥിയായി. കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശ്, പി മുഹമ്മദ്, കെ പ്രേംകുമാര്‍, കെ എം ഉണ്ണികൃഷ്ണന്‍, കെ രാജന്‍, ആഷി ജോണ്‍, മുരളി ഡെന്നീസ് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എ അബൂബക്കര്‍ സ്വാഗതവും ആര്‍ വേണു നന്ദിയും പറഞ്ഞു.

 

 

RELATED NEWS

Leave a Reply