അടിയന്തര സാഹചര്യത്തില്‍ കുടിവെള്ളം ആവശ്യത്തിന് കുഴല്‍കിണര്‍ നിര്‍മിക്കാം- ജില്ലാ കലക്ടര്‍

main-news

PALAKKAD ; അടിയന്തര സാഹചര്യത്തില്‍ കുടിവെള്ളം ആവശ്യം നിറവേറ്റാന്‍ മാത്രം സ്വകാര്യ കുഴല്‍കിണര്‍ നിര്‍മിക്കുന്നതില്‍ തടസ്സമില്ലെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ചേംബറില്‍ ചേര്‍ന്ന വരള്‍ച്ചാ പ്രതിരോധ യോഗത്തില്‍ അറിയിച്ചു. കടുത്ത വരള്‍ച്ചയും കുടിവെള്ള ദൗര്‍ലഭ്യവും കണക്കിലെടുത്ത് ജില്ലയില്‍ സ്വകാര്യ ഏജന്‍സികള്‍ കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് ദുരന്തനിവാരണ വ്യവസ്ഥ പ്രകാരം നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ ഇളവ് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം അറിയിച്ചത്. കുടിവെള്ള ആവശ്യത്തിനായി കുഴിക്കുന്ന കുഴല്‍കിണറുകളുടെ വ്യാസം 110 മില്ലീ മീറ്റര്‍ (നാലര ഇഞ്ച്) ആഴവും 150 മീറ്ററിലും കൂടുതലാകാന്‍ പാടില്ലായെന്ന് ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. നിശ്ചിത അളവുകള്‍ പാലിക്കാതെയുളള കുഴല്‍ കിണര്‍ നിര്‍മാണം സംബന്ധിച്ചുളള പരാതികളില്‍ പരിശോധന പ്രകാരം നടപടിയെടുക്കും. ചിറ്റൂര്‍ ബ്ലോക്കിലുളള കുഴല്‍ കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂഗര്‍ഭ ജല വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട്.
അടുത്ത വര്‍ഷത്തെ കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമായി അഞ്ചേക്കറിന് മുകളില്‍ കൃഷിയുള്ളവര്‍ക്ക് കുഴല്‍ കിണര്‍ നിര്‍മിക്കാം. ഭൂഗര്‍ഭജല വകുപ്പിന്റേയും തഹസില്‍ദാര്‍മാരുടേയും കൃഷി വകുപ്പിന്റേയും ശുപാര്‍ശയോടെയും വെള്ളം ഈ വര്‍ഷത്തെ ആവശ്യത്തിനല്ലെന്ന വ്യക്തിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുമാവും കൃഷി ആവശ്യങ്ങള്‍ക്കുള്ള കുഴല്‍കിണര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുക.

ഗാര്‍ഹികാവശ്യത്തിനും കൃഷിക്കുമുള്ള വൈദ്യുതി കണക്ഷനുകള്‍ വെവ്വേറെയാണെന്ന് ഉറപ്പു വരുത്തണമെന്നും കൃഷി ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന്‍ വഴി ലഭ്യമാകുന്ന ജലം ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്നപക്ഷം കണക്ഷന്‍ വിഛേദിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ അതോരിറ്റിയുടെ അംഗീകാരത്തോടെ മാത്രം ജലവിതരണം നടത്തണമെന്നും ജലവിതരണത്തിനുള്ള വാഹനങ്ങളുടെ കിലോമീറ്റര്‍ തുക ആര്‍.ടി.ഒ.യുടെ നിശ്ചിത തുക പ്രകാരം തീരുമാനിച്ച് താലൂക്ക് തലത്തില്‍ ഉടന്‍ ക്വട്ടേഷന്‍ നടപടി സ്വീകരിക്കാനും ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാരെ അറിയിച്ചു. ആദിവാസി-പട്ടികജാതി മേഖലകളില്‍ ആവശ്യമുണ്ടെങ്കില്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജലകിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. നിലവില്‍ ഒരു വാര്‍ഡിന് ഒന്ന് എന്നതരത്തിലാണ് വാട്ടര്‍ കിയോസ്‌ക്കുകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭ ജലവകുപ്പ് , കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply