ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ശക്തമാക്കണം ; വിസ്ഡം ജില്ലാ സമ്മേളനം

main-news

പട്ടാമ്പി :  ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍  സംഘടിപ്പിക്കാന്‍ പൊതു സമൂഹം രംഗത്തു വരണമെന്ന് പട്ടാമ്പിയില്‍ സംഘടിപ്പിച്ച വിസ്ഡംജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗുണ്ടാ മാഫിയ സംഘങ്ങളെപ്പോലും നാണിപ്പിക്കുന്ന വിധം വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം ചൂഷണങ്ങള്‍ക്ക് നേത്യത്വം നല്‍കുന്ന പുരോഹിതന്‍മാര്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണം. 

സമൂഹത്തിന്റെ വിശ്വാസ താല്‍പര്യങ്ങളെയും അജ്ഞതയെയും ചൂഷണം ചെയ്ത് ശാരീരിക പീഢനവും സാമ്പത്തിക തട്ടിപ്പും നടത്തുന്ന സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാവുന്നതില്‍ സമ്മേളനം ശക്തമായ ഉല്‍കണ്‍ഠ രേഖപ്പെടുത്തി. വിശ്വാസത്തിന്റെ മറവില്‍ സമൂഹത്തില്‍ നടത്തപ്പെടുന്ന ചൂഷണങ്ങള്‍ പുറംലോകം അറിയാതെ മറച്ചുവെക്കുന്നതിനും മറ്റും ഒരു വലിയ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. 

വര്‍ഗീയ ധ്രുവീകരണം നടത്തി ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍ക്കെതിരെ നിരന്തരന്മായി അതിക്രമം അഴിച്ചു വിടുന്ന ഫാഷിസ്റ്റ് കക്ഷികളുമായി ബന്ധം സ്ഥാപിച്ച് ആത്മീയ കച്ചവടം നടത്തി സമുദായത്തെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിന്റെ കപട മുഖം വിശ്വാസികള്‍ തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ നടക്കുന്ന ആത്മീയ, സാമ്പത്തിക ചൂഷണങ്ങളെ തുറന്ന് കാണിച്ച്   പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍,ഐ. എസ്. എം , എം. എസ്. എം , എം. ജി. എം ജില്ലാ സമിതികള്‍ സംയുക്തമായാണ് പട്ടാമ്പി പള്ളിപ്പുറം പാലത്തറ ഗേയിറ്റിനു സമീപം പ്രത്യേകം തയ്യാറാക്കിയ സലഫി നഗറില്‍ വിസ്ഡം ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.

‘ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാനവൈസ് പ്രസിഡന്റ് ഹാരിസ് ബിന്‍ സലീം ഉല്‍ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, പ്രൊ. എം. പി. ഇസ്ഹാഖ്, കെ. കെ. അബ്ബാസ്, നാസര്‍ മാസ്റ്റര്‍ വല്ലപ്പുഴ, കെ. പി. കുഞ്ഞിപ്പ, എം. മൊയ്തീന്‍ മാസ്റ്റര്‍, ഷൗക്കത്ത് മാസ്റ്റര്‍, അബ്ദുള്‍ കരീം സലഫി, ബഷീര്‍ പാലക്കാട് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

വൈകുന്നേരം നടന്നപൊതു സമ്മേളനത്തില്‍ പട്ടാമ്പി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുധാകരന്‍,  വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി ടി. കെ. അശ്‌റഫ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ഐ. എസ്. എം ജില്ലാ പ്രസിഡന്റ് ടി. കെ. നിഷാദ് സലഫി എന്നിവര്‍ പ്രഭാഷണം നടത്തി. കെ. മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.യു. എ. ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍പ്രസിഡന്റ് ഹുസൈന്‍ സലഫി ഷാര്‍ജ പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

ഐ. എസ്. എം ജില്ലാ സെക്രട്ടറി കെ. പി. അഷ്‌ക്കര്‍ അരിയൂര്‍, കെ. വി. മുഹമ്മദാലി സലഫി, മുഹമ്മദ് ഷഹിന്‍ ഷാ എന്നിവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ (ക്യൂ. എച്ച്. എല്‍. എസ്) വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു.എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, ഒലവക്കോട്, പാലക്കാട്, പറളി, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി എന്നീ  മേഖലകളില്‍ നിന്നായി  നൂറുക്കണക്കിന് പ്രതിനിധികള്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

RELATED NEWS

Leave a Reply