ആര്‍.സി.ഇ.പി കരാര്‍ സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തണം : മന്ത്രി വി.എസ് സുനില്‍കുമാര്‍

main-news

വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധ റീജിയനല്‍ കോംപ്രിഹെന്‍സീവ് എക്‌ണോമിക്പാര്‍ട്ണഷിപ്(ആര്‍.സി.ഇ.പി) കരാര്‍ ഒപ്പിടുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. പട്ടാമ്പിയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായുള്ള ക്ഷീരകര്‍ഷക പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. കരാര്‍ ഒപ്പുവെക്കുന്നതോടുകൂടി ഇതിനുള്ള അവസരം കമ്പനികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കരാര്‍ പ്രകാരം വിദേശ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് നികുതി നല്‍കാതെ ഇറക്കുമതി ചെയ്യാനുള്ള അവസരമാണ് ഉണ്ടാകുക. ഇത് ദോഷകരമായി ബാധിക്കുന്നത് കര്‍ഷകരെയാണ്. കേരളത്തിനായി കൃഷിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്ന ധനസഹായം തുടര്‍ന്നു നല്‍കണമെന്നും കാലിത്തീറ്റക്കുണ്ടായ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശക്തമായ വരള്‍ച്ചയെ നേരിടാന്‍ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണം. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ 5.2 ടി.എം.സി ജലം വിട്ടുകിട്ടാന്‍ കേന്ദ്രം ഇടപെടണം. ക്ഷീര കര്‍ഷകര്‍ കാര്‍ഷിക സമ്പദ്ഘടനയുടെ നട്ടെല്ലാണ്. ഇതര മേഖലകളിലുള്ള കര്‍ഷകര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ക്ഷീര കര്‍ഷകര്‍ക്കും ലഭിക്കണം. പാല്‍ ഉത്പ്പന്നങ്ങള്‍ വിറ്റുകിട്ടുന്ന ലാഭവിഹിതത്തിന്റെ പങ്ക് ക്ഷീര കര്‍ഷകരിലേക്കും എത്തണം. പാല്‍ ഉത്പ്പാദനത്തില്‍ രണ്ടുവര്‍ഷത്തിനകം കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കാര്‍ഷിക മേഖലയിലൂടെ കെട്ടുറപ്പുള്ള സമ്പദ്‌വ്യവസ്ഥയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് സൗജന്യമായി നല്‍കുന്ന വൃക്ഷതൈ വിതരണം വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അട്വ.കെ. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 162 ബ്ലോക്കുകളില്‍ നിന്നുള്ള ക്ഷീര സഹകരണ സംഘം പ്രതിനിധികള്‍ ക്ഷീര കര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുത്തു. കര്‍ഷകര്‍ കൃഷി രീതികളും , കൃഷിക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും പങ്കുവെച്ചു.

മേലെ പട്ടാമ്പിയില്‍ രാവിലെ നടന്ന പരിപാടിയില്‍ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ അധ്യക്ഷനായി. കെ.വി വിജയദാസ് എം.എല്‍.എ, ക്ഷീരവികസന ഡയറക്റ്റര്‍ ജോര്‍ജ്കുട്ടി ജേക്കബ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്റ്റര്‍ ഡോ: എന്‍.എന്‍ ശശി, മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, പി.എം വാസുദേവന്‍, വി.ചാമുണ്ണി, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, ബൈജു കെ. അലക്‌സ്, പി.മമ്മിക്കുട്ടി, എ.സുനില്‍കുമാര്‍, പി.ഗോപാലകൃഷ്ണന്‍, പി.രാജശേഖരന്‍, പ്രേംലാല്‍, സുരേഷ്‌കുമാര്‍, കെ.എസ് മണി, മോഹനന്‍ കയറാടി, പി.ഭാസ്‌കരനുണ്ണി, ബിജി വി. ഈശോ, മിനി രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു

 

RELATED NEWS

Leave a Reply