ഇനി അങ്കത്തട്ട് വേങ്ങര ;വിജയം ആർക്കെന്ന ആകാംക്ഷയിൽ ജനങ്ങൾ

Editorial, main-news

തിരുവനന്തപുരം:മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മികച്ച വിജയം നേടിയതോടെ ഇനി കേരള രാഷ്ട്രീയത്തിന്റെ കണ്ണുകള്‍ വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്ക്. പി കെ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന വേങ്ങര മണ്ഡലത്തിലെ എംഎല്‍എ സ്ഥാനം അദ്ദേഹം ഉടന്‍ രാജിവയ്ക്കും. അതിനു പിന്നാലെ തന്നെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുകയും ചെയ്യും.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു വ്യത്യസ്തമായി വേങ്ങര പിടിക്കാന്‍ പൊതു സ്ഥാനാര്‍ത്ഥിയെ ഇടതുമുന്നണി തേടുമെന്ന സൂചനകളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊന്നായ വേങ്ങരയിലും കുഞ്ഞാലിക്കുട്ടി ഈ തെരഞ്ഞടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടിയത് ലീഗിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വേങ്ങരയിലും വിജയം ആവര്‍ത്തിക്കുമെന്നു തന്നെയാണ് ലീഗിന്റെ ശുഭപ്രതീക്ഷ.

വേങ്ങര തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കാന്‍ പോകുന്ന പ്രധാന ഘടകം അവിടെ മുസ്‌ലിം ലീഗ് ആരെ മത്സരിപ്പിക്കും എന്നതാണ്. ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു പോകുന്ന ഒഴിവില്‍ ഈ പദവികള്‍ ആര് വഹിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം.

ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ വേങ്ങരയില്‍ നിന്നു വിജയിപ്പിച്ച് പ്രതിപക്ഷ ഉപനേതാവാക്കും എന്ന പ്രചരണം സജീവമാണ്. ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് കൂടിയായ എം കെ മുനീറിനെ ഒന്നാം നിരയിലേക്ക് കൊണ്ടുവന്ന് പ്രതിപക്ഷ ഉപനേതാവാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് താല്‍പര്യമില്ല എന്നതാണ് ഇതിലൂടെ മനസിലാകുന്നത്. എന്നാല്‍ കെഎന്‍എ ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവരിലാരെയെങ്കിലും വേങ്ങരയില്‍ നിന്ന് വിജയിപ്പിച്ച് നിയമസഭയില്‍ ലീഗിന് കരുത്തുള്ള വക്താവിനെ നിയോഗിക്കണം എന്ന അഭിപ്രായവും ലീഗിലുണ്ട്.

രണ്ടത്താണിയും ഖാദറും മികച്ച രാഷ്ട്രീയ പ്രസംഗകരും മുമ്പ് നന്നായി നിയമസഭയില്‍ ശോഭിച്ചവരുമാണ്. കുഞ്ഞാലിക്കുട്ടിയുടെ കൂടി അഭാവത്തില്‍ അത്തരമൊരാളെ ലീഗിന് സഭയില്‍ ആവശ്യമുണ്ട്. ഇവരാരുമല്ല യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസായിരിക്കും വേങ്ങരയിലെ സ്ഥാനാര്‍ത്ഥി എന്നും കേള്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അതില്‍ ചുറ്റിപ്പറ്റിയാണ് ലീഗ് രാഷ്ട്രീയം മുന്നോട്ടു നീങ്ങുക. ഒപ്പം, വേങ്ങര പിടിക്കാന്‍ ഇടതുമുന്നണി ആരെ നിയോഗിക്കും എന്നും മുഖ്യമാണ്.

RELATED NEWS

Leave a Reply