കഥകളി മഹോത്സം 9 മുതല്‍ 16 വരെ കാറല്‍മണ്ണയിൽ

main-news

പാലക്കാട്: കേരള സംഗീത നാടക അക്കാദമിയുടെ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന നവഭവ കഥകളി മഹോത്സം 2017- ഡിംസംബര്‍ 9 മുതല്‍ 16 വരെ കാറല്‍മണ്ണയിലെ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റില്‍ വെച്ച് നടത്തുന്നു. ഡിസംബര്‍ 9 വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍ കഥകളി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി കെ ശശി എംഎല്‍എ അധ്യക്ഷനാകും. തുടര്‍ന്ന് ഏഴു ദിവസങ്ങളിലായി നടക്കുന്ന പ്രഗത്ഭകലാകാരന്മാര്‍ പങ്കെടുക്കുന്ന കഥകളികളും സംവാദങ്ങളുമാണ് കഥകളി മഹോത്സവത്തിന്റെ തുടക്കം. ഡിസംബര്‍ 16ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം ബി രാജേഷ് എം പി കെപിഎസി ലളിത എന്നിവര്‍ പങ്കെടുക്കും.
  മുദ്രയും വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റും സംയുക്തമായാണ് കഥകളി മഹോത്സവത്തിന്റെ സംഘാടനം നിര്‍വ്വഹിക്കുന്നത്. കഥകളിയിലെ പുതുതലമുറയില്‍ പെടുന്ന നടന്മാരുടെ മികച്ച അരങ്ങവതരണങ്ങള്‍ക്ക് കഥകളിമഹോത്സവത്തില്‍ വേദിയൊരുക്കുകയാണ്. പ്രാമാണികരായ ഗുരുനാഥന്മാരുട നേതൃത്വവും ഓരോ അരങ്ങവതരണങ്ങള്‍ക്ക് ശേഷമുള്ള സംവാദങ്ങളും കഥകളി മഹോത്സവത്തിന്റെ മാറ്റുകൂട്ടുന്നു. വിദഗ്ധരായ കലാവിചക്ഷണര്‍ പങ്കെടുക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും കഥകളിമഹോത്സത്തിലുണ്ട്. കലാമണ്ഡലം കുട്ടന്‍, കലാമണ്ഡലം വാസുപിഷാരടി, സദനം കൃഷ്ണന്‍കുട്ടി, വാഴേങ്കട വിജയന്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍, കലാമണഡലം എംപിഎസ് നമ്പൂതിരി, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി എന്നീ ഗുരുനാഥന്‍മാര്‍ കഥകളി മഹോത്സവത്തില്‍ പങ്കെടുക്കും.
  കഥകളി മഹോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ വെച്ച് കഥകളിയരങ്ങില്‍ സുദീര്‍ഘപാരമ്പര്യമുള്ള ആറ് കലാകാരികളെ പി കെ സുധാകരന്‍ ആദരിക്കും.  ചളവറ പാറുക്കുട്ടി, കുമാരി അന്തര്‍ജ്ജനം, കൊട്ടാരക്കര ഗംഗ, ചേലനാട്ട് സുഭദ്ര, രാധിക വര്‍മ്മ, കുമാരി വര്‍മ്മ എന്നിവരെയാണ് ആദരിക്കുന്നത്.
  ഡോ. സുനില്‍ പി ഇളയിടം, ഡോ. എം വി നാരായണന്‍, ഡോ. വേണുഗോപാല്‍, ഡോ. ഏറ്റുമാന#ൂര്‍ കണ്ണന്‍ എന്നിങ്ങനെ കലാപണ്ഡിതര്‍ വിവിധ ദിവസങ്ങളിലായി കഥകളി മോത്സവത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 12 കലാകാരന്മാര്‍ സ്ഥിരാംഗങ്ങളായും കേരള്തതിലുടനീളം നിരവധി കഥകളി കലാകാരന്മാര്‍ നിശ്ചിത ദിവസങ്ങളിലും പങ്കെടുക്കും. ഏഴുദിവസം നീളുന്ന കഥകളി മഹോത്സവം കളിയരങ്ങിന് പുതിയ വെളിച്ചം നല്‍കുമെന്ന് സംഘാടകര്‍ പാലക്കാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
  വാര്‍ത്താ സമ്മേളനത്തില്‍ കേരള സംഗീത അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് കെ. ബി രാജ് ആനന്ദ്, മുദ്ര പ്രസിഡണ്ട് പി കെ സുധാകരന്‍, സെക്രട്ടറി ടി. കെ രത്‌നാകരന്‍, എം. ജെ ശ്രീചിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply