കല്ലടിക്കോട് ബസ് മറിഞ്ഞു ഒരാൾ മരിച്ചു ..40 ഓളം പേർക്ക് പരിക്ക്

main-news

കല്ലടിക്കോട് മൂന്നേക്കറിൽ വാഹനാപകടം. ഓടിക്കൊണ്ടിരുന്ന ബസ് കീഴ്മേൽ മറിഞ്ഞു. ബസ് ജീവനക്കാരൻ തൽക്ഷണം മരണമടഞ്ഞു. നാൽപ്പതിലേറെ യാത്രക്കാർക്ക് പരിക്കേറ്റു. മീൻ വല്ലത്ത് നിന്ന് മണ്ണാർക്കാട്ടേക്ക് സഞ്ചരിച്ചിരുന്ന ജുവൈരിയ ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ പത്ത് മണിക്ക് ശേഷം ചെമ്പംതിട്ട ഭാഗത്താണ് സംഭവം. ചെറിയ ഇറക്കത്തിലോടിയ ബസിന്റെ ലീഫ് സെറ്റ് പൊട്ടിയതോടെ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് വലത് ഭാഗത്തെ മതിലിൽ ഇടിച്ചു നിർത്താനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിലേക്ക് കീഴ്മേൽ മറിഞ്ഞു.ഇതിനിടെ തെറിച്ചു വീണ ക്ലീനർ ബസിനടിയിൽ പെട്ട് തൽക്ഷണം മരിച്ചു. കാത്തിരം കല്ലമല പൂവത്തിങ്കൽ പാലന്റെ മകൻ ദീപു (23) ആണ് മരണമടഞ്ഞത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടവിവരമറിഞ്ഞ് അഗ്നിശമന സേന പോലീസ് വിഭാഗങ്ങൾ സംഭവസ്ഥലത്ത് പാഞ്ഞെത്തി. ക്രയിനും, ജെ.സി.ബിയും ഉപയോഗിച്ചാണ് ബസ് പൊക്കിയെടുത്തത്. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നാൽപ്പതിലധികം യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ യാത്രികരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തച്ചമ്പാറ, മണ്ണാർക്കാട്, പെരിന്തൽമണ്ണ തുടങ്ങിയ ആശുപത്രികളിലാണ് ഇവർ ചികിത്സ തേടിയത്. നിരവധി ആംബുലൻസുകളാണ് ഇതിനായി സജ്ജമായത്. തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ മുപ്പത്തി അഞ്ചിലധികം പേർ ചികിത്സ തേടിയെത്തി. ഇതിൽ 27 പേരെ പ്രവേശിപ്പിച്ചു. അപകട ഭീതി വിട്ടുമാറാതെയാണ് ഇവർ പ്രതികരിച്ചത്. ബസിന് അമിത വേഗമുണ്ടായിരുന്നില്ലെന് ഇവർ പറഞ്ഞു.വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ 16 പേരാണ് ചികിത്സയിലുള്ളത്. ഏഴ് പേരെ പെരിന്തൽമണ്ണ കിംസ് അൽശിഫയിലേക്കയച്ചു. അഞ്ചു പേരുടെ നില ഗുരുതരമെന്നറിയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തതായി സി.ഐ ഹിദായത്തുള്ള മാബ്ര അറിയിച്ചു

RELATED NEWS

Leave a Reply