കുഞ്ചന്‍സ്മാരകത്തില്‍ തുള്ളല്‍ക്കളരികള്‍ പാതിവഴിയില്‍.

main-news

ലക്കിടി: കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തില്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച തുള്ളല്‍ ക്കളരികളുടെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമായില്ല. പുതിയ ഭരണസമിതിയുടെ പ്രധാന വെല്ലുവിളി സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ യാഥാര്‍ഥ്യമാക്കുക എന്നതാണ്.കഴിഞ്ഞ ഭരണസമിതി സ്ഥാനമൊഴിയുമ്പോള്‍ അധ്യാപകരുടെ ശമ്പള കുടിശ്ശിക നാലുമാസമായിരുന്നു. ഇപ്പോള്‍ എട്ട് ആയി. അനധ്യാപകര്‍ക്ക് അഞ്ചുമാസത്തെ കുടിശ്ശികയുണ്ട്. കെടാവിളക്കെണ്ണയും കടത്തിലാണ്. ജീവനക്കാരുടെ ശമ്പളയിനത്തില്‍ പ്രതിമാസം ഒന്നേകാല്‍ലക്ഷമാണ് ചെലവ്. മറ്റ് ചെലവുകള്‍ വേറെയും.ശമ്പളയിനത്തില്‍ത്തന്നെ പ്രതിവര്‍ഷം 15 ലക്ഷം ചെലവ് വരുമെന്നിരിക്കെയാണ് പ്രതിവര്‍ഷം നാലുലക്ഷം രൂപ ഗ്രാന്റായി നല്‍കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ആവര്‍ത്തന ഗ്രാന്റ് നാലുലക്ഷമായി ഉയര്‍ത്തിയത്.പുതിയ സര്‍ക്കാര്‍ വന്നയുടന്‍ സാംസ്‌കാരികവകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും ധനകാര്യവകുപ്പിന്റെ അനുമതി ഇനിയുമായിട്ടില്ല. കലാപീഠത്തിന്റെ സമഗ്ര വികസനത്തിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ച് കാത്തിരിപ്പാണ് പുതിയ ഭരണസമിതി. അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ഭരണസമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്മാരകമന്ദിരം ബലപ്പെടുത്തല്‍, തുള്ളല്‍ ഗവേഷണകേന്ദ്രം, തുള്ളല്‍ ലൈബ്രറി, മിനി തിയേറ്റര്‍ എന്നിവയ്ക്കായി രണ്ടുകോടിയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സാംസ്‌കാരികവകുപ്പില്‍നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടുണ്ടെന്നും ഭരണസമിതി പറഞ്ഞു. 

RELATED NEWS

Leave a Reply