കോട്ടയ്ക്കല്‍ ആസ്‌ററര്‍ മിംസില്‍ നിയോനേറ്റല്‍ ഐസിയു ഉദ്ഘാടനം ചെയ്തു മലപ്പുറം ജില്ലയിലെ ഏക ഡിഎം (നിയോനേറ്റോളജി) യോഗ്യതയുള്ള നിയോനേറ്റോളജിസ്റ്റാണ് നിയോനേറ്റല്‍ ഐസിയുവിന് നേതൃത്വം നല്കുന്നത്

Health Tips, main-news
കോട്ടയ്ക്കല്‍: ആഘോഷങ്ങളുടെ അവസരമാണ് ഓരോ കുട്ടിയുടെ ജനനവും. എന്നാല്‍, മാസം തികയാതെയും ഭാരക്കുറവോടെയും രോഗങ്ങളോടെയും ജനിക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ആകുലതകള്‍ സൃഷ്ടിക്കുകയും പ്രത്യേക പരിചരണവും ചികിത്സയും വേണ്ടിവരികയും ചെയ്യും. ഈ ആവശ്യത്തിനുള്ള ഉത്തരമാണ് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (ഐസിയു).
പ്രത്യേക വൈദ്യസഹായം ആവശ്യമുള്ള നവജാത ശിശുക്കളെയാണ് നിയോനേറ്റല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നത്. ഏറ്റവും പുതിയ വൈദ്യശാസ്ത്രസാങ്കേതിക വിദ്യകളും പരിശീലനവും പ്രവര്‍ത്തിപരിചയവും നേടിയ ആരോഗ്യസേവന രംഗത്തെ പ്രഫഷണലുകളുമാണ് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ നിയോനേറ്റല്‍ ഐസിയു കൈകാര്യം ചെയ്യുന്നത്. ഇരുപത്തിനാല് മണിക്കൂറും ഏറ്റവും സവിശേഷമായ പരിചരണമായിരിക്കും നവജാത ശിശുക്കള്‍ക്ക് ഇവിടെ ലഭിക്കുന്നത്.
മലപ്പുറം ജില്ലയിലെ ഡിഎം (നിയോനേറ്റോളജി) യോഗ്യതയുളള ഏക നിയോനേറ്റോളജിസ്റ്റ് ഡോ. ബിനീഷ് ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് ആസ്റ്റര്‍ മിംസിലെ നിയോനേറ്റോളജി ഐസിയു പ്രവര്‍ത്തിക്കുന്നത്. പീഡിയാട്രീഷ്യന്‍മാരായ ഡോ. സഞ്ജീവ്, ഡോ. നവാല്‍ മൊയ്തു, ആരോഗ്യസേവന രംഗത്തെ പ്രഫഷണലുകള്‍, പീഡിയാട്രിക് നഴ്‌സുമാരും റസ്പിരേറ്ററി തെറാപ്പിസ്റ്റുകളും ഡയറ്റീഷ്യന്‍സും അടങ്ങിയ സംഘം മാതാപിതാക്കളോട് ചേര്‍ന്ന് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള നവജാത ശിശുക്കളുടെ പരിചരണം ഏറ്റെടുക്കും.
ജനനസമയത്ത് പ്രശ്‌നങ്ങളുള്ളവരും ഏറെ ശ്രദ്ധയോടെയുള്ള നിരീക്ഷണം ആവശ്യമുള്ളവരും നവജാത ശിശുരോഗങ്ങളുമായി മറ്റിടങ്ങളില്‍നിന്ന് എത്തുന്ന നവജാത ശിശുക്കള്‍ക്കും ഏറ്റവും മികച്ച രീതിയിലുള്ള പരിചരണം ലഭ്യമാക്കാന്‍ ഇപ്പോള്‍ കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് സജ്ജമാണെന്ന് നിയോനേറ്റല്‍ ഐസിയു ഉദ്ഘാടനം ചെയ്ത് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് സിഇഒ ഡോ. വി.പി. ജാസിര്‍ പറഞ്ഞു.
ജനനസമയത്ത് ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ള കുട്ടികള്‍ക്ക് പ്രത്യേകമായ പരിചരണം ലഭ്യമാക്കുന്നതിനായി ഏറ്റവും ആധുനിക വൈദ്യശാസ്ത്ര സാങ്കേതികവിദ്യകളാണ് നിയോനേറ്റല്‍ ഐസിയുവില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗുരുതരമായ മഞ്ഞപ്പിത്തം, രക്തസംബന്ധിയായ മറ്റ് രോഗങ്ങള്‍ എന്നിവയുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനായി എക്‌സ്‌ചേഞ്ച് ട്രാന്‍സ്ഫ്യൂഷന്‍ ചികിത്സ നടപ്പാക്കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്. ശ്വാസകോശ പ്രശ്‌നങ്ങളുള്ള ശിശുക്കള്‍ക്കായി നിയോനേറ്റല്‍ സര്‍ഫക്റ്റന്റ് തെറാപ്പി (നിയോസര്‍ഫ്) നടത്തുന്നതിനുള്ള സൗകര്യവും പുതിയ ഐസിയുവില്‍ ഉണ്ട്.
നവജാത ശിശുക്കള്‍ക്കുണ്ടാകാവുന്ന ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ കഴിയുന്ന രീതിയില്‍ മൂന്ന് വെന്റിലേറ്ററുകളും പത്ത് വാമറുകളും ഒരു ഐസലേഷന്‍ ബെഡും പത്ത് ഫോട്ടോതെറാപ്പി ബെഡുകളുമായി പുതിയ നിയോനേറ്റല്‍ ഐസിയു സര്‍വസജ്ജമാണ്. നിയോനേറ്റല്‍ വെന്റിലേറ്റര്‍, ശ്വാസകോശ പ്രശ്‌നങ്ങളുള്ള നവജാത ശിശുക്കള്‍ക്കായി ബബിള്‍ സിപിഎപി, എന്‍ഐബിപി, വിവിധ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി മള്‍ട്ടി പാരമോണിറ്റര്‍, ബെഡിനോട് ചേര്‍ന്നുതന്നെ ഇക്കോ, പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍ എന്നിവയുമുണ്ട്.
ഉയര്‍ന്ന റിസ്‌ക്കുള്ള നവജാത ശിശുക്കള്‍ക്ക് പ്രത്യേക ശുശ്രൂഷ നല്കുന്നതിന് മലപ്പുറം ജില്ലയിലെ അപര്യാപ്തമായ സൗകര്യങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ നിയോനേറ്റല്‍ ഐസിയു എന്ന് ഡോ. വി.പി. ജാസിര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ പ്രമുഖ ടേര്‍ഷ്യറി കെയര്‍ ആശുപത്രി എന്ന നിലയില്‍ രോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നിയോനേറ്റല്‍ ഐസിയു എന്ന് അദ്ദേഹം പറഞ്ഞു.

RELATED NEWS

Leave a Reply