ചികിത്സാസംവിധാനം ഏറിയിട്ടും രോഗങ്ങള്‍ കുറയാത്തത് വെല്ലുവിളി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

main-news

പെരിന്തല്‍മണ്ണ : ആതുര ശുശ്രൂഷാരംഗത്ത് സങ്കല്‍പ്പിക്കാനാവാത്തവിധമുള്ള കണ്ടുപിടിത്തങ്ങളിലൂടെ എല്ലാ അസുഖങ്ങള്‍ക്കുമുള്ള ചികിത്സാസംവിധാനങ്ങളും മരുന്നുകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിനനുസരിച്ച് രോഗങ്ങള്‍ കുറഞ്ഞുവരുന്നതിനുപകരം കൂടിവരുന്ന അവസ്ഥയാണ് ലോക ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ ഇ എംഎസ് ആശുപത്രിയും ഐഎംഎയും സംയുക്തമായി സംഘടിപ്പിച്ച അണുബാധ നിയന്ത്രണത്തെക്കുറിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്‍ഫെക്കോണ്‍ 2017 ഉദ്ഘാടനംചെയ്യുകയായിരുന്നു സ്പീക്കര്‍. ഡോക്ടര്‍മാരുടെ കുറുപ്പടിയോ ആധികാരിക അറിവോപോലുമില്ലാതെ ആന്റിബയോട്ടിക്കുകളടക്കമുള്ള മരുന്നുകള്‍ യഥേഷ്ടം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു. ആന്റിബയോട്ടിക്കുകളെപോലും പ്രതിരോധിക്കുന്നതരത്തില്‍ രോഗങ്ങള്‍ പെരുകിവരുന്നു. ഒരുഭാഗത്ത് കണ്ടുപിടിത്തങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുമ്പോള്‍ മറുഭാഗത്ത് പുതിയ രോഗങ്ങള്‍ കണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി ചെയര്‍മാന്‍ ഡോ. എ മുഹമ്മദ് അധ്യക്ഷനായി. താഴക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ കെ നാസര്‍, ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി ശശികുമാര്‍, ഇ എം എസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹോണററി സെക്രട്ടറി പി പി വാസുദേവന്‍, ഡോ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി ലത്തീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. കെ മോഹന്‍ദാസ് സ്വാഗതവും ഡോ. വി യു സീതി നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply