ചെറുകാട് : മലയാളത്തിന്റെ ജനകീയ സാഹിത്യകാരന്‍

article, main-news, scrolling_news

ചെമ്മാണിയോട് ഹരിദാസന്‍

മലയാള സാഹിത്യത്തെ ജനകീയനാക്കിയ എഴുത്തുകാരനായിരുന്നു ചെറുകാട്. ദന്ത ഗോപുരങ്ങളില്‍ ഇരിക്കാതെ സാധാരണക്കാര്‍ക്കടിയില്‍ നിന്നുകൊണ്ടും സാഹിത്യം വഴങ്ങുമെന്നു തെളിയിച്ച സാഹിത്യ പ്രതിഭയായിരുന്നു ചെറുകാട്. സാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഹാസ്യാത്മകവും സ്വതന്ത്രവും നിര്‍ഭയവുമായ സാഹിത്യപ്രവര്‍ത്തനമായിരുന്നു എന്നും ചെറുകാടിന്റേത്. കഥ, കവിത, നോവല്‍, നാടകം തുടങ്ങി സാഹിത്യത്തിന്‍റെ സമസ്ത മേഖലകളിലും ചെറുകാട് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. സ്വന്തം ജീവിത പന്ഥാവില്‍നിന്നുതന്നെ ചെറുകാട് സാഹിത്യ രചനക്കുള്ള വ്യത്യസ്തമായ പ്രമേയങ്ങള്‍ കണ്ടെത്തിയിരുന്നു.

പുരോഗമനാശയങ്ങള്‍ മലയാളസാഹിത്യത്തിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു എന്നതാണ് ചെറുകാടിന്റെ പ്രത്യേകത. തന്‍റെ രചനകള്‍ക്ക് കഥാ പാത്രങ്ങളെ കണ്ടുപിടിക്കുന്നതിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതിലും ചെറുകാട് അസാധാരണമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ചെറുകാടിന്റെ കൃതികളിലെ കഥാപാത്രങ്ങള്‍ പ്രത്യകിച്ച് സ്ത്രീ കഥാപാത്രങ്ങള്‍ ഏറെ ശക്തമായിരുന്നു .

ചെറുകാടിന്റെ മിക്ക സാഹിത്യ രചനകളും കാലാതിവര്‍ത്തികളാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരു കാലഘട്ടം മുഴുവനും രംഗവേദികളില്‍ സജീവ മായിരുന്ന മണ്ണിന്റെ മാറില്‍, മുത്തശ്ശി തുടങ്ങിയ ചെറുകാടിന്റെ നോവലുകളുടെ നാടകാവിഷ്കാരങ്ങള്‍ ഇന്നും പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്നവയാണ്.

വ്യത്യസ്ത സാഹിത്യ ശാഖകളിലായി നാല്‍പ്പതിലധികം കൃതികള്‍ ചെറുകാട് രചിച്ചിട്ടുണ്ട്. ഭൂപ്രഭു, ശനിദശ, മരണപത്രം , ദേവലോകം എന്നിവയാണ് ചെറുകാടിന്റെശ്രദ്ദേയമായ മറ്റു നോവലുകള്‍. നമ്മളൊന്ന് തറവാട്, സ്നേഹബന്ധങ്ങള്‍ , മനുഷ്യ ഹൃദയങ്ങള്‍, കുട്ടിത്തമ്പുരാന്‍ , വിശുദ്ധ നുണ, ജന്മഭൂമി തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. ചെറുകാടിന്റെ ജീവിതപ്പാത എന്ന പ്രശസ്തമായ ആത്മകഥക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് .

എന്നും കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ചെറുകാട് 1914 ആഗസ്ത് 26-നു മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്തുള്ള ചെമ്മലശ്ശേരി ചെറുകാട് പിഷാരത്താണ് ജനിച്ചത്‌. കീഴീട്ടില്‍ പിഷാരത്ത് കരുണാകര പിഷാരടിയാണ് അച്ഛന്‍. അമ്മ നാരായണി പിഷാരസ്യാര്‍ . ലക്ഷ്മി പിഷാരസ്യാര്‍ ആണ് ഭാര്യ .

ചെറുകാട് ഗോവിന്ദ പിഷാരോടി എന്നാണ് ചെറുകാടിന്റെ പൂര്‍ണ്ണ നാമധേയം. കുടിപ്പള്ളിക്കൂടത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സംസ്കൃതം, വൈദ്യം എന്നിവ ഹൃദിസ്ഥമാക്കി. തുടര്‍ന്ന് മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നു മലയാളം വിദ്വാന്‍ പരീക്ഷ വിജയിച്ച ശേഷം വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു . പിന്നീട് പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി സര്‍ക്കാര്‍ സംസ്കൃത കോളേജിലും മലയാള ഭാഷാധ്യാപകനായി.

ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ്സില്‍ തല്പ്പരനായിരുന്നുവെങ്കിലും അധികം വൈകാതെ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി ജീവിതാന്ത്യം വരെ ആ പ്രസ്ഥാനത്തിനായി പ്രയത്നിച്ചു . കടുത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ചെറുകാട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുറച്ചു കാലം ഒളിവില്‍ കഴിയേണ്ടി വന്ന ചെറുകാടിനു ഒരവസരത്തില്‍ ജോലിയും നഷ്ടമായി.

മലബാറില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ചെറുകാട് നല്‍കിയ സംഭാവനകള്‍ക്ക് കണക്കില്ല.

വിപ്ലവാത്മകവും സാമൂഹിക പ്രസക്തവുമായ സാഹിത്യ പ്രവര്‍ത്തനം നടത്തിയ ചെറുകാട് 1976 ഒക്ടോബര്‍ 28-ന് അന്തരിച്ചു . ചെറുകാടിന്റെ സ്മരണ നിലനിര്‍ത്താന്‍ പെരിന്തല്‍മണ്ണ ആസ്ഥാനമായി ചെറുകാട് സ്മാരക ട്രസ്റ്റ് പ്രവര്‍ത്തിച്ചു വരുന്നു. മൂന്ന് പതിറ്റാണ്ടിലെറെയായി ചെറുകാട് സ്മാരക ട്രസ്റ്റ് വര്‍ഷംതോറും മലയാളത്തിലെ മികച്ച ഒരു സാഹിത്യ കൃതിക്ക് ചെറുകാട് സാഹിത്യ പുരസ്‌കാരം നല്‍കിവരുന്നു .

RELATED NEWS

Leave a Reply